സ്വസ്ഥമായി കയറിക്കിടക്കാൻ സ്വന്തമായി ഒരു വീട് ഏതു കുടുംബത്തിന്റെയും ഏറ്റവും വലിയ സ്വപ്നമാണ്. എത്ര ചെറുതാണെങ്കിലും അടച്ചുറപ്പുള്ള ഒരു വീടിനായി ദാഹിക്കുന്ന പതിനായിരക്കണക്കിനു പേർ സംസ്ഥാനത്ത് ഇപ്പോഴുമുണ്ട്. കുടുംബങ്ങൾ വിഭജിക്കപ്പെട്ടുകൊണ്ടിരിക്കുന്നതിനാൽ ഭവനരഹിതർ ഒരിക്കലും ഇല്ലാതാകാൻ പോകുന്നില്ല. പുതിയ വീടുകൾക്കായി കാത്തിരിക്കുന്നവരുടെ പട്ടിക തുടർന്നു കൊണ്ടേയിരിക്കുമെന്നു സാരം. എൽ.ഡി.എഫ് സർക്കാരിന്റെ മുൻഗണനാ പദ്ധതികളിലൊന്നായ 'ലൈഫ്" പദ്ധതി സംസ്ഥാനത്തെ ഭവനരഹിതർക്ക് വീട് നിർമ്മിച്ചു നൽകാൻ വേണ്ടി രൂപകല്പന ചെയ്തതാണ്. ലൈഫ് പദ്ധതി പ്രകാരം ഇതിനകം 2,14,000 വീടുകൾ പൂർത്തിയായിട്ടുണ്ടെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. ഇത്രയും വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനം ശനിയാഴ്ച തിരുവനന്തപുരത്തു തിങ്ങിനിറഞ്ഞ സദസിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ചടങ്ങിൽ സംബന്ധിച്ച പതിനായിരക്കണക്കിനു ഗുണഭോക്താക്കളുടെ മുഖത്തു നിഴലിച്ച സന്തോഷവും ആശ്വാസവും നോക്കിയാലറിയാമായിരുന്നു ഈ സുദിനത്തിന്റെ പ്രസക്തി. അന്തിയുറങ്ങാൻ അടച്ചുറപ്പുള്ള വീടില്ലാത്തവർക്കേ അറിയൂ ചെറുതെങ്കിലും സ്വന്തമെന്നു അവകാശപ്പെടാനാകുന്ന ഒരു കൂരയുണ്ടാവുന്നതിന്റെ അഭിമാനവും സന്തോഷവും.
ലൈഫ് പദ്ധതിയുടെ ഒന്നാം ഘട്ടമാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. നിശ്ചിത മാനദണ്ഡങ്ങളുടെ പരിധിയിൽ വരുന്നവരെ ഉൾപ്പെടുത്തിയാണ് ഒന്നാം ഘട്ടം ലൈഫ് പദ്ധതി നടപ്പിലാക്കിയത്. ഇതിൽ ഉൾപ്പെടാതെ പോയവർക്കായി പുതിയ പദ്ധതി ആവിഷ്കരിച്ചു നടപ്പാക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം കൊച്ചിയിൽ ഒരു ഭവനദാനച്ചടങ്ങിൽ ഉറപ്പുനൽകിയിട്ടുണ്ട്. സംസ്ഥാനത്തൊട്ടാകെ നടത്തിയ സർവേ പ്രകാരം അഞ്ചുലക്ഷത്തിലേറെ കുടുംബങ്ങളാണ് ഭവനരഹിതരായി ഉള്ളത്. ഇവരിൽ പകുതിയോളം പേർക്കേ ഇതിനകം ലൈഫ് പദ്ധതിയനുസരിച്ച് വീട് ലഭിച്ചിട്ടുള്ളൂ. പകുതി പേർ ഇനിയും വീടിനായി കാത്തിരിക്കുകയാണ്. ഒന്നാംഘട്ട ലൈഫ് പദ്ധതിക്കായി 5851കോടി രൂപയാണ് ചെലവഴിച്ചത്. സംസ്ഥാനത്തിന്റെ വിഭവ നില വച്ചുനോക്കിയാൽ ചെറിയ തുകയൊന്നുമല്ല ഇത്. വിവിധ വകുപ്പുകളുടെയും കേന്ദ്രത്തിന്റെയും പാർപ്പിട പദ്ധതികൾ ഏകോപിപ്പിച്ചാണ് 'ലൈഫ് മിഷൻ" പദ്ധതി കൊണ്ടുവന്നത്. പദ്ധതിയുടെ രൂപഭാവങ്ങൾ ഭിന്നമാണെങ്കിലും ലക്ഷ്യം പാർപ്പിടമില്ലാത്തവർക്കു പാർപ്പിടം ലഭ്യമാക്കുക എന്നതു തന്നെയാണ്. അതിന്റെ പേരിൽ വിമർശനവും ബഹിഷ്കരണവുമൊക്കെ നടന്നത് സങ്കുചിതമായി ചിന്തിക്കുന്നതുകൊണ്ടാണ്. രണ്ടു പതിറ്റാണ്ടായി പാവപ്പെട്ടവർക്കുള്ള വിവിധ ഭവന നിർമ്മാണ പദ്ധതികൾ നടന്നുവരികയാണ്. രണ്ടു മുന്നണികളും മാറിമാറിയാണ് സംസ്ഥാനം ഭരിച്ചുകൊണ്ടിരിക്കുന്നത്. ഏതെങ്കിലും ഒരു പദ്ധതി വൈകിപ്പോയതിന്റെ പേരിൽ അന്യോന്യം കുറ്റപ്പെടുത്താൻ ആർക്കും അവകാശമില്ല. യു.