kaliyoot

ചിറയിൻകീഴ്: ശാർക്കരദേവീ ക്ഷേത്രത്തിൽ എട്ടു ദിവസങ്ങളായി നടക്കുന്ന കാളീനാടകത്തിന് ഇന്ന് പരിസമാപ്തി. ഇന്നലെ വൈകിട്ട് ക്ഷേത്ര പരിസരത്ത് അരങ്ങേറിയ മുടിയുഴിച്ചിൽ കാണാൻ ആയിരങ്ങളാണ് എത്തിയത്. ക്ഷേത്രത്തിന്റെ ചുറ്റിലെ അഞ്ചുകിലോമീറ്ററോളം പ്രദേശം മുടിയുഴിച്ചിലിന് വേദിയായി. ഇവിടെയെല്ലാം ഭക്ത്യാദരവോടെ വഴിയോരങ്ങളലങ്കരിച്ചും നിറപറയും നിലവിളക്കും ഒരുക്കിയുമാണ് ദേവിയെ എതിരേറ്റത്. ദാരികനെത്തേടി അലയുന്നുവെന്ന സങ്കൽപ്പത്തിലാണ് മുടിയുഴിച്ചിൽ. ദാരികനെത്തേടി നാനാദിക്കിലും അലഞ്ഞ ദേവി നിരാശയായി ക്ഷേത്രത്തിൽ തിരിച്ചെത്തി. ഇന്ന് വൈകിട്ട് അരങ്ങേറുന്ന നിലത്തിൽപ്പോരിൽ ദാരിക നിഗ്രഹം നടത്തി തിന്മയുടെമേൽ നന്മ വിജയം കുറിക്കും.

ക്ഷേത്രത്തിന് സമീപത്തെ ചുട്ടികുത്തൽപ്പുരയിൽ നിന്ന് ഒരുക്കങ്ങൾ പൂർത്തിയാക്കി സർവാഭരണ വിഭൂഷിതയായ ദേവി ദംഷ്ട്രയും ചിലമ്പുമണിഞ്ഞ് ക്ഷേത്രത്തിലേക്ക് എത്തുന്നു. ശിവന്റെ പ്രതിനിധിയായ മേൽശാന്തി തീർത്ഥവും പ്രസാദവും കൊടുത്ത് ഭദ്രകാളിയെ അനുഗ്രഹിച്ചയയ്ക്കും. തുടർന്ന് ദേവിയുടെ തിരുമുടി തലയിലേറ്റി കിഴക്കേനട വഴി പടക്കളമായ പറമ്പിലേക്ക് ഇറങ്ങും. ഉറഞ്ഞുതുളളി ആടിത്തിമിർത്ത് ദാരിക വധത്തിന് ഒരുങ്ങുന്ന ദേവിയെ കാഴ്ചക്കാർ വെറ്റില പറത്തിയും വായ്ക്കുരവയിട്ടും സ്തുതിക്കുന്നു. തുടർന്ന് ഭദ്രകാളിയും ദാരികനും പടക്കളത്തിൽ തിമിർത്താടുന്നു. യുദ്ധത്തിന്റെ ഇടയ്ക്ക് വിശ്രമിക്കാൻ പടക്കളത്തിന്റെ തെക്ക് - വടക്ക് ഭാഗങ്ങളിൽ പ്രത്യേകം പ്രത്യേകം പറണുകൾ (തട്ട്) തീർത്തിട്ടുണ്ട്. ദേഹമാസകലം ദാരികന്റെ ശരങ്ങളേറ്റ ദേവി ക്ഷീണമകറ്റാൻ പറണിൽ കയറി അച്ഛനായ പരമശിവനെ ധ്യാനിക്കുന്നു. ദാരികന്റെ ശക്തിക്ഷയങ്ങളെക്കുറിച്ച് സൂത്രത്തിൽ മനസിലാക്കി രൗദ്രവീര്യത്തോടെ ദാരികന്റെ സമീപത്തേക്ക് ആഞ്ഞടുക്കുകയും ഘോര യുദ്ധത്തിന് ശേഷം ദാരികവധം നടത്തുകയും ചെയ്യുന്നു. ദാരികവധമെന്ന് സങ്കല്പിച്ച് കുലവാഴ വെട്ടി പ്രതീകാത്മകമായാണ് ദാരികവധം. നിഗ്രഹത്തിന് ശേഷമുളള ചടങ്ങാണ് മുടിത്താളം തുള്ളൽ. കാളിയൂട്ടിന്റെ പ്രധാന കർമ്മിയായ പൊന്നറ കൊച്ചുനാരായണ പിളളയുടെ മകൻ ഉണ്ണികൃഷ്ണൻ കലശത്തിൽ സൂക്ഷിച്ചിരുന്ന വിത്ത് അഴിച്ചെടുത്ത് കാവൽമാടത്തിൽ കാവലിരിക്കുന്ന ബ്രാഹ്മണനും ഭണ്ഡാരപ്പിളളയ്ക്കും നൽകുന്നു. ഇവർ ഈ വിത്ത് മുടിയിലിടുന്നു. അതോടെ മുടിയിറക്കമായി.