attu

തിരുവനന്തപുരം: ഭക്തസഹസ്രങ്ങളുടെ ഒരാണ്ടത്തെ കാത്തിരിപ്പിന് വിരാമിട്ട് ആറ്റുകാലമ്മയുടെ പൊങ്കാല ഉത്സവത്തിന് ഇന്നലെ തുടക്കമായി. ഇനിയുള്ള നാളുകൾ നഗരം പൊങ്കാല ഉത്സവത്തിന്റെ തിമിർപ്പിലമരും. ഇന്നലെ കാപ്പുകെട്ടി കുടിയിരുത്തിയതോടെയാണ് ആറ്റുകാൽ ഉത്സവത്തിന് ആരംഭമായത്. വൈകിട്ട് കലാപരിപാടികളുടെ ഉദ്‌ഘാടനം നടി അനുസിത്താര ഭദ്രദീപം തെളിച്ച് നിർവഹിച്ചതോടെ പ്രത്യേകം സജ്ജമാക്കിയ അംബ, അംബിക, അംബാലിക എന്നീ മൂന്ന് വേദികളിൽ ഒമ്പത് ദിനരാത്രങ്ങളിൽ അരങ്ങേറുന്ന കലാപരിപാടികൾക്കും തുടക്കമായി. ശ്രീവത്സൻ ജെ. മേനോന്റെ സംഗീത കച്ചേരിയായിരുന്നു ആദ്യ കലാപരിപാടി. തുടർന്ന് പിന്നണി ഗായകൻ നിഖിൽ മാത്യുവും സംഗീത സംവിധായകൻ ഇഷാൻ ദേവും ചേർന്ന് അവതരിപ്പിച്ച ഫ്യൂഷൻ പരിപാടിയും നടന്നു. ഗാനരചയിതാവും ചലച്ചിത്ര സംവിധായകനുമായ ശ്രീകുമാരൻ തമ്പിക്ക് ആറ്റുകാൽ അംബാ പുരസ്‌കാരം സമ്മാനിച്ചു. ഇന്ന് വൈകിട്ട് 7 ന് ആപ്പിൾ ട്രീ സിനിമാസ് അവതരിപ്പിക്കുന്ന മെലോഡിയസ് ഗാനമേളയും 9ന് ചാലക്കുടി പ്രസീദ അവതരിപ്പിക്കുന്ന നാടൻപാട്ടും നടക്കും. തുടർന്നുള്ള ദിവസങ്ങളിൽ നരേഷ് അയ്യർ, ഹരിചരൺ, സിത്താര കൃഷ്ണകുമാർ, പന്തളം ബാലൻ, വിഷ്ണു വിജയ്, ശ്രീലക്ഷ്‌മി തുടങ്ങിയവരുടെ കലാപരിപാടികൾ ഉണ്ടാകും. ഉത്സവ ദിവസങ്ങളിൽ ക്ഷേത്രത്തിൽ ഭക്തരുടെ സൗകര്യത്തിനായും തിരക്ക് നിയന്ത്രിക്കാനും പൊലീസുകാരുടെ സേവനം ഏർപ്പെടുത്തിയിട്ടുണ്ട്. പൊങ്കാല ദിവസം 3000 പൊലീസുകാർക്കാണ് സുരക്ഷാചുമതല. മൊബൈൽ ആശുപത്രി യൂണിറ്റ്, മൊബൈൽ ടോയ്‌ലെറ്റ്, ആംബുലൻസ്, ഫയർഫോഴ്സ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

 അനുമതി വാങ്ങണം

പൊങ്കാലയ്ക്കായി വരുന്ന ഭക്തജനങ്ങൾക്ക് ആഹാരവും കുടിവെള്ളവും നൽകുന്ന സംഘടനകളും റസിഡന്റ്സ് അസോസിയേഷനുകളും അടുത്തുള്ള പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് അനുമതി വാങ്ങണം. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ അനുമതിയും വേണം.


തോറ്റംപാട്ടിൽ ഇന്ന്

ദേവിയുടെ വിവാഹത്തിനുള്ള ഒരുക്കങ്ങളെക്കുറിച്ച് പാടുന്നു.

ആടകൾ ചാർത്തിയിരിക്കുന്ന ദേവിയെ സ്തുതിക്കുന്നു