സംതിംഗ് ഇസ് റോട്ടൺ ഇൻ പൊലീസ് ഹെഡ്ക്വാർട്ടേഴ്സ് എന്നും പറഞ്ഞ് സഭയിൽ രണ്ടും കല്പിച്ച് നിന്ന പ്രതിപക്ഷ അംഗങ്ങളിൽ 'വളർത്തുദോഷം' സൃഷ്ടിച്ച ഗുരുതര വൈകല്യത്തെ മുഖ്യമന്ത്രി പിണറായി വിജയൻ കണ്ടെത്തി. സാധാരണ നിലയ്ക്ക് പാലിക്കേണ്ട മിനിമം അന്തസ് പാലിക്കാതെ ഇവിടെയിരുന്ന് ചിലത് വിളിച്ചു പറയുന്നത്, വളർന്നുവന്ന സാഹചര്യത്തിന്റെ പ്രേരണയാൽ എന്നാണ് മുഖ്യമന്ത്രി പറഞ്ഞുവച്ചത്. എന്നിട്ടും സാഹചര്യത്തിന്റെ സമ്മർദ്ദം കൊണ്ടാണോ എന്നറിയില്ല, മുഖ്യമന്ത്രിയുടെ 'വളർത്തുദോഷ' ആരോപണത്തിൽ കയറിപ്പിടിക്കാൻ പ്രതിപക്ഷത്ത് നിന്നാരും ഒരുമ്പെട്ടില്ല. ഇനിയങ്ങനെ വളർത്തുദോഷം വല്ലതുമുണ്ടോ?
സി.എ.ജി റിപ്പോർട്ടിന്റെ പിൻബലത്തിൽ പൊലീസ് ആസ്ഥാനത്തെ അഴിമതിയാരോപണമുയർത്തിയ പ്രതിപക്ഷം, ഡി.ജി.പി ലോക്നാഥ് ബെഹ്റയെ നീക്കുക, ആരോപണത്തിൽ സി.ബി.ഐ അന്വേഷണത്തിന് നിർദ്ദേശിക്കുക എന്നീ മിനിമം ഡിമാൻഡുകളിൽ ഉറച്ച് നിൽക്കാനാണ് ശ്രമിച്ചത്. സി.ബി.ഐ അന്വേഷണത്തിന്റെ പ്രശ്നമേ ഉദിക്കുന്നില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഒന്നാമത്തെ വിധിപ്രസ്താവം. പൊലീസ് മേധാവിയെ മാറ്റി നിങ്ങൾക്കാവശ്യമുള്ള ആരെയെങ്കിലും നിയമിക്കണമെന്നാണെങ്കിൽ നടക്കില്ല എന്നത് രണ്ടാമത്തെ തീർപ്പ്. ഈ വിധികൾക്ക് മേൽ അപ്പീൽഹർജിക്ക് സ്കോപ്പില്ലെന്ന് ബോദ്ധ്യമുള്ള പ്രതിപക്ഷത്തിന് ബഹളവുമായി നടുത്തളത്തിലിറങ്ങുകയല്ലാതെ മറ്റെന്ത് നിവൃത്തി! പിണറായി-ബെഹ്റ കൂട്ടുകെട്ടിന്റെ അഴിമതിയെക്കുറിച്ച് സി.ബി.ഐ അന്വേഷിക്കുകയെന്നെഴുതിവച്ച നീളൻ ബാനറുമായി നടുത്തളത്തിലിറങ്ങി അവർ മുദ്രാവാക്യം വിളി തുടങ്ങി. സാമ്പ്രദായിക താളക്രമമനുസരിച്ച് സ്പീക്കർ തുടർകാര്യങ്ങൾ പെട്ടെന്ന് തീർപ്പാക്കിയതോടെ സഭ ഇന്നലത്തേക്ക് പിരിഞ്ഞു.
സി.എ.ജി കാര്യങ്ങളെല്ലാം മുറ പോലെ എന്നാണ് മുഖ്യമന്ത്രിയുടെ ഉറച്ച നിലപാട്. സഭാചട്ടമനുസരിച്ച് റിപ്പോർട്ട് സഭയുടെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി പരിശോധിക്കട്ടെ. ഈ സുതാര്യമായ പ്രക്രിയ അറിഞ്ഞിട്ടും പ്രതിപക്ഷം വൃഥാ ആരോപണമുന്നയിക്കുന്നതിലദ്ദേഹം കുണ്ഠിതപ്പെട്ടു. വിഴിഞ്ഞത്തിന്റെ സി.എ.ജി റിപ്പോർട്ട് വന്നപ്പോൾ ഈ സുതാര്യതയുണ്ടായില്ലല്ലോയെന്ന് അടിയന്തരപ്രമേയ നോട്ടീസ് നൽകി സംസാരിച്ച പി.ടി.തോമസ് സംശയിക്കാതിരുന്നില്ല. സി.എ.ജി റിപ്പോർട്ടിലല്ല, നേരത്തേ മുതൽ ചർച്ചയായ വിഴിഞ്ഞം പദ്ധതിയിലെ അഴിമതിയിലാണ് ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിച്ചതെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.
ഇരട്ടച്ചങ്കുള്ള മുഖ്യമന്ത്രിയുടെ കാലത്ത് എം.എൽ.എ ആയതിനെ സ്വകാര്യ അഹങ്കാരമായി കൊണ്ടുനടന്നിട്ടുണ്ടെന്ന രഹസ്യം പി.ടി.തോമസ് ഇന്നലെ പുറത്തുവിട്ടു. ഇനിയാ അഹങ്കാരം കൊണ്ടുനടന്നിട്ട് കാര്യമില്ലെന്നദ്ദേഹം പറഞ്ഞില്ലെങ്കിലും ഉള്ളിലിരിപ്പ് അതുതന്നെയായിരുന്നു. ലാവ്ലിൻ കേസിൽ ഡൽഹി രാജധാനിയിലേക്ക് ബെഹ്റ പാലത്തിലൂടെ മുഖ്യമന്ത്രി സഞ്ചരിക്കുന്നത് തോമസ് കാണുന്നു. ആ പാലം തകർന്നാൽ അഗാധഗർത്തത്തിലേക്ക് പതിക്കുമെന്ന മുന്നറിയിപ്പ് തോമസ് നൽകുകയുണ്ടായി. പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ലെന്ന ഉറച്ച ഭാവത്തിലായതിനാൽ മുഖ്യമന്ത്രി ആ ഭീതിജനകമായ മുന്നറിയിപ്പിനെ അവഗണിക്കുകയുണ്ടായി. 'ഏത് ലാവ്ലിന്റെ കാര്യമാണ് പറയുന്നത്, എന്താണെനിക്ക് ശങ്കിക്കാനുള്ളത്, പിണറായി വിജയൻ എവിടെ പ്രതിയായിരിക്കുന്നു" എന്നിങ്ങനെ പിണറായി സഹജമായ പ്രതികരണങ്ങൾ അദ്ദേഹത്തിൽ നിന്നുണ്ടായി. ലാവ്ലിൻ കേസിൽ നിന്ന് പിണറായി കുറ്റവിമുക്തനായിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പിന്നെയും കുത്തിനോവിക്കാൻ നോക്കി. 'ഇന്ന് എന്റെ പേരിൽ ഒരു കേസുമില്ല. നിങ്ങൾക്ക് മോഹമുണ്ടാകും, അത് മനസിൽ വച്ചാൽ മതി" - മുഖ്യമന്ത്രി ആ ഫയലിലും തീർപ്പാക്കി.