ലോസാഞ്ചലസ് : മുൻ ലോക ഒന്നാം നമ്പർ താരം റാഫേൽ നദാലിന് എ.ടി.പി മെക്സിക്കോ ഒാപ്പൺ കിരീടം. ഇന്നലെ നടന്ന ഫൈനലിൽ സീഡ് ചെയ്യപ്പെടാത്ത താരം ടെയ്‌ലർ (ഫിറ്റ്നസിനെ 6-3, 6-2ന് കീഴടക്കിയ നദാൽ തന്റെ മൂന്നാം മെക്സിക്കൻ ഒാപ്പണാണ് സ്വന്തമാക്കിയത്. ഇൗവർഷത്തെ നദാലിന്റെ ആദ്യ കിരീടമാണിത്. കരിയറിലെ 85-ാമത്തെ കിരീടവും . കഴിഞ്ഞമാസം ആസ്ട്രേലിയൻ ഒാപ്പണിന്റെ ക്വാർട്ടർ ഫൈനലിൽ തോറ്റശേഷം നദാൽ ആദ്യമായി ഇറങ്ങിയ ടൂർണമെന്റാണിത്.
ദുബായ് ടെന്നിസിൽ
നൊവാക്ക് ജേതാവ്
ദുബായ് : ലോക ഒന്നാം നമ്പർ ടെന്നിസ് താരം നൊവാക്ക് ജോക്കോവിച്ച് ദുബായ് ഡ്യൂട്ടി ഫ്രി ടെന്നിസ് ചാമ്പ്യൻഷിപ്പിൽ കിരീടം സ്വന്തമാക്കി. കഴിഞ്ഞ രാത്രി നടന്ന ഫൈനലിൽ ഗ്രീക്ക് യുവതാരം സ്റ്റെഫാനോസ് സിസ്റ്റിപ്പാസിനെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കുകയായിരുന്നു നൊവാക്ക്. 77 മിനിട്ട് നീണ്ട മത്സരത്തിൽ 6-3, 6-4 എന്ന സ്കോറിനായിരുന്നു നൊവാക്കിന്റെ വിജയം. കഴിഞ്ഞ നവംബറിൽ നടന്ന ഡേവിസ് കപ്പ് ഫൈനലിന് ശേഷമുള്ള തുടർച്ചയായ 21-ാം വിജയമായിരുന്നു ദുബായിലെ ഫൈനലിലേത്. തന്റെ കരിയറിലെ 79-ാം കിരീടമാണ് നൊവാക്ക് സ്വന്തമാക്കിയത്.
ഖത്തർ ഒാപ്പൺ
സബലേങ്കയ്ക്ക്
ദോഹ : മുൻ ലോക ഒന്നാം നമ്പർ വനിതാ താരം പെട്രക്വിറ്റോവയെ ഫൈനലിൽ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കി ബെലറൂസുകാരി അര്യാന സബലേങ്ക ഖത്തർ ഒാപ്പൺ ടെന്നിസ് കിരീടം സ്വന്തമാക്കി. 6-3, 6-3 എന്ന സ്കോറിനായിരുന്നു സബലേങ്കയുടെ വിജയം. 21 കാരിയായ സബലേങ്കയുടെ കരിയറിലെ ആറാമത്തെ കിരീടമാണിത്. സെമിയിൽ ലോക ഒന്നാം നമ്പർ താരം ആഷ്‌ലി ബാർട്ടിയെ തോൽപ്പിച്ചാണ് ക്വിറ്റോവ ഫൈനലിലെത്തിയിരുന്നത്.