തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പൊലീസ്, മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് ജീവനക്കാർ ഉൾക്കൊള്ളുന്ന സ്ക്വാഡുകൾ ഒരു നോഡൽ ഓഫീസറുടെ നേതൃത്വത്തിൽ 24 മണിക്കൂറും വാഹനപരിശോധന നടത്തുമെന്ന് എ.എൻ. ഷംസീറിന്റെ സബ്മിഷന് മറുപടിയായി മന്ത്രി എ.കെ.ശശീന്ദ്രൻ നിയമസഭയെ അറിയിച്ചു. കണ്ടെയ്നർ, ട്രക്കുകൾ, ടൂറിസ്റ്റ് ബസുകൾ തുടങ്ങിയവയിലെ ഡ്രൈവർമാർ ലൈൻ ഡിസിപ്ലിൻ പാലിക്കുന്നുണ്ടോ എന്നതുൾപ്പെടെ പരിശോധിക്കാനും ഇത് സംസ്ഥാന പൊലീസ് മേധാവി, ട്രാൻസ്പോർട്ട് കമ്മിഷണർ എന്നിവർ നിരീക്ഷിക്കാനും സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ദീർഘദൂര വാഹന ഡ്രൈവർമാർക്കായി ദേശീയപാതയിലും സംസ്ഥാനപാതയിലും റിഫ്രഷ്മെന്റ്/അമിനിറ്റി ബെയ്സ് ഏർപ്പെടുത്തുന്നതിനായി സ്ഥലങ്ങൾ കണ്ടെത്തുന്ന നടപടി ത്വരിതപ്പെടുത്താൻ പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തി. ട്രക്ക് ഡ്രൈവർമാരുടെ പ്രവർത്തിസമയത്തിൽ ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് പഠനം നടത്തി മാർഗരേഖ തയാറാക്കും. മോട്ടോർ വാഹന വകുപ്പ് സ്മാർട്ട് കാർഡ് (ഡ്രൈവിംഗ് ലൈസൻസ്) - ജി.പി.എസ് മുഖാന്തരം ഡ്രൈവിംഗ് സമയത്ത് ട്രക്ക് ഡ്രൈവർമാരെ മോണിറ്റർ ചെയ്യുന്നതിന് നടപടികൾ ആരംഭിക്കുന്നതിനും തീരുമാനിച്ചു. ദീർഘദൂര ഡ്രൈവിംഗിന് ഒന്നിലധികം ഡ്രൈവർമാരെ നിയോഗിക്കണമെന്ന വ്യവസ്ഥ പുനഃസ്ഥാപിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടും. ഗുരുതര ട്രാഫിക് നിയമ ലംഘനങ്ങൾക്കെതിരെ ഡ്രൈവിംഗ് ലൈസൻസ് റദ്ദ് ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചു വരുന്നുവെന്നും മന്ത്രി അറിയിച്ചു.