bullet
bullet

തിരുവനന്തപുരം : പൊലീസ് സേനയിലെ വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ സി.എ.ജി റിപ്പോർട്ടിനെ തള്ളി ക്രൈംബ്രാഞ്ച്. 12,061 വെടിയുണ്ടകൾ കാണാതായെന്നാണ് സി.എ.ജിയുടെ കണ്ടെത്തൽ. എന്നാൽ, കാണാതായത് 3636 വെടിയുണ്ടകൾ മാത്രമാണെന്ന് ക്രൈംബ്രാഞ്ച് പരിശോധനയിൽ കണ്ടെത്തി.

പേരൂർക്കട എസ്.എ.പി ക്യാമ്പിൽ ഇന്നലെ രാവിലെ മുതൽ വെടിയുണ്ടകൾ എണ്ണിത്തിട്ടപ്പെടുത്തിയെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി പറഞ്ഞു.

1996 ജനുവരി മുതൽ 2018 ഒക്ടോബർ വരെ പൊലീസ് ചീഫ് സ്റ്റോറിൽ നിന്ന് എസ്.എ.പി ക്യാമ്പിലേക്ക് നൽകിയ വെടിയുണ്ടകളാണ് ഇന്നലെ ക്രൈംബ്രാഞ്ച് എണ്ണിയത്.

എ.കെ 47, സെൽഫ് ലോഡഡ് റൈഫിൾ, ഇൻസാസ് റൈഫിൾ എന്നീ തോക്കുകളിൽ ഉപയോഗിക്കുന്ന വെടിയുണ്ടകളാണ് എണ്ണിയത്.

95,629 കാലികെയ്സുകളും വെടിയുണ്ടകളും ക്രൈംബ്രാഞ്ച് പരിശോധനയ്ക്കായി ഹാജരാക്കി.

എങ്കിലും മറ്റ് ബറ്റാലിയനുകൾക്ക് നൽകിയ വെടിയുണ്ടകളുടെ കണക്കുകൾ കൂടി പരിശോധിച്ചാലേ അന്തിമ റിപ്പോർട്ട് തയ്യാറാക്കാൻ കഴിയുകയുള്ളുവെന്നും അതിനുള്ള പരിശ്രമം നടത്തിവരികയാണെന്നും ക്രൈംബ്രാഞ്ച് മേധാവി പറഞ്ഞു.

25തോക്കുകൾ കാണാനില്ലെന്നും സി.എ.ജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഈ തോക്കുകളെല്ലാം പൊലീസിന്റ പക്കൽ തന്നെയുണ്ടെന്ന് നേരത്തെ തോക്കുകളുടെ പരിശോധന നടത്തിയശേഷം ക്രൈംബ്രാഞ്ച് പറഞ്ഞിരുന്നു.

വെടിയുണ്ടകളുടെ എണ്ണത്തിൽ സി.എ.ജി ചൂണ്ടിക്കാട്ടിയ അത്രയും നഷ്ടപ്പെട്ടിട്ടില്ല. എന്നാൽ ഇത് പൊലീസിനുള്ള ക്ലീൻചിറ്റോ സി.എ.ജിക്കുള്ള തിരുത്തലോ അല്ലെന്ന് തച്ചങ്കരി പറഞ്ഞു.

കാണാതായ വെടിയുണ്ടകളും

കണക്കിലെ പൊരുത്തക്കേടും

സെൽഫ് ലോഡഡ് റൈഫിൾ:

സി.എ.ജി: 8098

ക്രൈംബ്രാഞ്ച് : 3627

എ.കെ 47

സി.എ.ജി: 1576

ക്രൈംബ്രാഞ്ച്.:9

ഇൻസാസ് റൈഫിൾ

സി.എ.ജി : 1415

ക്രൈംബ്രാഞ്ച്: 0