തിരുവനന്തപുരം: സംവരണം ഏർപ്പെടുത്താൻ സംസ്ഥാന സർക്കാരുകൾ നിർബന്ധിതരല്ലെന്നും സംവരണം ആവശ്യപ്പെടാൻ പൗരന്മാർക്ക് മൗലികാവകാശമില്ലെന്നുമുള്ള സുപ്രീംകോടതി വിധിയിൽ സംസ്ഥാനത്തെ പട്ടികജാതി പട്ടികവർഗക്കാർ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് മന്ത്രി എ.കെ.ബാലൻ നിയമസഭയെ അറിയിച്ചു. ഉത്തരാഖണ്ഡിൽ ഉദ്യോഗക്കയറ്റത്തിന് സംവരണം അനുവദിച്ചില്ലെന്ന വിഷയത്തിലുള്ള കോടതി വിധി പുരുഷൻ കടലുണ്ടിയാണ് ശ്രദ്ധക്ഷണിക്കലായി സഭയിൽ അവതരിപ്പിച്ചത്. പട്ടികജാതി പട്ടികവർഗക്കാർക്ക് ഭരണഘടന അനുശാസിക്കും പ്രകാരമുള്ള സംവരണം നിയമനങ്ങളിൽ ഏർപ്പെടുത്തുന്നതിനാവശ്യമായ ചട്ടങ്ങൾ കേരളസ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് സർവീസസ് റൂൾസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ പ്രാതിനിധ്യക്കുറവ് പ്രത്യേകം അവലോകനം ചെയ്ത് സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് വഴി നികത്തിവരുന്നുമുണ്ട്. അതിനാൽ ഇത് സംബന്ധിച്ച് ഇപ്പോൾ ആശങ്കയ്ക്ക് വകയില്ലെന്നും മന്ത്രി പറഞ്ഞു.