വിതുര: ചെറ്റച്ചൽ പഞ്ചായത്ത് എന്ന ചെറ്റച്ചൽ നിവാസികളുടെ പ്രക്ഷേഭങ്ങളും നിവേദനവും ഇന്നും കടലാസിൽ തന്നെ ഒതുങ്ങിക്കിടക്കുന്നു. വിതുര, തൊളിക്കോട്, പെരിങ്ങമ്മല, നന്ദിയോട് പഞ്ചായത്തുകളെ വിഭജിച്ച് ചെറ്റച്ചൽ പഞ്ചായത്ത് രൂപീകരിക്കണമെന്നായിരുന്നു ആവശ്യം. ഇതു സംബന്ധിച്ച് ചെറ്റച്ചൽ മൊട്ടമൂട് സ്വദേശിയായ തങ്കപ്പൻനായർ സർക്കാരിന് നൽകിയ നിവേദനത്തിൽ ബന്ധപ്പെട്ടവർ വിശദമായ പരിശോധനകൾ നടത്തുകയും പ്രാരംഭപ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിരുന്നു. പെരിങ്ങമ്മല, നന്ദിയോട്, വിതുര, തൊളിക്കോട് പഞ്ചായത്തുകളെ വിഭജിച്ച് തെന്നൂർ കേന്ദ്രമാക്കി പഞ്ചായത്ത് രൂപീകരിക്കണമെന്ന ആവശ്യവും ഉയർന്നിരുന്നു. എന്നാൽ ഇതേവരെ യാതൊരുവിധ നടപടികളുമുണ്ടായിട്ടില്ല. നേരത്തെ വിതുര പഞ്ചായത്തിനെ വിഭജിച്ച് തൊളിക്കോട് പഞ്ചായത്ത് രൂപീകരിച്ചിരുന്നു. എന്നാൽ ഇപ്പോൾ വിതുര, തൊളിക്കോട്, നന്ദിയോട്, പെരിങ്ങമ്മല പഞ്ചായത്തുകളിൽ ജനസംഖ്യയും വാർഡുകളുടെ എണ്ണവും കൂടിയിട്ടും പുതിയ പഞ്ചായത്ത് രൂപീകരിക്കുവാൻ സർക്കാർ നടപടികൾ സ്വീകരിക്കുന്നില്ല.

 പാതിയിൽ നിലച്ച മടത്തറ പഞ്ചായത്ത്

കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ചിതറ പഞ്ചായത്തിനെ വിഭജിച്ച് മടത്തറ കേന്ദ്രമാക്കി പുതിയ പഞ്ചായത്ത് അനുവദിച്ചിരുന്നു. പ്രാരംഭ പ്രവർത്തനങ്ങൾ എല്ലാം പൂ‌ത്തിയാക്കി മടത്തറ കേന്ദ്രമാക്കി പഞ്ചായത്ത് ഒാഫീസിനുള്ള നടപടി ക്രമങ്ങൾ നടത്തുകയും ചെയ്തിരുന്നു. എന്നാൽ ചിലർ ഉന്നയിച്ച അനാവശ്യമായ തടസ വാദങ്ങൾ മൂലം പഞ്ചായത്ത് പ്രവ‌ത്തനം പാതിവഴിയിൽ നിലച്ചു. മാറി വരുന്ന സർക്കാറുകൾ പ്രദേശവാസികളുടെ ഈ ആവശ്യങ്ങൾ നിരസിക്കുന്നതിൽ കടുത്ത പ്രതിഷേധത്തിലാണിവർ.

 നിലവിലെ വാർഡുകൾ................... കൂട്ടിയ വാർഡുകൾ

വിതുര പഞ്ചായത്ത്............. 17............1

തൊളിക്കോട് പഞ്ചായത്ത്.............16............ 2

നന്ദിയോട് പഞ്ചായത്ത്....................18.................1

പെരിങ്ങമ്മല പഞ്ചായത്ത്................19................1

സ്വന്തം പഞ്ചായത്തിൽ എത്താൻ മൂന്ന് പഞ്ചായത്ത് താണ്ടണം പെരിങ്ങമ്മല പഞ്ചായത്തിലെ പൊൻമുടി വാർഡിലെ മെമ്പർ ജിഷക്കും വാർഡിൽ താമസിക്കുന്നവർക്കും സ്വന്തം പഞ്ചായത്ത് ഒാഫീസിൽ എത്തണമെങ്കിൽ മൂന്ന് പഞ്ചായത്തിലൂടെ കടന്നുപോകണം. മാത്രമല്ല 22 കിലോമീറ്റർ ദൂരം സഞ്ചരിക്കുകയും വേണം. പൊൻമുടിയിൽ നിന്നും നേരെ കല്ലാർ വഴി വിതുര പഞ്ചായത്തിൽ എത്തി, തൊളിക്കോട് നന്ദിയോട് പഞ്ചായത്ത് പ്രദേശങ്ങൾ പിന്നിട്ട് പാലോട് വഴിയാണ് പെരിങ്ങമ്മല പഞ്ചായത്ത് ഒാഫീസിൽ എത്തേണ്ടത്. ജില്ലയിൽ വിസ്തൃതി കൂടിയ പഞ്ചായത്തുകളിൽ ഒന്നാണ് പെരിങ്ങമ്മല. കൊല്ലം, തിരുവനന്തപുരം ജില്ലകളുടെ അതിർത്തി പ്രദേശമായ അരിപ്പൽ നിന്നാണ് പഞ്ചായത്തിന്റെ തുടക്കം. ദൂരം കണക്കിലെടുത്ത് പൊൻമുടി വാ‌ർഡിനെ വിതുര പഞ്ചായത്തിൽ ഉൾക്കൊള്ളിക്കണമെന്നാവശ്യപ്പെട്ട് നിവേദനങ്ങൾ നൽകിയെങ്കിലും നടപടികൾ സ്വീകരിച്ചിട്ടില്ല. മാത്രമല്ല പെരിങ്ങമ്മല പഞ്ചായത്തിനെ വിഭജിച്ച് തെന്നൂർ കേന്ദ്രമാക്കി പഞ്ചായത്ത് രൂപീകരിക്കണമെന്ന ആവശ്യവും നിലനിൽക്കുകയാണ്.

പ്രതികരണം

ചെറ്റച്ചലും, മടത്തറയും കേന്ദ്രമാക്കി പുതിയ പഞ്ചായത്തുകൾ രൂപീകരിക്കണം. നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കും.

ഫെഡറേഷൻസ് ഒാഫ് റസിഡൻറ്സ് അസോസിയേഷൻ

വിതുര മേഖലാ കമ്മിറ്റി ഭാരവാഹികൾ