ന്യൂസിലൻഡിനെ ആദ്യ ഇന്നിംഗ്സിൽ 235 റൺസിൽ
ആൾ ഒൗട്ടാക്കി, ഇന്ത്യയ്ക്ക് ഏഴ് റൺസ് ലീഡ്
രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യയ്ക്ക് ദാരുണ ബാറ്റിംഗ്
തകർച്ച 90/6
ക്രൈസ്റ്റ് ചർച്ച് : ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റിൽ ബൗളർമാർ നേടിത്തന്ന നേരിയ ലീഡ് രണ്ടാം ഇന്നിംഗ്സിലെ ബാറ്റിംഗ് തകർച്ചയോടെ നിഷ്‌ഫലമാക്കി ഇന്ത്യൻ ബാറ്റ്‌സ്‌മാൻമാർ. രണ്ടാം ടെസ്റ്റ് രണ്ട് ദിവസം മാത്രം പൂർത്തിയാക്കിയപ്പോൾ നാല് വിക്കറ്റുകൾ മാത്രം കൈയിലിരിക്കെ ഇന്ത്യയെ സമ്പൂർണ പരമ്പര പരാജയം തുറിച്ചുനോക്കുകയാണ്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ആ ഇന്നിംഗ്സിിൽ 242 റൺസിനാണ് ആൾ ഒൗട്ടായത്. ഇന്നലെ കിവീസിന്റെ ഒന്നാം ഇന്നിംഗ്സ് 235ന് അവസാനിപ്പിച്ച് ബൗളർമാർ പ്രതീക്ഷ നൽകിയെങ്കിലും രണ്ടാംദിനം കളിനിറുത്തുമ്പോൾ ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ 90/6 എന്ന നിലയിലേക്ക് നിലംപതിച്ചുകഴിഞ്ഞു. പൃഥ്വിഷാ (14), മായാങ്ക് അഗർവാൾ (3), പുജാര (24), കൊഹ്‌ലി (14), രഹാനെ (9) എന്നിവരൊക്കെ കൂടാരം കയറിക്കഴിഞ്ഞതിനാൽ 100 കടക്കണമെങ്കിൽ പോലും ഇപ്പോൾ ക്രീസിലുള്ള ഹനുമ വിഹാരി (5), ഋഷഭ് പന്ത് (1), ഇനി വരാനുള്ള ജഡേജ എന്നിവർ പിടിച്ചുനിന്നേ മതിയാകൂ.
ആദ്യദിനം വിക്കറ്റ് നഷ്ടം കൂടാതെ 63 റൺസിലെത്തിയിരുന്ന ന്യൂസിലൻഡിനെ നാല് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ബുംറയും രണ്ട് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയും ചേർന്നാണ് തകർത്തത്. രാവിലത്തെ രണ്ടാം ഒാവറിന്റെ മൂന്നാംപന്തിൽ തന്നെ ബ്ളൻഡേലിനെ (30) എൽ.ബിയിൽ കുരുക്കി ഉമേഷാണ് തകർച്ചയ്ക്ക് തുടക്കമിട്ടത്. തുടർന്ന് ബുംറ കേൻവില്യംസണിനെയും (15), വാറ്റ്‌ലിംഗിനെയും (0) മടക്കി അയച്ചു. ടോം ലതാമിനെ (52) ക്ളീൻ ബൗൾഡാക്കി തന്റെ വേട്ട തുടങ്ങിയ ഷമി ഹെൻറി നിക്കോൾസ് (14), ജാമീസൺ (49) വാഗ്‌നർ (21), എന്നിവരെയും പുറത്താക്കി. ടെയ്‌ലറെയും (15), ഗ്രാൻഡ് ഹോമിനെയും (26) ജഡേജയാണ് തിരിച്ചയച്ചത്. സൗത്തീയെയും ബുംറ പുറത്താക്കി.
ഒരു ഘട്ടത്തിൽ 177/8 എന്ന നിലയിലായിരുന്ന കിവീസിനെ 235 ലെത്തിച്ചത് വാലറ്റത്ത് ഗ്രാൻഡ് ഹോമിന്റെയും ജാമീസണിന്റെയും വാഗ്‌നറുടെയും പോരാട്ടമാണ്. ഒൻപതാം വിക്കറ്റിൽ ജാമീസണും വാഗ്‌നറും ചേർന്ന് 51 റൺസാണ് കൂട്ടിച്ചേർത്തത്.
രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യയുടെ പ്രതീക്ഷകൾ തകർത്തത് മൂന്ന് വിക്കറ്റ് വീഴ്ത്തിയ ബൗൾട്ടും ഒാരോ വിക്കറ്റ് വീഴ്ത്തിയ സൗത്തിയും വാഗ്‌നറും ഗ്രാൻഡ് ഹോമും ചേർന്നാണ്. തുടക്കത്തിൽ തന്നെ മായാങ്കിനെ (3), എൽ.ബിയിൽ കുരുക്കി ബൗൾട്ട് പ്രഹരം നൽകി. 14 റൺസുമായി പൃഥ്വിഷാ സൗത്തിക്ക് ഇരയായി മടങ്ങി. ഗ്രാൻഡ് ഹോമിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങി കൊഹ്‌ലിയും (14), വാഗ്‌നറുടെ പന്തിൽ ബൗൾഡായി രഹാനെയും (9) മടങ്ങി. പിടിച്ചുനിൽക്കാൻ ശ്രമിച്ച പുജാരയെ (24) ബൗൾട്ട് ബൗൾഡാക്കിയതോടെ ഇന്ത്യ 84/5 എന്ന നിലയിലായി. തുടർന്ന് നൈറ്റ് വാച്ച് മാനായെത്തിയ ഉമേഷിനെയും ബൗൾട്ട് മടക്കി അയയ്ക്കുകയായിരുന്നു.
