theerthapada-mandapam-

തിരുവനന്തപുരം: പദ്മനാഭസ്വാമി ക്ഷേത്രത്തിന് സമീപം തീർത്ഥപാദ മണ്ഡപം നിൽക്കുന്ന സ്ഥലത്ത് പാത്രക്കുളം കുഴിക്കുന്ന കാര്യം റവന്യൂ വകുപ്പ് ആലോചിക്കുന്നു.

ചട്ടമ്പി സ്വാമികൾക്ക് സ്മാരകം പണിയാനായി വിദ്യാധിരാജ സഭയ്ക്ക് 65 സെന്റ് ഭൂമി നൽകിയതിന് പിന്നാലെ, നേരത്തേ ഉണ്ടായിരുന്ന കുളം അവർ നികത്തുകയായിരുന്നു. ഈ ഭൂമിയും വസ്തുവകകളും സർക്കാർ കഴിഞ്ഞയാഴ്ച ഏറ്റെടുത്ത് സീൽ വച്ചിരുന്നു. സ്ഥലം സാംസ്‌കാരിക വകുപ്പിന് പരിപാടികൾ സംഘടിപ്പിക്കാൻ നൽകുന്ന കാര്യവും റവന്യൂവകുപ്പ് ആലോചിക്കുന്നുണ്ട്.

പാത്രക്കുളം നികത്തിയതിലൂടെ ജലസ്രോതസ്സുകൾ നശിച്ചെന്ന് നേരത്തെ നടന്ന പഠനങ്ങളിൽ ചൂണ്ടിക്കാണിച്ചിരുന്നതാണ്. 1996ൽ സിറ്റിസൺ പ്രൊട്ടക്ഷൻഫോറം എന്ന സംഘടന നൽകിയ പരാതിയെ തുടർന്ന് വിജിലൻസ് അന്വേഷണം നടത്തി റിപ്പോർട്ടും നൽകിയിരുന്നു. വെള്ളക്കെട്ടിന് പരിഹാരം കാണാൻ പാത്രക്കുളത്തിന്റെ സ്വാഭാവികത നിലനിർത്തണമെന്ന് ഇറിഗേഷൻ വകുപ്പും റിപ്പോർട്ട് നൽകി. ഉത്സവങ്ങൾ, പ്രദർശനം എന്നിവയ്ക്ക് നൽകി വാടക വാങ്ങുന്നത് വ്യവസ്ഥയുടെ ലംഘനമാണെന്ന് നിയമവകുപ്പും വ്യക്തമാക്കിയിരുന്നു. കിഴക്കേക്കോട്ടയിലെ വെള്ളക്കെട്ടിന് പരിഹാരം കാണാൻ പാത്രക്കുളം ജലാശയമാക്കി സംരക്ഷിക്കണമെന്ന് ഓപ്പറേഷൻ അനന്തയുടെ ഭാഗമായി തീരുമാനിച്ചിരുന്നതാണ്. സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറിയ്ക്കും ഇതേ നിലപാടായിരുന്നു.

അതേസമയം,​ സർക്കാരിന്റെ നടപടി കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് വിദ്യാധിരാജ ട്രസ്റ്റ്. ഇതോടെ വീണ്ടുമൊരു നിയമയുദ്ധത്തിന് കളമൊരുങ്ങി.

ബ.ജെ.പി നേതാവ് കുമ്മനം രാജശേഖരൻ ഇന്നലെ തീർത്ഥപാദ മണ്ഡപവും ചട്ടമ്പി സ്വാമി സ്മാരക ക്ഷേത്രവും സന്ദർശിച്ചു. അർദ്ധരാത്രിയുടെ മറവിൽ നടത്തിയ ഏറ്റെടുക്കൽ നടപടി മത സ്വാത്രന്ത്ര്യത്തോടും ആരാധനാസ്വാതന്ത്ര്യത്തോടുമുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു.