തിരുവനന്തപുരം: സാക്ഷരതാമിഷന്റെ അനൗപചാരിക വിദ്യാഭ്യാസ പഠനകേന്ദ്രവും ലൈബ്രറിയും പ്രവർത്തനം തുടങ്ങി. സംസ്ഥാനത്താദ്യമായാണ് സർക്കാരിനു കീഴിൽ അനൗപചാരിക വിദ്യാഭ്യാസമേഖലയിൽ പഠനകേന്ദ്രവും ലൈബ്രറിയും ആരംഭിക്കുന്നത്. സാക്ഷരതാമിഷനിൽ ഇത്തരത്തിലൊരു പഠനകേന്ദ്രവും ലൈബ്രറിയും ആരംഭിച്ചത് ശ്രദ്ധേമായ നേട്ടമാണെന്ന് ഉദ്ഘാടനം ചെയ്ത മന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു. പുരോഗമന ചിന്തയുണ്ടാകണമെങ്കിൽ വായനയിലും എഴുത്തിലുമുളള സമീപനങ്ങളിൽ ശാസ്ത്രീയതയും, പക്ഷപാതിത്വവും രാഷട്രീയവുമുണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ സാക്ഷരതാ മിഷനുകളുടെ നേതൃത്വത്തിൽ പ്രസാദകരിൽ നിന്നും എഴുത്തുകാരിൽ നിന്നും സൗജന്യമായി ശേഖരിച്ച 9525 പുസ്തകങ്ങളാണ് ലൈബ്രറിയിലുള്ളത്. രചനകൾ, ലേഖനങ്ങൾ, നോവലുകൾ, ബാലസാഹിത്യ കൃതികൾ, ശാസ്ത്രം, ഗണിതം തുടങ്ങിയ മേഖലകൾ കേന്ദ്രീകരിച്ചാണ് പുസ്തകങ്ങളുടെ ക്രമീകരണം. കോഴിക്കോട് ജില്ലാ സാക്ഷരതാമിഷനുള്ള ഉപഹാരവും ജില്ലാ പ്രോജക്റ്റ് കോ-ഓർഡിനേറ്റർ അബ്ദുൽ റഷീദിനും, 14 പ്രേരക്മാർക്കുള്ള സമ്മാനങ്ങളും മന്ത്രി വിതരണം ചെയ്തു. വിരമിക്കുന്ന അസി. ഡയറക്ടർ കെ.അയ്യപ്പൻനായർ, കോഴിക്കോട് അസി.ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ രാധാകൃഷ്ണൻ എന്നിവരെ ചടങ്ങിൽ മന്ത്രി അനുമോദിച്ചു. സാക്ഷരതാമിഷൻ ഫിനാൻസ് ഓഫീസർ അജിത്കുമാർ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഡാർലി ജോസഫ്, അസി.ഡയറക്ടർ ഡോ.വിജയമ്മ തുടങ്ങിയവർ സംസാരിച്ചു.