കാട്ടാക്കട: കാട്ടാക്കടയിൽ വീണ്ടും പട്ടാപ്പകൽ ഗുണ്ടാ ആക്രമണം. ഇന്നലെ വൈകിട്ട് നാലോടെ കാട്ടാക്കട മാർക്കറ്റ് ജംഷനിൽ ഗുരുമന്ദിരത്തിന് സമീപത്തെ എസ്.എസ് ടയേഴ്സിലാണ് സംഭവം. തൊഴിലാളിയെയും ഉടമയെയും ആക്രമിച്ച ഇവർ കടയും അടിച്ചുതകർത്തു. കടയുടമയും എസ്.എൻ.ഡി.പി യോഗം കാട്ടാക്കട ശാഖയുടെ രക്ഷാധികാരിയുമായ കാട്ടാക്കട പുന്നവിളാകത്തുവീട്ടിൽ സുശീലൻ പണിക്കർ (65), കുറ്റിച്ചൽ കാര്യോട് നാറാണത്ത് കിഴക്കുകര പുത്തൻ വീട്ടിൽ അജിത് (35) എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. സുശീലനെ ജില്ലയിലെ സ്വകാര്യ ആശുപത്രിയിലും അജിത്തിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സുശീലന്റെ തലയ്ക്ക് ഗുരുതര പരുക്കും അജിത്തിന്റെ ഇടതുകൈയ്ക്കും കാലിനും ഒടിവുമുണ്ട്. കടയിലെത്തിയ അക്രമികൾ അജിത്തിനെ ചുറ്റിക ഉപയോഗിച്ച് അടിക്കുന്നതുകണ്ട് സ്ഥലത്തെത്തിയ കടയുടമയേയും സംഘം ക്രൂരമായി ആക്രമിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് തൂങ്ങാംപാറ സ്വദേശി വിപിനെ കാട്ടാക്കട പൊലീസ് കസ്റ്റഡിയിലെടുത്തു. രക്ഷപ്പെടുന്നതിനിടെ ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റ ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. അക്രമത്തിന്റെ ദൃശ്യങ്ങൾ സമീപത്തെ കടകളിലെ സി.സി ടി.വി കാമറകളിൽ നിന്നും പൊലീസ് ശേഖരിച്ചു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.
സംഭവത്തെപ്പറ്റി പൊലീസ്
പറയുന്നത്
--------------------------------------------
ഇന്നലെ വൈകിട്ട് നാലോടെ കാട്ടാക്കട ഗുരുമന്ദിരത്തിന് സമീപത്തെ സുശീലന്റെ ടയർ കടയിലെത്തിയ നാലംഗ അക്രമിസംഘം കടയ്ക്കുള്ളിൽ കയറി തൊഴിലാളിയായ അജിത്തിനെ ക്രൂരമായി മർദ്ദിച്ചു. ബഹളംകേട്ട് കടയുടമ സുശീലൻ വിവരം തിരക്കാനെത്തിയതോടെ അക്രമി സംഘം സുശീലന് നേരെ തിരിയുകയും സുശീലന്റെ തലയ്‌ക്കടിക്കുകയുമായിരുന്നു. അടിയേറ്റ സുശീലൻ ബോധരഹിതനായി. ഇതിനിടെ കടയ്‌ക്കുള്ളിൽ നിന്നും അജിത്ത് പുറത്തേയ്ക്കിറങ്ങിയോടി. അക്രമികൾ വീണ്ടും അജിത്തിന്റെ പിറകേ ഓടിയെങ്കിലും സമീപത്തെ കടകളിൽ നിന്നുള്ളവർ എത്തിയതോടെ അക്രമികൾ ബൈക്കുകളിൽ കയറി രക്ഷപ്പെടുകയായിരുന്നു. രണ്ടരവർഷം മുമ്പ് പ്രതികളും അജിത്തും തമ്മിലുണ്ടായ വാക്കുതർക്കത്തിന്റെ തുടർച്ചയാണ് ആക്രമണം. മറ്റ് പ്രതികൾക്കായുള്ള തെരച്ചിൽ ഊർജ്ജിതമാക്കി.