റോം: കൊറോണ സുരക്ഷാ നടപടികളുടെ പശ്ചാത്തലത്തിൽ ഇറാനിൽ 1000 ഇന്ത്യക്കാരും ഇറ്റലിയിൽ മലയാളികൾ ഉൾപ്പെടെ 85 പേരും കുടുങ്ങിക്കിടക്കുന്നു. ഇവർക്ക് കൊറോണയുണ്ടോയെന്ന് പരിശോധിക്കാൻ പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ വിദഗ്ദരെ അയച്ചിട്ടുണ്ടെന്ന് വിദേശ മന്ത്രാലയം അറിയിച്ചു. ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെങ്കിൽ ഇവരെ ഉടൻ ഇന്ത്യയിലെത്തിക്കും. കൊറോണ ജാഗ്രതയുടെ പശ്ചാത്തലത്തിൽ ഇവർക്ക് പുറത്ത് ഇറങ്ങാൻ പോലും സാധിക്കുന്നില്ല.
ഇറ്റലിയിൽ കുടുങ്ങിക്കിടക്കുന്നത് പാവിയ സർവകലാശാലയിലെ എൻജിനീയറിംഗ് വിദ്യാർത്ഥികളാണ്. ഇവരിൽ നാലുപേർ മലയാളികളാണ്. 15പേർ തമിഴ്നാട്ടിൽ നിന്നും 20 പേർ കർണ്ണാടകയിൽ നിന്നും,2പേർ ഡൽഹിയിൽ നിന്നും, 25 പേർ തെലാങ്കാനയിൽ നിന്നുള്ളവരുമാണ്. പാവിയ സർവകലാശാലയിലെ ജീവനക്കാരന് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. അദ്ധ്യാപക സ്റ്റാഫുകളിലെ 15 പേർ നിരീക്ഷണത്തിലാണ്. 17 പേർ ഇതു വരെ മരിച്ചതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അതേസമയം, ഇറാനിൽ കുടുങ്ങിയ തിരുവനന്തപുരത്ത് പൊഴിയൂരിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളെ സ്‍പോൺസർ ഭീഷണിപ്പെടുത്തുന്നതായി റിപ്പോർട്ട് ഉണ്ട്. മത്സ്യത്തൊഴിലാളികൾ തന്നെയാണ് ഇക്കാര്യം ബന്ധുക്കളെ അറിയിച്ചത്. വിസയുടെ ബാക്കി പണം നൽകാതെ നാട്ടിലേക്കയ്ക്കില്ലെന്നാണ് സ്പോൺസറുടെ ഭീഷണി. കൂടാതെ വെള്ളവും ഭക്ഷണവും നൽകില്ലെന്നും മൊബൈൽ ബന്ധം വിച്ഛേദിക്കുമെന്നും സ്‍പോൺസർ ഭീഷണിപ്പെടുത്തിയതായും മത്സ്യത്തൊഴിലാളികൾ പറഞ്ഞു. ഇറാനിലെ അസലൂരിലാണ് 23 മത്സ്യത്തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നത്. ഇതിൽ 17 പേർ മലയാളികളാണ്. പൊഴിയൂർ, വിഴിഞ്ഞം, മരിയനാട് എന്നിവിടങ്ങളിൽ നിന്നുള്ളവരാണിവർ. നാല് മാസം മുമ്പാണ് മത്സ്യബന്ധന വിസയിൽ ഇവർ ഇറാനിലേക്ക് പോയത്.
ആളുകൾക്ക് പുറത്തിറങ്ങാത്ത സ്ഥിതിയാണ്. കടകൾ അടച്ചിട്ടിരിക്കുകയാണെന്നും മത്സ്യത്തൊഴിലാളികൾ പുറത്തുവിട്ട വീഡിയോയിൽ വ്യക്തമാക്കിയിരുന്നു. ആഹാരം പോലും ലഭിക്കുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പരാതിപ്പെട്ടിട്ടുണ്ട്.
മത്സ്യത്തൊഴിലാളികളെ നാട്ടിലെത്തിക്കാൻ അടിയന്തര നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിന് കത്തയച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികളെ സഹായിക്കാനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കാൻ നോർക്കയ്ക്ക് കേരള സർക്കാർ നിർദ്ദേശം നൽകിയിരുന്നു. മത്സ്യത്തൊഴിലാളികളെ അടിയന്തരമായി നാട്ടിലേക്കെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായി നോർക്ക അധികൃതർ വ്യക്തമാക്കി.
ദുരിതം പേറിയ ജീവിതം
പന്ത്രണ്ട് പേർ അടങ്ങുന്ന മത്സ്യത്തൊഴിലാളി സംഘം നാല് മാസങ്ങൾക്ക് മുമ്പാണ് ഇറാനിലേക്ക് പോയത്. എന്നാൽ പലരും ഒന്നോ രണ്ടോ തവണ മാത്രമാണ് വീട്ടിലേക്ക് പണം അയച്ചത്. അയ്യായിരം രൂപയിൽ താഴെ മാത്രമാണ് ഇവർക്ക് വീട്ടിലേക്ക് അയയ്ക്കുവാൻ കഴിഞ്ഞിട്ടുള്ളത്. പൊഴിയൂരിൽ നിന്ന് പോയിട്ടുള്ള പലരും മുമ്പ് മീൻപിടിക്കാൻ കടലിൽ പോയിട്ടുള്ളത് ഒന്നോ രണ്ടോ തവണ മാത്രമാണ്. മീൻകിട്ടുന്നത് കുറവായതുകാരണം പലർക്കും കാര്യമായി കൂലിയും കിട്ടിയിട്ടില്ല.
രണ്ടാഴ്ച മുമ്പാണ് ഇവർ അടങ്ങുന്ന സംഘം മീൻപിടിക്കാൻ പോയത്. ലഭിച്ച മീൻ വിൽക്കുന്നതിനായി ഇവർ സൗദി, ദുബായ് മേഖലകളിലാണ് എത്തിച്ചത്. എന്നാൽ, കൊറോണഭീതി മൂലമുള്ള നിയന്ത്രണം കാരണം ഇവർക്ക് മീൻ വിറ്റഴിക്കാൻ സാധിച്ചില്ല. തുടർന്ന് മടങ്ങിയെത്തിയതിന് പിന്നാലെയാണ് ഇവർക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. കൈയിൽ കരുതിയിരുന്ന ഭക്ഷണ സാധനങ്ങൾ ഉപയോഗിച്ചാണ് ഇവർ കഴിഞ്ഞിരുന്നത്. പരിമിതമായ അളവിൽ ഉപയോഗിച്ചിരുന്ന ഭക്ഷണവും രണ്ടുദിവസം മുമ്പ് തീർന്നുവെന്നാണ് ഇവർ അറിയിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു.