road

വെള്ളനാട്: ചാങ്ങ – പുനലാൽ – ചക്കിപ്പാറ റോഡ് നവീകരണ ജോലികൾ പാതിവഴിയിൽ. മൂന്നര‌ക്കിലോമീറ്റർ ദൂരം വരുന്ന റോഡിൽ മെറ്റൽ പാകി റോഡ് വീതി കൂട്ടിയിരുന്നു. ഇനി ആരംഭിക്കാൻ ഉള്ളത് ടാറിംഗ് ജോലികളാണ്. കുറച്ചുഭാഗം ടാറിംഗ് നടത്തിയെങ്കിലും ഇപ്പോൾ പണികൾ നിലച്ച മട്ടാണ്. പഴയ റോഡ് വീതി കൂട്ടുന്നതിനായി വശങ്ങളിൽ വൈറ്റ്മിക്സ് ഇട്ടു. ഇതിന് ശേഷം നിരന്തരമുള്ള വാഹനയാത്രയിൽ വൈറ്റ്മിക്സ് ഇളകി മെറ്റൽ നിരന്നതോടെ ഇവിടെ അപകടങ്ങൾ വർദ്ധിച്ചു. ഇരുചക്രവാഹനത്തിൽ നിന്ന് റോഡിൽ വീണ് നിരവധി പേർക്ക് ഗുരുതര പരിക്കേറ്റു. കഴിഞ്ഞ ദിവസം പുനലാൽ ഡെയിൽവ്യൂ ഹൈസ്കൂളിലെ അദ്ധ്യാപിക സ്കൂട്ടറിൽ നിന്ന് വീണ് തലയ്ക്ക് പരിക്കേറ്റിരുന്നു. വാഹനങ്ങൾ സഞ്ചരിക്കുമ്പോൾ റോഡിൽ നിന്നും ഉണ്ടാകുന്ന പൊടി പടലങ്ങളിൽ വീർപ്പുമുട്ടി കഴിയുകയാണ് പ്രദേശവാസികൾ. പൊടി ഉണ്ടാകാതിരിക്കാൻ ഇടയ്ക്കിടയ്ക്ക് റോഡ് നനയ്ക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിട്ടും അധികൃതർ അതിന് തയാറാകുന്നില്ലെന്നും നാട്ടുകാർ പറയുന്നു. അപകടങ്ങൾ പെരുകിയിട്ടും ജോലി മുടങ്ങിയ റോഡിന്റെ നവീകരണം ആരംഭിക്കാൻ പി.ഡബ്ലിയു.ഡി അധികൃതർ നടപടി സ്വീകരിക്കാത്തത് ശക്തമായ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

ടാറിംഗ് നടത്തേണ്ടത് - 5.5 മീറ്റർ വീതിയിൽ

 അനുവദിച്ചത് 3 കോടി രൂപ

ടാർ ചെയ്യേണ്ടത് 3.5 കി.മീ റോഡ്

ഇരുചക്രവാഹന അപകടങ്ങൾ നിത്യസംഭവം

പൊടിശല്യം രൂക്ഷം