''എടോ... കള്ളം പറയുന്നോ?" ചീറിക്കൊണ്ട് സി.ഐ ഇഗ്‌നേഷ്യസ് എസ്.ഐ ബോബികുര്യനു നേർക്കു കുതിച്ചു.
ബോബി ഭയന്ന് എസ്.പി കൃഷ്ണപ്രസാദിനു പിന്നിലേക്കു മാറി.
''സ്റ്റോപ്പ്."
കൃഷ്ണപ്രസാദ് ഗർജ്ജിച്ചു.
വിജിലൻസുകാർ പെട്ടെന്ന് ഇഗ്‌നേഷ്യസിന്റ രണ്ടു കൈകളിലും പിടിച്ചു നിർത്തി.
''സാർ... ഇവനൊക്കെ എന്നെ ചതിക്കുകയാ. ഞങ്ങളൊന്നിച്ചാണ് ആ ബുള്ളറ്റുകൾ കണ്ടെടുത്തത്. അക്കാര്യം ഞാൻ ഫോണിലൂടെ സാറിനെ അറിയിക്കുകയും ചെയ്തതല്ലേ? അപ്പോൾ സാറല്ലേ പറഞ്ഞത് സംഗതി ലീക്കാകാതെ ശ്രദ്ധിക്കണമെന്ന്..."
ദേഷ്യത്തോടൊപ്പം സങ്കടവും ഉണ്ടായിരുന്നു ഇഗ്‌നേഷ്യസിന്റെ ശബ്ദത്തിൽ. അയാളുടെ കണ്ണുകൾ എസ്.പിയുടെ മുഖത്തു തറഞ്ഞുനിന്നു.
എസ്.പിയിൽ അത്ഭുതഭാവം!
''ങ്‌ഹേ. എന്താ ഈ പറയുന്നത്? എന്നെ ഇന്നലെ താൻ വിളിച്ചിരുന്നു എന്നതു നേര്. അത് പക്ഷേ ബുള്ളറ്റിന്റെ കാര്യം പറയാനായിരുന്നില്ലല്ലോ. താനിന്നലെ ജയിലിലടച്ച ആ തിരുവനന്തപുരംകാരെക്കുറിച്ച് സംസാരിക്കാനല്ലേ?"
മിഴിഞ്ഞുപോയി, ഇഗ്‌നേഷ്യസിന്റെ കണ്ണുകൾ.
എസ്.പി കൂടി അറിഞ്ഞിട്ടാണ് എല്ലാം നടന്നിരിക്കുന്നത്...
''പക്ഷേ സാർ... നമ്മൾ തമ്മിൽ സംസാരിച്ചത് എന്താണെന്ന് സൈബർ സെൽ സെക്‌ഷനിൽ നിന്ന് മനസ്സിലാക്കാമല്ലോ."
ഇഗ്‌നേഷ്യസ് വാദിച്ചു.
''അതൊക്കെ ഞാൻ വേണമെങ്കിൽ നോക്കിക്കോളാം. റിലാക്സ് ഇഗ്‌നേഷ്യസ്. ഇന്നലത്തെ സംഭവം നിങ്ങളുടെ ബുദ്ധിയെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു."
എസ്.പി വിജിലൻസുകാർക്കു നേരെ തിരിഞ്ഞു.
''നിങ്ങൾക്ക് ബാക്കി നടപടി തുടരാം."
''സാർ..."
വിജിലൻസ് സംഘം ഇഗ്‌നേഷ്യസിനെയും കൊണ്ട് വാതിൽക്കൽ എത്തിയതും കത്തുന്ന കണ്ണുകളോടെ അയാൾ തിരിഞ്ഞു. ആ നോട്ടം നേരിടാനാവാതെ ബോബികുര്യൻ തല കുനിച്ചു.
''എല്ലാവരും ഓർമ്മിച്ചോ. ഇന്നുകൊണ്ട് ഈ ലോകം അവസാനിക്കില്ല. പക്ഷേ ശിക്ഷ കിട്ടിയാലും ഇല്ലെങ്കിലും മനസ്സുകൊണ്ട് ഞാനെന്റെ കാക്കി കുപ്പായം അഴിച്ചുവയ്ക്കുന്നു. എന്റേതുപോലെ ഒരു വിധി ഒരുനാൾ നിങ്ങളെയും തേടി വരില്ലെന്ന് കരുതാനാവില്ലല്ലോ?"
വാക്കുകൾക്കിടയിൽ ഒളിഞ്ഞുകിടന്നിരുന്ന ബ്ളേഡിന്റെ മൂർച്ചയുള്ള സത്യം തൽക്കാലം എല്ലാവരും അവഗണിച്ചു.
*****
11 മണി.
പൊതുമരാമത്തു മന്ത്രി പന്തളം സുശീലൻ അല്പസമയത്തിനകം എത്തിച്ചേരുമെന്ന അനൗൺസ്മെന്റ് വാഹനം കടന്നുപോയി.
''വാടാ. മന്ത്രിയെ ഒന്നു കാണാം. ജയിപ്പിച്ചു വിട്ടുകഴിഞ്ഞാൽ വല്ലപ്പോഴുമല്ലേ അവരെയൊക്കെ നമുക്കൊന്നു കാണാൻ കിട്ടുക?"
