dgp-loknath-behra

തിരുവനന്തപുരം: പൊലീസ് മേധാവി സ്ഥാനത്തു നിന്ന് ലോക്‌നാഥ് ബഹ്‌റയെ മാറ്റുന്ന പ്രശ്നമില്ലെന്നും പൊലീസിന്റെ പർച്ചേസിന് മാനദണ്ഡങ്ങളും ചട്ടങ്ങളും കൊണ്ടുവരുന്നത് മന്ത്രിസഭ പരിഗണിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. പി.ടി. തോമസിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

പൊലീസിന് സാധനങ്ങൾ വാങ്ങിയതിൽ കെൽട്രോണിന് വീഴ്ചയുണ്ടോയെന്ന് വ്യവസായ വകുപ്പ് പരിശോധിക്കും. സി.എ.ജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊലീസ് മേധാവിയെ മാറ്റണമെന്ന് ആർക്കെങ്കിലും ആഗ്രഹമുണ്ടെങ്കിൽ നടക്കില്ല. പൊലീസ് വകുപ്പിൽ സാധനങ്ങൾ വാങ്ങുന്നത് സുരക്ഷാകാരണങ്ങളാലും മറ്റും വ്യത്യസ്തമാണ്. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് തുടർച്ചയായി പ്രശ്‌നങ്ങൾ വരുന്ന സാഹചര്യത്തിൽ മാനദണ്ഡങ്ങളും ചട്ടങ്ങളും എങ്ങനെയാകണമെന്ന് മന്ത്രിസഭ പരിശോധിച്ച് തീരുമാനിക്കും.
. വിവിധ ഡി.ജി.പിമാരുടെ കാലത്തെ വിവരങ്ങൾ അടങ്ങിയതാണ് സി.എ.ജി റിപ്പോർട്ട്. 2007-08ന് ശേഷം ശബരിമലയ്ക്ക് വേണ്ടി സുരക്ഷാ ഉപകരണങ്ങൾ വാങ്ങിയിട്ടില്ല. 2000ലാണ് സർക്കാർ അംഗീകൃത സമഗ്ര സേവന ദാതാക്കളായി കെൽട്രോണിനെ നിയോഗിച്ചത്.

ബുള്ളറ്റ് പ്രൂഫ് വാഹനം

പരിശോധനയ്ക്ക് ശേഷം

ബുള്ളറ്റ് പ്രൂഫ് വാഹനം വാങ്ങിയത് വ്യക്തമായ പരിശോധനകളുടെ അടിസ്ഥാനത്തിലാണ്. സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതുകൊണ്ട് ഓപ്പൺ ടെൻഡർ വിളിച്ചില്ല. സ്‌റ്റോർ പർച്ചേസ് വ്യവസ്ഥപ്രകാരം പ്രത്യേക സാഹചര്യത്തിൽ പരിമിതമായ ടെൻഡർ ആകാം. ഇത്തരം വാഹനങ്ങൾ നിർമ്മിക്കുന്ന ആറു കമ്പനികളിൽ നിന്നു ടെൻഡർ വാങ്ങി ഏറ്റവും കാര്യക്ഷമമായതേതെന്ന് പ്രത്യേക സമിതി പരിശോധിച്ചാണ് പാനസോണിക്കിനെ നിശ്ചയിച്ചത്. മറ്റു സംസ്ഥാനങ്ങളിലെ പൊലീസും ഇത് തന്നെയാണ് ഉപയോഗിക്കുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് വില്ല വാങ്ങാൻ, പൊലീസ് ക്വാട്ടേഴ്‌സിന് അനുവദിച്ച പണം വകമാറ്റിയെന്ന പ്രതിപക്ഷ ആരോപണവും മുഖ്യമന്ത്രി തള്ളി.