പട്യാല : ഇന്ത്യൻ അത്ലറ്റിക്സ് പരിശീലന രംഗത്തെ അതികായനായിരുന്ന ജോഗീന്ദർ സെയ്നി അന്തരിച്ചു. 90 വയസായിരുന്നു.
1970 മുതൽ 90 വരെ ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകനായിരുന്ന സെയ്നി 2004 വരെ പരിശീലന സംഘത്തിൽ തുടർന്നു. അതിനുശേഷം നിരീക്ഷകനായും സെലക്ടറായുമൊക്കെ സജീവമായിരുന്നു. പട്യാലയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പോർട്സിലും ദേശീയ ക്യാമ്പുകളിലുമൊക്കെയായി നിരവധി കായിക താരങ്ങളെയാണ് സെയ്നി അന്താരാഷ്ട്ര മെഡൽത്തിളക്കത്തിലേക്ക് കൈപിടിച്ചുയർത്തിയത്. 1962 ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഗുർബച്ചൻ സിംഗ് രൺധവയെ ഡെക്കാത്ത് ലണിലേക്ക് വഴി തിരിച്ചുവിട്ടത് സെയ്നിയാണ്. വിഖ്യാത മാരത്തോൺ താരം ശിവ്നാഥ് സിംഗടക്കം നിരവധി താരങ്ങളെ സെയ്നി പരിശീലിപ്പിച്ചിരുന്നു. 1978 ഏഷ്യൻ ഗെയിംസിൽ എട്ട് സ്വർണമടക്കം 18 മെഡലുകൾ നേടിയ ഇന്ത്യൻ ടീമിന്റെ മുഖ്യപരിശീലകനായിരുന്നു. പരിശീലന രംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് രാജ്യം 1997 ൽ ദ്രോണാചാര്യ പുരസ്കാരം നൽകി ആദരിച്ചു.
അത്ലറ്റിക്സിനെ അതിരറ്റ് സ്നേഹിച്ചിരുന്ന സെയ്നി സാബ് അവസാന കാലംവരെ അത്ലറ്റിക്സ് ഫെഡറേഷൻ ഒഫ് ഇന്ത്യയ്ക്ക് നൽകിയ സേവനങ്ങൾ അവിസ്മരണീയമാണ്.
ആദിൽ സുമരിവാല
എ.എഫ്. ഐ പ്രസിഡന്റ്