കോവളം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനിക്കായി ഏറ്റെടുത്ത സ്ഥലത്ത് ചുറ്റുമതിൽ കെട്ടുന്നതിനെ സംബന്ധിച്ച് തർക്കം. അതിർത്തി നിർണയിച്ച് തുണൂകൾ സ്ഥാപിക്കാനെത്തിയ ജീവനക്കാരും എം. വിൻസെന്റ് എം.എൽ.എയുടെ നേതൃത്വത്തിലുള്ള സംഘവുമാണ് തർക്കതിതലേർപ്പെട്ടത് സംഭവത്തിൽ മുല്ലൂർ വാർഡ് കൗൺസിലറുടെ മകനും മുൻപഞ്ചായത്തംഗവുമായ സുജേഷിനെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു. അതിർത്തി നിർണയിച്ച് നടപടികൾ പൂർത്തിയാക്കാൻ കളക്ടറുടെ നിർദ്ദേശപ്രകാരം സ്ഥലത്തെത്തിയ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേട്ടിനോടാണ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ രോഷപ്രകടനം നടത്തിയത്. ഇന്നലെ രാവിലെ 9.30ഓടെ വിഴിഞ്ഞം തലയ്‌ക്കോടിന് സമീപം മുള്ളുമുക്ക് റോഡിലായിരുന്നു സംഭവം. തുറമുഖ കമ്പനിക്ക് വിഴിഞ്ഞം ഇന്റർനാഷണൽ സീ-പോർട്ട് ലിമിറ്റഡ് (വിസിൽ) അധികൃതർ ഏറ്റെടുത്ത് നൽകിയ 30 ഏക്കർ പുരയിടത്തിൽ ചുറ്റുമതിൽ കെട്ടുന്നതിനാണ് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേട്ട് പ്രിയ ഐ. നായരും റവന്യൂ ഉദ്യോഗസ്ഥ സംഘവും അദാനിതുറമുഖ കമ്പനിയുടെ ജീവനക്കാരും എത്തിയത്. തലയ്‌ക്കോടിന് സമീപമുളള കണ്ടെയിനർ ട്രക്ക് ടെർമിനൽ സ്ഥാപിക്കുന്നതിന് സർക്കാർ ഏജൻസിയായ വിസിൽ അധികൃതർ ഈ സ്ഥലമേറ്റെടുത്ത് നൽകിയത്. മുള്ളുമുക്കിലെ റോഡിന് വീതിയില്ലാത്തതിനാൽ റോഡിൽ സ്ഥാപിച്ചിട്ടുള്ള വൈദ്യുത തൂണുകളിൽ നിന്ന് ഒന്നരയടിയോളം സ്ഥലം വിട്ടുമാത്രമേ മതിൽകെട്ടാൻ അനുവദിക്കുകയുള്ളുവെന്ന് എം.എൽ.എ അടക്കമുള്ളവർ തർക്കിച്ചു. തുടർന്ന് തൂണ് സ്ഥാപിക്കാനായി എടുത്ത കുഴിയിലേക്ക് എം.എൽ.എ ഇറങ്ങി നിന്നു. നാട്ടുകാരും ഒപ്പം കൂടിയതോടെ സ്ഥിതി വഷളായി. കളക്ടറുടെ നിർദ്ദേശമാണ് നടപ്പിലാക്കുന്നതെന്ന് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേട്ട് വീണ്ടും അറിയിച്ചെങ്കിലും എം.എൽ.എയും നാട്ടുകാരും വഴങ്ങിയില്ല. തുടർന്ന് കളക്ടറുടെ നിർദ്ദേശപ്രകാരം വൈദ്യുത തൂണിൽ നിന്ന് 45 സെന്റിമീറ്റർ വിട്ട് അതിർത്തി നിർണയിച്ച് മതിൽകെട്ടാമെന്ന് ഉറപ്പ് നൽകിതോടെയാണ് ജനപ്രതിനിധി അടക്കമുള്ളവർ പിൻവാങ്ങിയത്.