sharapova

32 വയസ്. പലരും ജീവിതം തുടങ്ങുന്ന പ്രായം. എന്നാൽ ഒരു കായികതാരത്തെ സംബന്ധിച്ചിടത്തോളം മുപ്പതുകൾ വിടപറയലിന്റേതാണ്. ചിലരെ മാറ്റിനിറുത്തേണ്ടി വരും. വിടപറച്ചിലുകൾ കായിക താരങ്ങൾക്കും കാണികൾക്കും ഒരുപോലെ സങ്കടകരമാണ്.

വനിത ടെന്നിസ് കോർട്ടിലെ വിസ്മയമായിരുന്ന റഷ്യൻ സുന്ദരി മരിയ ഷറപ്പോവ കരിയർ അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചപ്പോൾ ഗാലറി നിശബ്ദമായത് അതുകൊണ്ടാണ്.

മാർഗരറ്റ് കോർട്ടും ബില്ലി ജീൻകിംഗും ക്രിസ് എവർട്ടും മാർട്ടിന നവ്‌രത്തിലോവയും സ്റ്റെഫിഗ്രാഫും മോണിക്കാ സെലസും ഗബ്രിയേലാ സെബാറ്റിനിയുമൊക്കെ അടക്കിവാണിരുന്ന പ്രൊഫഷണൽ വനിത ടെന്നിസിൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകൾക്കിടയിലെ സുന്ദരസാന്നിദ്ധ്യമായിരുന്നു മരിയ. വന്നുപോകുന്നവരുടേതായി മാറിക്കഴിഞ്ഞ വനിതാ ടെന്നിസിൽ പുതുനൂറ്റാണ്ടിൽ തുടർച്ചയായി സാന്നിദ്ധ്യമറിയിക്കാൻ കഴിഞ്ഞത് രണ്ടുപേർക്കാണ്, അമേരിക്കക്കാരി സെറീന വില്യംസിനും അമേരിക്കയിലേക്ക് പറിച്ചുനടപ്പെട്ട റഷ്യക്കാരി മരിയയ്ക്കും. കളിക്കരുത്തിലും കണക്കിലും വില്യംസിന്റെ ഇളയമകൾ മരിയയെക്കാൾ ബഹുദൂരം മുന്നിലായിരിക്കാം. എന്നാൽ തുളച്ചുകയറുന്ന സർവ് പോലെ ആരാധക ഹൃദയങ്ങളിൽ നിറഞ്ഞത് മരിയയാണ്. കോർട്ടിലെന്നപോലെ പരസ്യപ്പലകകളിലും മരിയ പണംവാരുന്ന പറവയായി. കളിക്കളത്തിലും പുറത്തും ഏറ്റവുമധികം സമ്പാദിക്കുന്ന വനിതാ കായികതാരമായി. ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടപ്പോഴും അറിഞ്ഞുകൊണ്ട് തെറ്റ് ചെയ്തിട്ടില്ലെന്ന് കണ്ടെത്തി ശിക്ഷാ കാലാവധി കുറയ്ക്കപ്പെട്ടു. പലവട്ടം പടികടത്തിവിട്ട തോളിലെ പരിക്ക് പിന്നെയും പത്തിവിടർത്തിയപ്പോഴാണ് കളിക്കളത്തോട് എന്നെന്നേക്കുമായി ബൈ പറയാനുള്ള തീരുമാനം.

നന്ദി ആരോട് നാം പറയേണ്ടു...

