വക്കം: നിയമാനുസരണമല്ലെന്നാരോപിച്ച് വക്കം ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ അടിയന്തര യോഗം കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷം ബഹിഷ്കരിച്ചു. പ്രതിപക്ഷ മെമ്പർ മാരെ അറിയിക്കാതെ ചേർന്ന യോഗം അസാധുവാണെന്നും അതിനാൽ തങ്ങൾ പങ്കെടുക്കില്ലെന്നും പ്രതിപക്ഷ അംഗങ്ങൾ പറഞ്ഞു. ഇന്നലെ വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി യോഗം ചേർന്ന ശേഷം പ്രസിഡന്റ് ഗ്രാമപഞ്ചായത്ത് യോഗം ചേരുകയാണന്നറിയിച്ചു. എന്നാൽ തങ്ങളെ യോഗത്തിന്റെ വിവരമോ അജണ്ടയോ അറിയിക്കാത്ത യോഗത്തിൽ തങ്ങൾ പങ്കെടുക്കുന്നില്ലെന്ന് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിഷ്ണു പറഞ്ഞു. പ്രസിഡന്റും സെക്രട്ടറിയും തയ്യാറാക്കിയ ഭരണ സമിതി യോഗം നിയമാനുസരണമല്ലന്നും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എൻ. ബിഷ്ണു അറിയിച്ചു. എന്നാൽ ഗ്രാമ പഞ്ചായത്തിന്റെ അടിയന്തര യോഗം ഭരണ-പ്രതിപക്ഷത്തെ എല്ലാ അംഗങ്ങളെയും ഇ മെയിൽ വഴി അറിയിച്ചിരുന്നതായി പ്രസിഡന്റ് വേണുജി അറിയിച്ചു.