ബംഗളുരു : ഐ.എസ്.എൽ ഫുട്ബാളിൽ ഇന്നലെ നടന്ന രണ്ടാം സെമിഫൈനലിന്റെ ആദ്യപാദത്തിൽ ബംഗളുരു എഫ്.സി 1-0 ത്തിന് എ.ടി.കെയെ തോൽപ്പിച്ചു. 31-ാം മിനിട്ടിൽ ഡേഷോൺ ബ്രൗണാണ് വിജയഗോൾ നേടിയത്.
ബംഗളുരുവിന്റെ തട്ടകമായ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യപകുതിയിൽതന്നെ ലീഡ് നേടാൻ ആതിഥേയർക്ക് കഴിഞ്ഞിരുന്നു. എ.ടി.കെ ഗോളി അരിന്ദം ഭട്ടാചാര്യയുടെ പിഴവ് മുതലെടുത്താണ് ബ്രൗൺ ഗോളടിച്ചത്. ബംഗളുരു നായകൻ സുനിൽ ഛെത്രിയുടെ ഹെഡറിൽ നിന്ന് യുവാനൻ തൊടുത്ത ഷോട്ട് അരിന്ദം തട്ടിയിട്ടത് പിടിച്ചെടുത്താണ് ബ്രൗൺ ഗോളാക്കി മാറ്റിയത്. 17-ാം മിനിട്ടിൽ ഡേവിഡ് വില്യംസ് ബംഗളുരു വലയിൽ പന്തെത്തിച്ചെങ്കിലും റഫറി ഒാഫ് സൈഡ് വിളിച്ചിരുന്നു.എന്നാൽ മത്സരത്തിന്റെ 83-ാം മിനിട്ടിൽ ഡേവിഡ് വില്യംസിനെ ഫൗൾ ചെയ്തതിന് നിഷുകുമാറിനെ ചുവപ്പുകാർഡിലൂടെ നഷ്ടമായത് ബംഗളുരുവിന് തിരിച്ചടിയായിട്ടുണ്ട്.
കഴിഞ്ഞ ദിവസം നടന്ന ആദ്യ സെമിഫൈനലിന്റെ ആദ്യപാദത്തിൽ ചെന്നൈയിൻ എഫ്.സി 4-1ന് എഫ്.സി ഗോവയെ കീഴടക്കിയിരുന്നു. ഗോയിയാൻ, അനിരുദ്ധ് താപ്പാ, എല്ലി സാബിയ, ചാംഗ്തെ എന്നിവരാണ് ചെന്നൈയിന് വേണ്ടി സ്കോർ ചെയ്തത്. ഗാമയാണ് ഗോവയുടെ ആശ്വാസഗോൾ നേടിയത്.