ഉഴമലയ്ക്കൽ: തീപിടിച്ച് വീട് പൂർണമായും നശിച്ചു. ഉഴമലയ്ക്കൽ പരുത്തിക്കുഴി അഖിൽ ഭവനിൽ സി. അനിൽകുമാറിന്റെ വീടാണ് ഇന്നലെ ഉച്ചയോടെ കത്തിനശിച്ചത്. വീട്ടിലുള്ളവർ സമീപത്തെ ക്ഷേത്രത്തിൽ ഉത്സവത്തിന് പോയ സമയത്തായിരുന്നു തീപിടിത്തം ഉണ്ടായത്. കിടപ്പുമുറിയിൽ തീപിടിച്ച ശേഷം മറ്റു മുറികളിലേക്കും പടരുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന മുഴുവൻ സാധനങ്ങളും കത്തിയമർന്നു. അലമാരയിലടക്കം തീപടർന്നതിനാൽ വസ്ത്രങ്ങൾ, ആധാർ അടക്കമുള്ള രേഖകൾ, അനിലിന്റെ പത്താം ക്ലാസിൽ പഠിക്കുന്ന മകളുടെ പരീക്ഷ ഹാൾടിക്കറ്റ്, പുസ്തകങ്ങൾ എന്നിവയും കത്തിപ്പോയി. വീടിന്റെ കോൺക്രീറ്റ് മേൽക്കൂര പൊട്ടി അടർന്നു വീണു. ചുവരുകൾ പൊട്ടിപ്പോയി. നെടുമങ്ങാട് നിന്നും രണ്ടു ഫയർ യൂണിറ്റുകളെത്തിയാണ് തീയണച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്ന് ഫയർഫോഴ്‌സ് സംഘം പറഞ്ഞു. വലിയമല പൊലീസ് കേസെടുത്തു. മൂകനും ബധിരനുമായ അനിൽകുമാറിന് പഞ്ചായത്തിൽ നിന്നും ഇ.എം.എസ് ഭവനപദ്ധതി പ്രകാരം കിട്ടിയ വീടാണിത്.