മരിയയെ ടെന്നിസ് കോർട്ടിന് ലഭിച്ചതിന് ശരിക്കും നന്ദിപറയേണ്ടത് മാർട്ടിന നവ്‌രത്തിലോവയോടാണ്. ചെർണോബിൽ ദുരന്തത്തിന്റെ വിഷവിത്തുകളിൽ നിന്ന് രക്ഷതേടി ബെലറൂസിൽ നിന്ന് സൈബീരിയയിലേക്ക് പലായനം ചെയ്തവരാണ് ഷറപ്പോവയുടെ മാതാപിതാക്കൾ. മോസ്കോയിലെ ഒരു ടെന്നിസ് കളരിയിൽ ആറുവയസുകാരി മരിയയുടെ മിന്നുന്ന പ്രകടനം കണ്ട നവ്‌രത്തിലോവയാണ് മികച്ച പരിശോധനയ്ക്ക് അമേരിക്കയിലേക്ക് ക്ഷണിച്ചത്. മോസ്കോയിൽ നിന്ന് ഫ്ളോറിഡയിലേക്കുള്ള ആ യാത്രയിൽ ഇംഗ്ളീഷ് അറിയാത്ത അമ്മയ്ക്ക് വിസ ലഭിക്കാത്തതിനാൽ രണ്ടുവർഷത്തോളം പിരിഞ്ഞിരിക്കേണ്ടിവന്നു. ആദ്യമായി ഗ്രാൻസ്ളാം കിരീടം നേടിയപ്പോൾ ഗാലറിയിലേക്ക് വലിഞ്ഞുകയറി അമ്മയെ വിംബിൾഡണിന്റെ സെന്റർ കോർട്ടിലേക്ക് കൈപിടിച്ചുകൊണ്ടുവന്ന് നിറുത്തിയാണ് മരിയ അതിന് പ്രായശ്ചിത്തം ചെയ്തത്.

കീഴടക്കിയ കൊടുമുടികൾ

2003 ൽ 16-ാം വയസിൽ വൈൽഡ് കാർഡിലൂടെ വിംബിൾഡണിൽ കാലുകുത്തിയ മരിയ ആദ്യമൂന്ന് മത്സരങ്ങളും വിജയിച്ച് വിസ്മയമായി. തൊട്ടടുത്ത കൊല്ലം ആൾ ഇംഗ്ളണ്ട് ക്ളബിലെ പുൽത്തകിടിയിൽ വിംബിൾഡൺ കിരീടമുയർത്തി. 17-ാം വയസിൽ കന്നി ഗ്രാൻസ്ളാം കിരീടമുയർത്തിയ സുന്ദരിക്കുട്ടി കളിക്കളത്തിന്റെ മാത്രമല്ല, ഫാഷൻ ലോകത്തിന്റെയും പുതിയ മുഖമായി. 2005 ൽ ഒന്നാം റാങ്കിന്റെ സിംഹാസനത്തിലേക്കുള്ള ആരോഹണം. വനിത സിംഗിൾസിൽ ഒന്നാം റാങ്കിലെത്തുന്ന ആദ്യ റഷ്യക്കാരിയായിരുന്നു മരിയ. 2012 വരെ പലവട്ടം ഒന്നാം റാങ്ക് തേടിയെത്തി. 17 വർഷത്തോളം നീണ്ട കരിയറിൽ അഞ്ച് ഗ്രാൻസ്ളാം കിരീടങ്ങൾ മാത്രമേ മരിയ നേടിയിട്ടുള്ളൂ. എന്നാൽ നാല് വ്യത്യസ്ത ഗ്രാൻസ്ളാമുകളും നേടി കരിയർസ്ളാം തികച്ച 10 വനിതാ താരങ്ങളിലൊരാളായി .ഷറപ്പോവയ്ക്ക് ശേഷം ആരും ആ കൊടുമുടിയിലേക്കെത്തിയിട്ടില്ല!

സെറീന എന്ന വൻമതിൽ

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകൾ ടെന്നിസ് റാണിമാരായി വാഴ്‌ത്തിയത് സെറീനയെയും ഷറപ്പോവയെയുമാണ്. കളിക്കളത്തിൽ സെറീനയുടെ അപ്രമാദിത്വത്തിന് മുന്നിൽ മാത്രമേ മരിയ ഒതുങ്ങിനിന്നിട്ടുള്ളൂ. സെറീനയ്ക്കെതിരെ ആദ്യമൂന്ന് മത്സരങ്ങളിൽ വിജയിച്ച മരിയ പിന്നീട് 19 കളികളിലാണ് തോറ്റത്. ഒടുവിൽ 2019 ലെ യു.എസ് ഒാപ്പണിൽ ഒരുമണിക്കൂർ തികച്ചെടുക്കാതെ സെറീന മരിയയെ തോൽപ്പിച്ചു കളഞ്ഞു. സെറീനയുടെ 21 ഗ്രാൻസ്ളാം കിരീടങ്ങളിൽ പലതിന്റെയും തിളക്കം കൂട്ടുന്നത് ഫൈനലിൽ കീഴടക്കിയത് മരിയയെ ആയിരുന്നു എന്നതാണ്.

