തിരുവനന്തപുരം: അവിനാശി അപകടവും അധികൃതരുടെ കണ്ണ് തുറപ്പിക്കുന്നില്ല, ബൈപാസിൽ തിരുവല്ലം ഭാഗത്ത് വൺവേ തെറ്റിച്ച് വാഹനങ്ങളുടെ തോന്ന്യാസപ്പാച്ചിൽ തുടരുകയാണ്. വൺവേ പാലിക്കണമെന്ന ഒരു ബോർഡു പോലും തിരുവല്ലത്തു നിന്നും കോവളം ഭാഗത്തേക്കുള്ള റോഡിൽ സ്ഥാപിക്കാൻ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല. ബൈപാസ് വഴി വരുന്നവയിൽ അമ്പലത്തറ, കമലേശ്വരം ഭാഗത്തേക്കു പോകേണ്ട വാഹനങ്ങളാണ് തിരുവല്ലത്തിന് സമീപം വച്ച് വൺവേ തെറ്റിച്ച് വലതുവശത്തെ റോഡിലേക്ക് കയറുന്നത്. വലിയ കൂട്ടിയിടികൾ പലതും ഭാഗ്യം കൊണ്ടാണ് ഒഴിവാകുന്നത്. ട്രക്കുകളും ബസുകളുമെല്ലാം ഇങ്ങനെ വൺവേ തെറ്റിച്ചാണ് പോകുന്നത്.
വാഹനം ഓടിക്കുന്നവരാണത്രേ കുഴപ്പം ഉണ്ടാക്കുന്നത്
കോവളം ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ തിരുവല്ലത്തു നിന്നു വൺവേ തെറ്റിച്ച് പോകുന്നത് ഡ്രൈവർമാരുടെ സ്വന്തം ഇഷ്ടപ്രകാരമാണെന്നും അത് അനുവദിച്ചില്ലെങ്കിൽ അവർ പ്രശ്നമുണ്ടാക്കുമെന്ന മുട്ടാപ്പോക്ക് ന്യായമാണ് ട്രാഫിക് പൊലീസ് അധികൃതരുടെ ഭാഗത്ത് നിന്നു ഉണ്ടായിരിക്കുന്നത്. അമ്പലത്തറ ഭാഗം വഴി കടന്നുപോകുന്നവർക്ക് വൺവേ തെറ്റിക്കാതെ കുമരിച്ചന്ത വഴി കടന്നുപോകാം, അതുമല്ലെങ്കിൽ വാഴമുട്ടത്ത് നിന്നു വലത്തോട്ട് തിരിഞ്ഞ് പൊതുമരാമത്ത് വകുപ്പ് റോഡുവഴി പോകാം. 'വൺവേ തെറ്റിക്കരുത് " എന്നു പറഞ്ഞാൽ തീരുന്ന പ്രശ്നത്തെ പൊലീസ് തന്നെ വഷളാക്കുകയാണ്.
പഴവങ്ങാടിയിലെ വൺവേയെങ്കിലും ഓർക്കണ്ടേ
പഴവങ്ങാടിയിൽ നിന്നു സുന്ദരവിലാസം കൊട്ടാരത്തിലേക്കുള്ള റോഡിൽ പത്തരമീറ്ററു പോലുമില്ലാത്ത ദൂരത്ത് ഒരുവൺവേയുണ്ട്. എന്താണ് ഈ വൺവേയുടെ ഉദ്ദേശ്യമെന്ന് അതുവഴി പോകുന്ന ആർക്കും പിടിത്തമില്ല. എങ്കിലും ഇടയ്ക്കിടെ പൊലീസ് അവിടെയെത്തി വൺവേ തെറ്റിക്കുന്നവർക്ക് പിഴ ചുമത്താറുണ്ട്.
പാലം വരുന്നതുവരെ കാത്തിരിക്കണോ?
തിരുവല്ലത്ത് പൊതുമരാമത്ത് റോഡിനു മാത്രമായി ഒരു പാലം നിർമ്മിക്കണമെന്ന ആവശ്യം നാഷണൽ ഹൈവേ അതോറിട്ടിയോട് പൊലീസും കത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. അപ്പോഴേക്കും എല്ലാ പ്രശ്നങ്ങളും തീരുമത്രേ. വൺവേ തെറ്റിക്കലും പുതിയ പാലവും തമ്മിൽ ബന്ധമില്ലെന്നത് മനപ്പൂർവം മറക്കുന്നതുപോലെ. പാച്ചല്ലൂർ, വണ്ടിത്തടം ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ ഇപ്പോൾ ബൈപാസിന്റെ കൂടി ഭാഗമായ പാലത്തിലൂടെ കടക്കാതെ പോകാനാണ് പുതിയ പാലം.