തിരുവനന്തപുരം:കമ്പ്യൂട്ടർ ലാബും ക്ലാസ്‌തല ലൈബ്രറിയുമൊക്കെയായി സംസ്ഥാനത്തെ വിദ്യാലയങ്ങൾ
അന്താരാഷ്ട്ര നിലവാരത്തിലാകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ 'സർഗവായന, സമ്പൂർണ വായന' സമ്പൂർണ ക്ലാസ് റൂം ലൈബ്രറിയുടെ പ്രഖ്യാപന പ്രസംഗത്തിൽ സംസാരിക്കുകയായിരുന്നു.
ജില്ലയിലെ സ്‌കൂളുകളിൽ സമ്പൂർണ ക്ലാസ് റൂം ലൈബ്രറി സജ്ജമാക്കിയ തലസ്ഥാനത്തിന്റെ പദ്ധതി ഒരു നല്ല തുടക്കമാണ്. ഇതേ മാതൃക സംസ്ഥാനമാകെ വ്യാപിപ്പിക്കും.
വായനയെ പ്രോത്സാഹിപ്പിക്കാൻ തുടങ്ങിയ പദ്ധതി കുട്ടികൾക്ക് പുതിയ ദിശാബോധം നൽകും. ജില്ലാ ലൈബ്രറി കൗൺസിൽ പ്രാദേശിക ലൈബ്രറികളുമായി സഹകരിച്ച് വിലയേറിയ ബുക്കുകൾ സ്‌കൂളിന് നൽകും. അവ വായന കഴിഞ്ഞ് തിരിച്ചേൽപ്പിക്കാവുന്ന തരത്തിലായിരിക്കും.
മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. സബ് ജില്ലാതലത്തിൽ ഏറ്റവും കൂടുതൽ ബുക്കുകൾ ശേഖരിച്ച സ്‌കൂളുകൾക്കുള്ള പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, മേയർ കെ. ശ്രീകുമാർ, ജില്ലാപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.പി. മുരളി, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി. രഞ്ജിത്ത്, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.കെ. പ്രീജ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഡോ.സി.എസ്. ഗീതാ രാജശേഖരൻ, ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. രാജ്‌മോഹൻ, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് ആർ.സുഭാഷ് എന്നിവർ സംസാരിച്ചു. ജില്ലാപഞ്ചായത്തിന്റെ പദ്ധതിയായ സെല്ലുലോയ്ഡിൽ കുട്ടികൾ നിർമ്മിച്ച ഹ്രസ്വ ചിത്രങ്ങൾ പ്രദർശിപ്പിച്ചു.