കോർട്ടിൽ ഒരിക്കലുംപൊട്ടിത്തെറിച്ചിട്ടില്ലാത്ത, വികാരം കൊണ്ട് റാക്കറ്റ് അടിച്ചുപൊട്ടിച്ചിട്ടില്ലാത്ത മരിയ പക്വമായ സമീപനം കളിക്കളത്തിനു പുറത്തും തുടർന്നു.

നിഴലുപോലെ പരിക്കുകൾ

നിഴലുപോലെ ഒപ്പമുണ്ടായിരുന്ന പരിക്കുകളാണ് മരിയയെ എന്നും വിഷമിപ്പിച്ചത്. പലതവണ ശസ്ത്രക്രിയയ്ക്ക് വിധേയയായി. എന്നിട്ടും തിരികെവന്നു. 2016 ൽ ഉത്തേജക പരിശോധനയിൽ മെലഡോണിയം എന്ന നിരോധിത മരുന്നിന്റെ അംശം കണ്ടെത്തി. രണ്ടുവർഷത്തേക്കായിരുന്നു വിലക്ക് . മെലഡോണിയത്തെ ഉത്തേജക മരുന്നിന്റെ പട്ടികയിൽ പെടുത്തുന്നതിന് തൊട്ടുമുമ്പ് കഴിച്ചുകൊണ്ടിരുന്ന ഫുഡ് സപ്ളിമെന്റിലൂടെയാണ് പ്രശ്നമുണ്ടായതെന്ന് തിരിച്ചറിഞ്ഞതോടെ വിലക്ക് 15 മാസമായി കുറച്ചു. 2017 ൽ കളിക്കളത്തിലേക്ക് വീണ്ടുമെത്തി. എന്നാൽ തിരിച്ചുവരവിൽ നേടാനായത് ഒരു കിരീടം മാത്രം. പരിക്കുകൾ പിന്നെയും കൂട്ടുകൂടാനെത്തിയപ്പോൾ പഴയ മരിയയെപ്പോലെ റാക്കറ്റേന്തുക അസാദ്ധ്യമെന്നറിഞ്ഞു. പല ടൂർണമെന്റുകളിൽ നിന്നും പിന്മാറേണ്ടിവന്നു. ഒന്നാം റാങ്കിൽനിന്ന് 373-ാം റാങ്കിലേക്കുള്ള അവരോഹണത്തിനൊടുവിൽ ടെന്നിസ് ജീവിതം അവസാനിപ്പിക്കാൻ തീരുമാനമെടുത്തു.

ഷറപ്പോവയുടെ സർവുകളെ മനോഹരമാക്കിയിരുന്ന ആ ഹുങ്കാര ശബ്ദം ഇനി കോർട്ടിൽ മുഴങ്ങില്ല. എങ്കിലും അതിന്റെ അലയൊലികൾ ഇനിയുമേറെക്കാലം ആരാധക ഹൃദയങ്ങളിൽ നിറഞ്ഞുനിൽക്കും.

പണപ്പറവ

. സെറീന കഴിഞ്ഞാൽ കളിക്കളത്തിൽനിന്ന് ഏറ്റവുമധികം വരുമാനമുണ്ടാക്കിയത് മരിയയാണ്. 38.8 ദശലക്ഷം ഡോളറാണ് പ്രൈസ് മണിയായി നേടിയത്.

17-ാം വയസിലെ ആദ്യ ഗ്രാൻസ്ളാം നേട്ടത്തോടെ തന്നെ മരിയയെ മോഡലിംഗ് രംഗം ഏറ്റെടുത്തിരുന്നു.