ഇന്ത്യ ഒന്നാം ഇന്നിംഗ്സ് 242
പൃഥ്വിഷാ 54, പുജാര 54, ഹനുമ വിഹാരി 55
ജാമീസൺ 5/45, സൗത്തീ 2/38, ബൗൾട്ട് 2/89
ന്യൂസിലാൻഡ് ഒന്നാം ഇന്നിംഗ്സ് 235
ലതാം 52, ജാമീസൺ 49, ബ്ളൻഡേൽ 30
ഷമി 4/81, ബുംറ 3/62, ജഡേജ 2/22
ഇന്ത്യ രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ്
പൃഥ്വിഷാ സി ലതാം ബി സൗത്തീ 14, മായാങ്ക് അഗർവാൾ എൽ.ബി ബി ബൗൾട്ട് 3, പുജാര ബി ബൗൾട്ട് 24, കൊഹ്‌ലി എൽ.ബി.ബി ഗ്രാൻഡ് ഹോം 14, രഹാനെ ബി വാഗ്‌നർ 9, ഉമേഷ് യാദവ് ബി ബൗൾട്ട് 1,
വിഹാരി നോട്ടൗട്ട് 5, ഋഷഭ് പന്ത് നോട്ടൗട്ട് 1, എക്സ്ട്രാസ് 19, ആകെ 36 ഒാവറിൽ 96/6.
വിക്കറ്റ് വീഴ്ച 1-8 (മായാങ്ക്), 2-26 (ഷാ), 3-51 (കൊഹ്‌ലി), 4-72 (രഹാനെ). 5-84 (പുജാര), 6-89 (ഉമേഷ്).
ബൗളിംഗ് : സൗത്തീ 6-2-20-1, ബൗൾട്ട് 9-3-12-3, ജാമീസൺ 8-4-18-0, ഗ്രാൻഡ് ഹോം 5-3-3-1, വാഗ്‌നർ 8-1-18-1.
ഒന്നോ രണ്ടോ മത്സരങ്ങളിൽ നല്ല സ്കോർ നേടാനായില്ലെങ്കിൽ ബാറ്റ്സ്മാൻമാരെ കുറ്റപ്പെടുത്തുന്നത് ഞങ്ങളുടെ ടീമിന്റെ സംസ്കാരമല്ല. ചിലപ്പോൾ ബൗളർമാർക്ക് മികവ് കാട്ടാനാവില്ല. ബാറ്റ്സ്മാൻമാർക്കും പിഴവുകൾ സംഭവിക്കാമല്ലോ? ഋഷഭ് പന്തും ഹനുമവിഹാരിയും ചേർന്ന് രണ്ടാം ഇന്നിംഗ്സിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് വിശ്വാസമുണ്ട്.
ജസ്‌പ്രീത് ബുംറ
ഇന്ത്യൻ ബൗളർ
7
റൺസിന്റെ ലീഡാണ് ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ നേടിയത്.
ഏഴ് വിക്കറ്റുകളാണ് ഷമിയും ബുംറയും ചേർന്ന് ഇന്നലെ വീഴ്ത്തിയത്.
38
റൺസാണ് ഇന്ത്യൻ ക്യാപ്ടൻ വിരാട് കൊഹ‌്ലിക്ക് ഇൗ പരമ്പരയിലെ നാല് ഇന്നിംഗ്സുകളിൽ നിന്നും നേടാനായത്. 2, 19,3, 14 എന്നിങ്ങനെയാണ് കൊഹ്‌ലിക്ക് സ്കോറിംഗ്.
ഇൗ പര്യടനത്തിലെ മൂന്ന് ഫോർമാറ്റുകളിലും സെഞ്ച്വറി നേടാൻ ഇന്ത്യൻ നായകന് കഴിഞ്ഞില്ല. ആദ്യ ഏകദിനത്തിൽ നേടിയ 51 റൺസാണ് പര്യടനത്തിലെ ഉയർന്ന സ്കോർ.
പറക്കും ജഡേജ
ഇന്നലെ കിവീസ് ബാറ്റ്സ്‌മാൻ നീൽ വാഗ്‌നറെ പുറത്താക്കാൻ രവീന്ദ്ര ജഡേജ സ്ക്വയർ ലെഗിൽ ഉയർന്നുചാടി കരണം മറിഞ്ഞെടുത്ത ക്യാച്ചിന്റെ ദൃശ്യം സോഷ്യൽ മീഡിയയിൽ തരംഗമായി. ഷമിയുടെ ബൗൺസർ വാഗ്‌നർ പുൾ ചെയ്തതാണ് ജഡേജ അവിശ്വസനീയമായി ഇടം കൈയിലൊതുക്കിയത്. ഗ്രാൻഡ് ഹോമിനെ ബൗൾഡാക്കിയും ടെയ്‌ലറെ ഉമേഷിന്റെ കൈയിലെത്തിച്ചും ജഡേജ ബൗളിംഗിലും തിളങ്ങി. വാറ്റ്‌ലിംഗിന്റെ ക്യാച്ചെടുത്തതും ജഡേജയാണ്.
സ്കോർ ബോർഡ്