തിരുവനന്തപുരം: കൊറോണ ഭീതിയെ തുടർന്ന് ഇറാനിൽ കുടുങ്ങിയ മലയാളി മത്സ്യത്തൊഴിലാളികളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു.
ഇറാനിലെ അസലൂരിൽ കുടുങ്ങിയ 23 മത്സ്യത്തൊഴിലാളികളെ ഇന്ന് ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ സന്ദർശിക്കുമെന്ന് ഫിഷറീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇറാനിലെ വിവിധ സ്ഥലങ്ങളിലായി ഏകദേശം 85 മലയാളി മത്സ്യത്തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. നിലവിൽ ഇവർക്കാർക്കും ഏതെങ്കിലും വിധത്തിലുള്ള അസുഖമുള്ളതായി അറിഞ്ഞിട്ടില്ല.
എംബസി വഴി ബന്ധപ്പെട്ടപ്പോൾ ഇവരുടെ കാര്യത്തിൽ വേണ്ട നടപടികളെടുക്കുന്നുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. പുറത്തിറങ്ങാൻ പറ്റില്ലെന്നതൊഴിച്ചാൽ ഇവർക്ക് മറ്റ് പ്രശ്നങ്ങളില്ലെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ഇതിനിടെ,വിസ പണം മടക്കി നൽകണമെന്നാവശ്യപ്പെട്ട് സ്പോൺസർ ഭീഷണിപ്പെടുത്തിയതായി മത്സ്യത്തൊഴിലാളികൾ അറിയിച്ചു. മൂന്ന് ദിവസത്തിനകം പണം നൽകിയില്ലെങ്കിൽ കുടിവെള്ളം പോലും നൽകില്ലെന്നും, നാട്ടിലേക്ക് മടങ്ങാൻ അനുവദിക്കില്ലെന്നുമാണ് ഭീഷണി. ഉപയോഗിക്കുന്ന മൊബൈലിന്റെ കണക്ഷൻ കട്ട് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും പറയുന്നു. രണ്ട് ദിവസത്തേക്ക് കൂടിയുള്ള ഭക്ഷണം മാത്രമേ ഇവരുടെ കൈയ്യിലുള്ളൂ. എംബസി ഉദ്യോഗസ്ഥർ ഇതുവരെയും സഹായങ്ങൾ നൽകിയിട്ടില്ലെന്നും ആക്ഷേപമുണ്ട്.
ഇതേ സമയം ,മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾ നാട്ടിൽ ആശങ്കയിലാണ്. . കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് മൂലമാണ് നാല് മാസം മുൻപ് ഇവർ ഇറാനിലേക്ക് പോയത്. കടംവാങ്ങി വിദേശത്ത് പോയതിന്റെ ബാദ്ധ്യതകൾ പോലും തീർന്നിട്ടില്ല. ഇവരെ എത്രയും പെട്ടന്ന് നാട്ടിൽ തിരിച്ചെത്തിക്കാൻ നടപടി വേണമെന്നാണ് കുടുംബങ്ങളുടെ ആവശ്യം.