. മോഡലിംഗ് , സ്പോൺസർഷിപ്പുകളിലൂടെ പ്രൈസ് മണിയുടെ പതിന്മടങ്ങാണ് സമ്പാദിച്ചത്. നൈക്കിയിൽ നിന്നുമാത്രം 70 ദശലക്ഷം ഡോളറിന്റെ കരാറുണ്ടായിരുന്നു. പോർഷെ, ടഗ് ഹ്യൂവർ തുടങ്ങിയ ബ്രാൻഡുകളുടെ മോഡലുമായിരുന്നു മരിയ.

. തുടർച്ചയായ 11 വർഷമാണ് ഫോബ്സ് മാഗസിന്റെ ഏറ്റവും വരുമാനമുള്ള കായിക താരങ്ങളുടെ പട്ടികയിൽ ഒന്നാംസ്ഥാനം അലങ്കരിച്ചത്.

. ബിസിനസിലും സ്വന്തം ഇടമുണ്ട് . 'ഷുഗർപോവ" എന്ന ചോക്ളേറ്റ് ബ്രാൻഡും ഷുഗർ ഗൂപ്പ് എന്ന സൺസ്ക്രീൻ ബ്രാൻഡും മരിയ ഷറപ്പോവയുടേതാണ്, .

പ്രണയപ്പറവ

. കളിക്കളത്തിലെ സൗന്ദര്യ റാണിയെ തേടി നിരവധി കാമുക ശലഭങ്ങളുമുണ്ടായിരുന്നു.

18-ാം ജന്മദിനാഘോഷത്തിൽ കായികതാരം ആദം ലെവിനേയോടുള്ള പ്രണയരഹസ്യം വെളിപ്പെടുത്തപ്പെട്ടു.

. 2006 ലെ യു.എസ് ഒാപ്പണിനിടെ പുരുഷ ടെന്നിസ് താരം ആൻഡി റോഡിക്കുമായി പ്രണയമാരംഭിച്ചെങ്കിലും വൈകാതെ പിരിഞ്ഞു.

. ബാസ്കറ്റ് ബാൾ താരം സാഷ വുയാകിച്ചുമായി മൂന്നുവർഷത്തെ പ്രണയത്തിലെത്തും മുമ്പ് അല്പനാൾ ചാർലി എബർസോളായിരുന്നു കൂട്ടുകാരൻ.

. 2010 ൽ സാഷയും മാഷയും വിവാഹനിശ്ചയം നടത്തിയെങ്കിലും രണ്ടുകൊല്ലത്തിനുശേഷം പിരിഞ്ഞു.

. ശേഷം ടെന്നിസ് താരം ഗ്രിഗോർ ഡിമിത്രോയുമായി അല്പകാലം പ്രണയത്തിലായിരുന്നു.

. ബ്രിട്ടീഷ് ബിസിനസുകാരൻ അലക്‌സാണ്ടർ ഗിൽക്കീസാണ് ഇപ്പോഴത്തെ കൂട്ടാളി.

28 വർഷമായി ടെന്നിസ് മാത്രമായിരുന്നു എന്റെ ലോകം. വളവും തിരിവും താഴ്‌വാരങ്ങളും ഇറക്കങ്ങളുമൊക്കെയുള്ള പർവതാരോഹണം. കിരീടങ്ങളുടെ കൊടുമുടിയിൽ നിന്ന് നോക്കുമ്പോഴാണ് ഞാൻ കയറിവന്ന പാതയുടെ സൗന്ദര്യം മനസിലാകുന്നത്. ഇനി ഇൗ പർവതാരോഹണത്തിന് ഞാനില്ല. മറ്റേതെങ്കിലുമൊരു വഴിയേ ഇനിയുമേറെ സഞ്ചരിക്കണം.

----- മരിയ ഷറപ്പോവ

5

അഞ്ച് ഗ്രാൻസ്ളാം കിരീടങ്ങളാണ് ഷറപ്പോവ നേടിയിരിക്കുന്നത്.

36

കരിയറിൽ ആകെ 36 കിരീടങ്ങൾ.

1

ഒന്നാം റാങ്കിലെത്തുന്ന ആദ്യ റഷ്യക്കാരി

373

373 -ാം റാങ്കുകാരിയായി പടിയിറക്കം.