ആറ്റിങ്ങൽ: ദേശീയ അദ്ധ്യാപക അവാർഡ് ഫെഡറേഷൻ ഏർപ്പെടുത്തിയ സംസ്ഥാനതല ഗുരുശ്രേഷ്ഠ പുരസ്കാരത്തിന് തിരുവനന്തപുരം ജില്ലയിൽ നിന്ന് രണ്ടുപേർ അർഹരായി. അവനവഞ്ചേരി ഗവ. ഹൈസ്കൂൾ അദ്ധ്യാപകൻ എൻ. സാബു, വെഞ്ഞാറമൂട് ഗവ. ഹയർസെക്കൻഡറി സ്കൂളിലെ അദ്ധ്യാപകൻ എം. നിസാർ അഹമ്മദ് എന്നിവർക്കാണ് അവാർഡ്. പ്രൈമറി, സെക്കൻഡറി വിഭാഗങ്ങളിലായി പതിനേഴു പേർക്കാണ് പുരസ്കാരം ലഭിച്ചത്. അടുത്ത മാസം കൊല്ലത്തു നടക്കുന്ന ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്യും.
സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ കമ്മ്യൂണിറ്റി പൊലീസ് ഓഫീസർ കൂടിയാണ് സാബു. നിരവധി പുരസ്കാരങ്ങൾ സ്കൂളിന് നേടിക്കൊടുത്തതിനു പിന്നിൽ സാബുവിന്റെ പങ്ക് വളരെ വലുതാണ്. കുട്ടികൾക്ക് ബോധവത്കരണം നൽകുന്നതിനു വേണ്ടി രണ്ടു ഹ്രസ്വചലച്ചിത്രങ്ങൾ നിർമ്മിക്കാൻ നേതൃത്വം നൽകി. ജനിതകം എന്ന പരിസ്ഥിതി പ്രമേയ ചിത്രത്തിന് വിവിധ മേളകളിൽ പുരസ്കാരങ്ങളും ലഭിച്ചു. അദ്ധ്യാപനരംഗത്ത് ഇരുപത് വർഷം പൂർത്തിയാക്കിയ ഇദ്ദേഹത്തിന് പ്രകൃതിമിത്ര പുരസ്കാരം, കൃഷി വകുപ്പിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും വിവിധ പുരസ്കാരങ്ങൾ, സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ ജില്ലാതല മികവ് പുരസ്കാരം, ഗാന്ധിദർശൻ പുരസ്കാരം, ദ്രോണാചാര്യ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
ജീവശാസ്ത്ര അദ്ധ്യാപകനായ കണിയാപുരം സ്വദേശി എം. നിസാർ അഹമ്മദ് 2011 മുതൽ സംസ്ഥാന കോർ റിസോർസ് ഗ്രൂപ്പ് അംഗമായും വിവിധ തലങ്ങളിലെ അദ്ധ്യാപക പരിശീലകനായും പ്രവർത്തിച്ചുവരുന്നയാളാണ്. ഹൈസ്കൂൾ ക്ലാസുകളിലെ പാഠപുസ്തകങ്ങളുടേയും അദ്ധ്യാപക സഹായികളുടേയും രചയിതാവായ ഇദ്ദേഹം കുട്ടികൾക്ക് വേണ്ടിയുള്ള പഠന സഹായികളുടെ നിർമ്മാണസമിതിയംഗമാണ്. സംസ്ഥാനത്തുടനീളം ബോധവത്കരണ ക്ലാസുകൾ കൈകാര്യം ചെയ്യുന്ന നിസാർ അണ്ടൂർകോണം ഗ്രാമപഞ്ചായത്തിന്റെ വിദ്യാഭ്യാസ പരിപാടികളിലെ സജീവ സാന്നിദ്ധ്യമാണ്.
ഈ രണ്ട് അദ്ധ്യാപകരും ആറ്റിങ്ങൽ ഡയറ്റിൽ നിന്ന് ഒരുമിച്ച് അദ്ധ്യാപക പരിശീലനം പൂർത്തിയാക്കിയവരാണ്.