ഡി.എഫ് സർക്കാർ തുടങ്ങിവച്ച പദ്ധതി പൂർത്തീകരിക്കാൻ അവസരം ലഭിക്കുന്നത് തുടർന്നു വരുന്ന എൽ.ഡി.എഫ് സർക്കാരിനായിരിക്കും. അതുപോലെ മറിച്ചുമാകാം. അതിന്റെ പേരിൽ അധിക്ഷേപിക്കാനോ നടക്കുന്നതൊക്കെ കാപട്യമാണെന്നു മുദ്രകുത്താനോ ശ്രമിക്കുന്നത് ഫലത്തിൽ ജനങ്ങളെ നിന്ദിക്കുന്നതിനു തുല്യമാണ്. ഏതു പദ്ധതിയുടെയും ഗുണഭോക്താക്കൾ ജനങ്ങളാണ്. ലൈഫ് മിഷൻ പോലുള്ള പദ്ധതിയാകുമ്പോൾ സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവർക്കാണ് ഗുണം ലഭിക്കുന്നത്. തിരുവനന്തപുരത്തു ശനിയാഴ്ച നടന്ന പൂർത്തീകരണ പ്രഖ്യാപനച്ചടങ്ങ് ബഹിഷ്കരിച്ചതിലൂടെ പ്രതിപക്ഷ നേതാക്കൾ സ്വയം ചെറുതാവുകയാണ് ചെയ്തത്. തങ്ങളുടെ ഭരണകാലത്തും ചെയ്യാമായിരുന്ന കാര്യങ്ങളാണിതൊക്കെ. അതിനു കഴിയാതിരുന്നതിന് ഇപ്പോഴത്തെ ഭരണക്കാരുടെ നേട്ടങ്ങളെ കുറച്ചുകാണേണ്ടതില്ല. എൽ.ഡി.എഫ് സർക്കാർ എഴുപതിനായിരം വീടുകളേ നിർമ്മിച്ചിട്ടുള്ളൂവെന്നും തങ്ങളുടെ ഭരണകാലത്തു തുടങ്ങിവച്ചവയാണ് മറ്റു വീടുകൾ എന്നുമാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. പദ്ധതികൾ എന്തുമാകട്ടെ 2,14,000 കുടുംബങ്ങൾക്ക് പുതുതായി വീടുകൾ ലഭിച്ചു എന്നത് അനിഷേദ്ധ്യമായ വസ്തുതയാണ്. തുടങ്ങിവച്ചത് ആരായാലും ഗുണഭോക്താക്കൾ സമൂഹത്തിലെ സാധാരണക്കാർ ആണല്ലോ. പുതിയ വീടുകളുടെ ഉടമകളിൽ എല്ലാ പാർട്ടിക്കാരും കാണും. രാഷ്ട്രീയ ചേരിതിരിവുകൾ അവരെ സംബന്ധിച്ചിടത്തോളം പ്രസക്തമാകുന്നുമില്ല.
എതിരിടലിന്റെ രാഷ്ട്രീയം കൊണ്ട് സംസ്ഥാനത്തിന് ഒരു ഗുണവുമുണ്ടാകുകയില്ലെന്ന് പലവട്ടം തെളിഞ്ഞുകഴിഞ്ഞതാണ്. എന്നിട്ടും എന്തിനുമേതിനും അതേ പാതയിലൂടെയാണ് ഇവിടത്തെ രാഷ്ട്രീയക്കാർ മുന്നോട്ടു പോകുന്നതെന്നതു വളരെ കഷ്ടമാണ്. ജനമനസുകളിൽ കയറിപ്പറ്റാൻ ഇതു മാത്രമാണ് ഉപായം എന്നു കരുതിയാകാം രണ്ടുംകെട്ട ഈ സമീപനം സ്വീകരിക്കുന്നത്. സംസ്ഥാനത്തിന്റെ വികസനവുമായി ബന്ധപ്പെട്ട പദ്ധതികളുടെ കാര്യം വരുമ്പോഴും വഴിമുടക്കുന്ന സമീപനമാണ് പൊതുവേ സ്വീകരിച്ചുകാണുന്നത്. സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും താത്പര്യങ്ങൾക്കുപരി സ്വന്തം താത്പര്യങ്ങൾക്കു പ്രാമുഖ്യം കല്പിക്കുന്നതുകൊണ്ടാണിത്. ജനങ്ങൾക്കു ഗുണകരമാകുന്ന കാര്യങ്ങളിൽ എങ്ങനെയെല്ലാം സഹകരിക്കാമെന്നാകണം ഉത്തരവാദിത്വമുള്ള ഏതൊരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെയും മനോഭാവം.