cm

തിരുവനന്തപുരം: ലാവ്‌ലിൻ കേസിനെച്ചൊല്ലി നിയമസഭയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മിൽ വാദപ്രതിവാദം. ലാവ്‌ലിൻ കേസ് അവസാനിച്ചിട്ടില്ലെന്നും സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞപ്പോൾ, തനിക്കെതിരെ അത്തരത്തിൽ ഒരു കേസും നിലവിലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചടിച്ചു.
നേരത്തേ, സി.എ.ജി റിപ്പോർട്ടിൽ അടിയന്തിരപ്രമേയത്തിന് അവതരണാനുമതി തേടിയ പി.ടി. തോമസാണ് വിഷയം ഉയർത്തിയത്. ലാവ്‌ലിൻ കേസിൽ രാജധാനിയിലേക്ക് പിണറായി വിജയന് യാത്ര ചെയ്യാനുള്ള പാലമാണ് ലോക്‌നാഥ് ബെഹ്‌റയെന്ന് അദ്ദേഹം ആരോപിച്ചു. 'ഏത് ലാവ്‌ലിന്റെ കാര്യമാണ് നിങ്ങൾ പറയുന്നത്' എന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. 'എനിക്കതിൽ എന്താണ് ശങ്കിക്കാനുള്ളത് ? വിചാരണക്കോടതിയാണ് കേസ് പരിശോധിച്ച് ഒന്നുമില്ലെന്ന് പറഞ്ഞ് തള്ളിയത്. അതൊരു ജുഡീഷ്യൽ തീരുമാനമാണ്. ഹൈക്കോടതിയിൽ പോയി. അവിടെയും തള്ളി. ആ കേസിൽ പിണറായി എന്ന വ്യക്തി എവിടെയാണ് ഇപ്പോൾ ഉള്ളത്?.. നിങ്ങൾക്ക് മോഹങ്ങൾ കാണും. അത് എങ്ങനെ തിരിച്ചടിക്കുമെന്ന് ബോദ്ധ്യപ്പെടും.' മുഖ്യമന്ത്രി പറഞ്ഞു.
എന്നാൽ, ലാവ്‌ലിൻ കേസിൽ പിണറായി വിജയൻ പൂർണ്ണമായി കുറ്റവിമുക്തനായിട്ടില്ലെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ വാദം. സി.ബി.ഐ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയിരിക്കുകയാണ്. വിചാരണ കൂടാതെ ആരെയും കുറ്റവിമുക്തനാക്കാൻ സുപ്രീംകോടതി അനുവദിക്കില്ല. ലാലു പ്രസാദ് യാദവിന്റെ കേസിൽ കീഴ്‌ക്കോടതികൾ അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയപ്പോൾ സുപ്രീംകോടതി വിചാരണ ചെയ്ത് ശിക്ഷിച്ചു. ലാവ്‌ലിൻ കേസിൽ പിണറായിയെ കുറ്റവിമുക്തനാക്കിയിട്ടില്ലെന്നും രമേശ് പറഞ്ഞു.
എന്നാൽ,. ഇന്ന് തന്റെ പേരിൽ ഒരു കേസുമില്ലെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു. 'അതിനെതിരെ നിങ്ങൾ ഈ പറയുന്ന സി.ബി.ഐ തന്നെയാണ് ഹൈക്കോടതിയിൽ പോയത്, അവർ പറഞ്ഞതെല്ലാം കേട്ടിട്ടാണ് അവിടെ കേസ് തള്ളിയത്.അവരാണ് സുപ്രീംകോടതിയിൽ പോയിരിക്കുന്നത്. അവിടെ അങ്ങനെ വരുമെന്നത് നിങ്ങളുടെ ആഗ്രഹമാണ്. എന്നാൽ എനിക്ക് ഒരാശങ്കയുമില്ല- പിണറായി പറഞ്ഞു.