സിഡ്നി : വനിതാ ട്വന്റി 20 ലോകകപ്പിൽ ഇന്നലെ നടന്ന മത്സരങ്ങളിൽ വിജയം നേടി ബി ഗ്രൂപ്പിൽ നിന്ന് ഇംഗ്ളണ്ടും ദക്ഷിണാഫ്രിക്കയും സെമിഫൈനലിലെത്തി.
ദക്ഷിണാഫ്രിക്ക ഇന്നലെ 17 റൺസിന് പാകിസ്ഥാനെയാണ് കീഴടക്കിയത്. ആദ്യം ബാറ്റ്ചെയ്ത ദക്ഷിണാഫ്രിക്ക 136/6 എന്ന സ്കോർ ഉയർത്തിയപ്പോൾ പാകിസ്ഥാൻ 119/5 ൽ ഒതുങ്ങി.
ഇംഗ്ളണ്ട് 46 റൺസിന് വെസ്റ്റ് ഇൻഡീസിനെയാണ് കീഴടക്കിയത്.
ബി ഗ്രൂപ്പിൽ നാല് മത്സരങ്ങളിൽനിന്ന് ആറ് പോയിന്റുമായി ഇംഗ്ളണ്ടാണ് ഇപ്പോൾ ഒന്നാം സ്ഥാനത്ത്. വിൻഡീസിനെതിരെ ഒരു മത്സരം ശേഷിക്കുന്ന ദക്ഷിണാഫ്രിക്ക ആറ് പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. ബി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരാണ് സെമിയിൽ എ ഗ്രൂപ്പ് ചാമ്പ്യൻമാരായ ഇന്ത്യയുടെ എതിരാളികൾ. നാളെ ദക്ഷിണാഫ്രിക്ക-വിൻഡീസ് മത്സരം കഴിഞ്ഞാലേ ഇന്ത്യയുടെ എതിരാളികളെ അറിയാനാകൂ.