പ്രഭാവർമ്മയുടെ, ശ്യാമമാധവം ഉത്തമ കലാസൃഷ്ടിയാണെന്ന് കേരളത്തിലെ പ്രമുഖ സാഹിത്യകാരന്മാർ അഭിനന്ദിച്ചിട്ടുണ്ട്. എഴുത്തുകാരന് ഭാവന പ്രകടിപ്പിക്കാൻ സാദ്ധ്യതകൾ തേടാനുള്ള സ്വാതന്ത്ര്യമുണ്ട്. സമൂഹം ശ്രീകൃഷ്ണനെ ആദരിക്കുന്നത് ആനന്ദചിത്തനും പ്രേമലോലുപനും, അതിമാനുഷനുമായിട്ടാണ്. ഇത് മഹാഭാരതത്തിലെ ശ്രീകൃഷ്ണന്റെ ജീവിതത്തിലെ ഒരു ഭാഗം മാത്രമാണ്. എന്നാൽ ഗാന്ധാരീ ശാപമേറ്റ്, വേടന്റെ കൂരമ്പ് കാൽപെരുവിരലിൽ തറച്ച് മരണത്തെ മുഖാമുഖം കാണുന്ന ശ്രീകൃഷ്ണൻ തന്റെ ജീവിതത്തിൽ തനിക്കുണ്ടായ കാര്യങ്ങളെ ഒാർത്ത് ദുഃഖിക്കുന്നു. ഇത് ആദ്യത്തേതിന്റെ മറുവശമാണ്.
ദാർശനിക കാഴ്ചപ്പാടിലൂടെ കൃഷ്ണൻ തന്റെ ഇന്നലെകളെ സ്മരിച്ചു പോകുന്നത് മാത്രമാണ് പ്രഭാവർമ്മ തന്റെ ശ്യാമമാധവത്തിൽ വിശദമാക്കിയിട്ടുള്ളത്. ഇത് കൃഷ്ണനെക്കുറിച്ചുള്ള വികലമായ ചിത്രീകരണമാണെന്ന് പറയാനാവില്ല കുരുക്ഷേത്ര യുദ്ധ ശേഷം കൗരവരുടെയും ഗുരുക്കന്മാരുടെയും മരണം സംഭവിച്ചുകഴിഞ്ഞ്, രാജ്യഭാരമേറ്റെടുക്കാൻ തയ്യാറാവാത്ത പഞ്ചപാണ്ഡവരുടെ മനോഭാവം കൃഷ്ണനെ വേദനിപ്പിച്ചിരിക്കും എന്നത് സത്യമല്ലേ? അതുകൊണ്ടാണല്ലോ യുദ്ധരംഗത്ത് വച്ച് ശ്രീകൃഷ്ണൻ നൽകിയ ഗീതോപദേശം ഒന്നുകൂടെ കേൾക്കാനുള്ള താത്പര്യം പിന്നീട് അർജുനൻ അറിയിച്ചപ്പോൾ താനത് മറന്നുപോയി എന്ന് കൃഷ്ണൻ പറഞ്ഞൊഴിയുന്നത്. യുദ്ധവിജയത്തിനുശേഷം ഇൗ യുദ്ധം വേണ്ടിയിരുന്നോ എന്ന് ചിന്തിക്കുന്ന ദുര്യോധനന്റെ മനോഭാവം, ശ്രീകൃഷ്ണനെ വേദനിപ്പിച്ചിരിക്കാം എന്നതും സത്യമല്ലേ? യുദ്ധശേഷം സ്വന്തം മക്കൾ മരിച്ചുകിടക്കുന്ന യുദ്ധഭൂമിയിൽവച്ച്, ഗാന്ധാരി ശ്രീകൃഷ്ണനെ ശപിക്കുന്നത് സത്യമല്ലേ? അതിനെതിരെ കൃഷ്ണൻ ഒരു വാക്കുപോലും പറയുന്നില്ല. ഇവിടെയെല്ലാം ശ്രീകൃഷ്ണന്റെ ആത്മഭാവം പ്രകടമാവുകയാണ്. ഇക്കാര്യങ്ങളാണ് ശ്യാമമാധവത്തിൽ പ്രഭാവർമ്മ വ്യക്തമാക്കുന്നത്.
കണികാണും നേരം കമലാനേത്രന്റെ എന്ന് ആരംഭിക്കുന്ന പ്രഭാതഗീതത്തിൽ കൃഷ്ണനെക്കുറിച്ച് പറയുന്നത് ശീലക്കേടുകൾ പറഞ്ഞും ഭാവിച്ചും ഗോപസ്ത്രീകളോട് പെരുമാറുന്ന ഒരു കൃഷ്ണനെക്കുറിച്ചാണ്. കാളിന്ദിയിൽ കുളിക്കാനിറങ്ങുന്ന ഗോപകന്യകമാരുടെ ഉടുവസ്ത്രങ്ങൾ എടുത്തുകൊണ്ട് വൃക്ഷക്കൊമ്പിലിരുന്ന് ഗോപികമാരുടെ ശരീരസൗന്ദര്യം നോക്കിക്കണ്ട് ആസ്വദിക്കുന്ന കൃഷ്ണനെ ഇൗ വിമർശകർ എങ്ങനെ വിലയിരുത്തും?
ശ്യാമമാധവം ഒരു ഉത്തമ കാവ്യസൃഷ്ടിയാണ്. അതിലൊരിടത്തും കൃഷ്ണനെ മോശമായി ചിത്രീകരിച്ചിട്ടില്ല. കൃഷ്ണന്റെ നല്ല മനസിനെയും പശ്ചാത്താപത്തെയും ആദർശപരമായ വിലയിരുത്തലുകളെയും ശ്യാമമാധവത്തിൽ ഏതൊരു സഹൃദയനും കണ്ടെത്താനാവും. ചില എഴുത്തുകാർ ഇൗ ഘട്ടത്തിൽ പുലർത്തുന്ന മൗനം തികച്ചും ലജ്ജാകരവും അപഹാസ്യവുമാണ്. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ അപ്പോസ്തലന്മാരായി നടിച്ചുനടന്നിരുന്നവരുടെ ഇപ്പോഴത്തെ മൗനം അവരുടെ അസൂയയേയും അല്പത്വത്തെയും അപകർഷതാബോധത്തെയും വെളിവാക്കുന്നു