അടുത്ത നിമിഷം അവന്റെ സെൽഫോൺ പോക്കറ്റിൽ വിറച്ചു.
സിദ്ധാർത്ഥ് അതെടുത്തു നോക്കി.
''അമ്മ..."
''എന്താ അമ്മേ?"
സാധാരണ മഹിമാമണി മകനെ വിളിക്കാറില്ല. അത്രയ്ക്ക് അത്യാവശ്യം ഉണ്ടെങ്കിലേ വിളിക്കൂ.
''മോനേ..." മഹിമാമണിയുടെ പതറിയ ശബ്ദം. ''നീ ഇവിടെ വരെ ഒന്നു വരാമോ... എനിക്കെന്തോ ഒരു തളർച്ച പോലെ..."
സിദ്ധാർത്ഥ് തിടുക്കത്തിൽ അറിയിച്ചു.
''ദാ. ഞാൻ എത്തിക്കഴിഞ്ഞു..."
''പതുക്കെ വന്നാൽ മതി കേട്ടോടാ."
അത് ശ്രദ്ധിച്ചില്ല അവൻ. ഒറ്റ കുതിപ്പിൽ ഓട്ടോയിൽ കയറി. അതിനിടെ കൂട്ടുകാരോടു വിവരം പറഞ്ഞു.
''ഞങ്ങളും കൂടി വരാമെടാ." അവർ തയ്യാറായി.
''വേണ്ടാ. വേണ്ടിവന്നാൽ ഞാൻ വിളിച്ചോളാം."
സിദ്ധാർത്ഥ് ഓട്ടോ സ്റ്റാർട്ടു ചെയ്തു. നീട്ടി ഹോണടിച്ചുകൊണ്ട് ഹെഡ്ലൈറ്റുകൾ തെളിച്ചു പാഞ്ഞുപോയി.
പെട്ടെന്നു വീണ്ടും ഫോൺ ഇരമ്പി. വേഗത കുറയ്ക്കാതെ തന്നെ ഇടം കൈകൊണ്ട് അവൻ അതെടുത്ത് കാതിലമർത്തി.
''സിദ്ധാർത്ഥേ... ശാന്തച്ചേച്ചിയാ നീയിങ്ങ് എത്താറായോ?"
അയൽക്കാരിയുടെ ശബ്ദം. അവന് ആശങ്ക മണത്തു.
''ഒരഞ്ചു മിനിട്ട് ചേച്ചീ..."
''ങാ. ചേച്ചിക്ക് തീരെ വയ്യാ. നീ പെട്ടെന്നു വാ.
കാൾ മുറിച്ചിട്ട് അവൻ ചെമ്പല്ലി സുരേഷിന്റെ ഫോണിലേക്കു വിളിച്ചു.
''എടാ. ഒരു ആംബുലൻസുമായി നിങ്ങള് പെട്ടെന്നു വരണം."
മറ്റൊന്നും പറയാതെ ഫോൺ പോക്കറ്റിലിട്ടു.
വീട്ടിലേക്കു ചെല്ലുമ്പോഴേ കണ്ടു, അയൽക്കാരിൽ ചിലർ മുറ്റത്ത് കൂടിനിൽക്കുന്നു. സിദ്ധാർത്ഥിനു നെഞ്ചിടിപ്പേറി.
ഓട്ടോ നിർത്തി ചാടിയിറങ്ങിയ അവൻ അകത്തേക്കു പാഞ്ഞു. മറ്റാരെയും ശ്രദ്ധിച്ചില്ല.
അകത്ത്....
മഹിമാമണി. അയൽക്കാരി ശാന്ത നെഞ്ചിൽ തടവുന്നുണ്ട്. മറ്റൊരാൾ ഒരു ഗ്ളാസ് വെള്ളവുമായി നിൽക്കുന്നു.
''സിദ്ധു വന്നല്ലോ..." ശാന്ത പെട്ടെന്ന് എഴുന്നേറ്റു.
''എന്താ അമ്മേ പറ്റിയത്?" അവൻ കട്ടിലിൽ ഇരുന്ന് മഹിമാമണിയുടെ തോളുകളിൽ പിടിച്ചു.
''ഒന്നുമില്ലെടാ.. ഒരു ചെറിയ നെഞ്ച് വേദന... പേടിക്കണ്ടാ."
മഹിമാമണി ചിരിക്കാൻ ശ്രമിച്ചു. പക്ഷേ അത് പാളിപ്പോയി.
''അമ്മ എണീൽക്ക്. നമുക്ക് ആശുപത്രിയിൽ പോകാം..."
അവൻ അവരെ താങ്ങിയുയർത്തി.
''അതിന്റെ കാര്യമില്ല... മാറിക്കോളും." അവർ ദുർബലമായി തടയാൻ ശ്രമിച്ചു.
നേരത്തെ അറ്റാക്ക് വന്നിട്ടുള്ള ആളാണ് മഹിമാമണി. പത്തനംതിട്ട ജനറൽ ഹോസ്പിറ്റലിലെ ഡോക്ടറുടെ ട്രീറ്റ്‌മെന്റിലുമാണ്.
''അതൊന്നും പറഞ്ഞാൽ പറ്റില്ലമ്മേ.."
അവൻ എഴുന്നേൽപ്പിച്ചിരുത്തി.
(തുടരും)