theertha-pada-mandapam

തിരുവനന്തപുരം: പദ്മനാഭസ്വാമി ക്ഷേത്രത്തിന് സമീപത്തെ നികത്തിയ പാത്രക്കുളം ഏറ്റെടുക്കാൻ വിവിധ വകുപ്പുകൾ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കിഴക്കേകോട്ടയിലെ വെള്ളക്കെട്ടിന് പരിഹാരം കാണാൻ പാത്രക്കുളം ജലാശയമാക്കി സംരക്ഷിക്കണമെന്ന് ഓപ്പറേഷൻ അനന്തയുടെ ഭാഗമായി തീരുമാനിച്ചിരുന്നതാണ്. സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറിയ്ക്കും ഇതേ നിലപാടായിരുന്നു.

പാത്രക്കുളം നികത്തിയതിലൂടെ ജലസ്രോതസ്സുകൾ നശിച്ചെന്ന് വിവിധ പഠന റിപ്പോർട്ടുകളിൽ ചൂണ്ടിക്കാണിച്ചിരുന്നതാണ്. 1996ൽ സിറ്റിസൺ പ്രൊട്ടക്ഷൻഫോറം എന്ന സംഘടന നൽകിയ പരാതിയെ തുടർന്ന് വിജിലൻസ് അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയിരുന്നു. വെള്ളക്കെട്ടിന് പരിഹാരം കാണാൻ പാത്രക്കുളത്തിന്റെ സ്വാഭാവികത നിലനിർത്തണമെന്ന് ഇറിഗേഷൻ വകുപ്പും റിപ്പോർട്ട് നൽകി. ഉത്സവങ്ങൾ, പ്രദർശനം എന്നിവയ്ക്ക് നൽകി വാടക വാങ്ങുന്നത് വ്യവസ്ഥയുടെ ലംഘനമാണെന്ന് നിയമവകുപ്പും ചൂണ്ടിക്കാണിച്ചു.

ഭൂമി വിദ്യാധിരാജ സഭയ്ക്ക് അനുവദിച്ച ഉത്തരവ് റദ്ദാക്കി ഏറ്റെടുക്കാൻ തീരുമാനിച്ചത് 2007ലെ വി.എസ്.അച്യുതാനന്ദൻ സർക്കാരാണ്. തടയാനായി സഭ ഹൈക്കോടതിയെ സമീപിച്ചു. കോടതിവിധിയെ തുടർന്ന് ഏറ്റെടുക്കാൻ തടസമുണ്ടായി. 2019 ഡിസംബറിലെ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് റവന്യൂ സെക്രട്ടറി വീണ്ടും സഭയുടെ വാദം കേട്ടത്. ഭൂമിയുടെ അവകാശം തെളിയിക്കാൻ മതിയായ രേഖകൾ ഹാജരാക്കാൻ സഭയ്ക്ക് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.വി.വേണു ഭൂമി ഏറ്റെടുക്കാൻ ഉത്തരവിടുകയായിരുന്നു.