തിരുവനന്തപുരം:പൊങ്കാല മഹോത്സവത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ ആറ്റുകാലും പരിസരവും ദേവീമന്ത്രങ്ങളാൽ മുഖരിതമായി.രാവിലെ മുതൽ രാത്രി വരെ വൻ ഭക്തജന പ്രവാഹമായിരുന്നു ആറ്റുകാലിലേക്ക്. ക്ഷേത്രത്തിലെ പ്രധാന നേർച്ചകളിലൊന്നായ കുത്തിയോട്ട വ്രതം ഇന്നാരംഭിക്കും. ദേവിയെ കുടിയിരുത്തി മൂന്നാം നാൾ ആരംഭിക്കുന്ന വ്രതാനുഷ്ഠാനത്തിൽ 12 വയസിന് താഴെയുള്ള ബാലന്മാരാണ് പങ്കെടുക്കുന്നത്. ഇന്ന് രാവിലെ ബാലന്മാർ കാണിക്ക സമർപ്പിച്ച് വ്രതാരംഭം കുറിക്കും. 830 ബാലന്മാരാണ് കുത്തിയോട്ടത്തിൽ പങ്കെടുക്കുന്നത്. ഏഴുനാൾ ഇവർ ക്ഷേത്രത്തിൽ കഴിയും. ഇതിനിടെ ദേവിക്ക് 1008 നമസ്‌കാരം നടത്തും. 9ന് പൊങ്കാലയ്ക്ക് ശേഷം പുറത്തെഴുന്നള്ളത്തിനൊപ്പം കുത്തിയോട്ടക്കാരും അണിചേരും.
തോറ്റംപാട്ട്
ക്ഷേത്രത്തിനു മുന്നിലെ പന്തലിൽ നടക്കുന്ന തോറ്റംപാട്ടിൽ ദേവിയുടെ വിവാഹ ഒരുക്കങ്ങളെക്കുറിച്ചാണ് ഇന്നലെ പാടിയത്. മാലപ്പുറം പാട്ടെന്ന് അറിയപ്പെടുന്ന, കോവലനും കണ്ണകിയുമായുള്ള വിവാഹത്തിന്റെ വർണനയാണ് ഇന്ന്.ഞായറാഴ്ച രാത്രി മുതൽ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് വിളക്കുകെട്ടുകൾ എഴുന്നള്ളിച്ചു തുടങ്ങി.അർദ്ധരാത്രിയിലെ ദീപാരാധനയ്ക്ക് ശേഷം ക്ഷേത്രവളപ്പിൽ വിളക്കുകെട്ടുകൾ ഏന്തിയുള്ള എഴുന്നള്ളത്ത് നടക്കും. അംബാ ആഡിറ്റോറിയം, കാർത്തിക ആഡിറ്റോറിയം എന്നിവിടങ്ങളിൽ രാവിലെ 10.30ന് പ്രസാദ ഊട്ട് നടക്കും.
പൊങ്കാലക്കിറ്റുകൾ 1000 രൂപയ്ക്ക്
പൊങ്കാലയോടനുബന്ധിച്ച് വ്യവസായ വകുപ്പിന്റെ പ്രദർശന വിപണനമേള ഇന്നലെ തുടങ്ങി. മന്ത്രി ഇ.പി.ജയരാജൻ ഉദ്ഘാടനം ചെയ്തു.1000 രൂപ മുതൽ 1500 രൂപ വരെ വില വരുന്ന കൈത്തറി സാരി, തോർത്ത്, മൺകലവും മൂടിയും, ചിരട്ട തവി, പൊങ്കാലക്കൂട്ട്, തുണിസഞ്ചി എന്നിവ അടങ്ങുന്നതാണ് പൊങ്കാല കിറ്റ്. ആദ്യത്തെ കിറ്റ് സിനിമാതാരം ചിപ്പി ഏറ്റുവാങ്ങി. മേളയിലും ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 20 കേന്ദ്രങ്ങളിലും പൊങ്കാലക്കിറ്റുകൾ ലഭിക്കും. പൊങ്കാലയ്ക്ക് എത്തുന്ന ലക്ഷോപലക്ഷം ഭക്തർക്ക് സഹായകമാകുന്ന തരത്തിലാണ് മേള ഒരുക്കിയിരിക്കുന്നതെന്നും കൈത്തറി,മൺപാത്ര നിർമ്മാണംസ കരകൗശല മേഖലയിലെ ഉത്പ്പന്നങ്ങളുടെ പ്രചാര സാദ്ധ്യത കണക്കിലെടുത്തുകൂടിയാണ് മേളയെന്നും മന്ത്രി പറഞ്ഞു.മേയർ കെ.ശ്രീകുമാർ, ഖാദി ഗ്രാമ വ്യവസായ ബോർഡ് ചെയർപേഴ്സൺ ശോഭനാ ജോർജ്ജ്, ഹാൻടെക്സ് പ്രസിഡന്റ് എൻ.രതീന്ദ്രൻ, സ്പിന്നിംഗ് മിൽ ചെയർമാൻ എം.എം.ബഷീർ, മൺപാത്ര തൊഴിലാളി വികസന കോർപ്പറേഷൻ ചെയർമാൻ കുട്ടമണി, കൗൺസിലർ എസ്.കെ.പി. രമേഷ് എന്നിവർ സംസാരിച്ചു.
ആറ്റുകാലിൽ ഇന്ന്
രാവിലെ 4ന് പള്ളിയുണർത്തൽ, 4.30ന് നിർമ്മാല്യ ദർശനം, 5ന് അഭിഷേകം, 5.30ന് ദീപാരാധന, 6.15ന് ഉഷ:പൂജ, ദീപാരാധന, 6.30ന് ഉഷ:ശ്രീബലി, 6.45ന് കളഭാഭിഷേകം, 7.30ന് പന്തീരടി പൂജ, ദീപാരാധന. ഉച്ചയ്ക്ക് 12ന് ഉച്ചപൂജ, 12.30ന് ദീപാരാധന, 12.45ന് ശ്രീബലി, 1ന് നട അടയ്ക്കൽ. വൈകിട്ട് 5ന് നട തുറക്കൽ, 6.45ന് ദീപാരാധന, രാത്രി 7.15ന് ഭഗവതി സേവ, 9ന് അത്താഴപൂജ, 9.15ന് ദീപാരാധന, 9.30ന് അത്താഴ ശ്രീബലി, 12ന് ദീപാരാധന, 1ന് നട അടയ്ക്കൽ, പള്ളിയുറക്കം.
കലാപരിപാടികൾ
അംബ
വൈകിട്ട് 5ന് സംഗീത കച്ചേരി, 6ന് ശാസത്രീയ നൃത്തം, 7ന് ഗാനമേള, 9.30ന് സംഗീതവിരുന്ന്
അംബിക
രാവിലെ 5ന് ദേവീമാഹാത്മ്യ പാരായണം, 6ന് ഭക്തിഗാനസുധ, 7ന് ദേവീമാഹാത്മ്യ പാരായണം, 8ന് ഭക്തിഗാനസുധ, 9ന് സംഗീതക്കച്ചേരി, 10ന് സംഗീതാർച്ചന, വൈകിട്ട് 5ന് വോക്കൽ വീണ ഫ്യൂഷൻ, 6.30, 7.30, 8.30നും ശാസ്ത്രീയനൃത്തം, 9.30ന് താളവാദ്യ കച്ചേരി, 10.30ന് ഗാനമേള
അംബാലിക
രാവിലെ 5ന് സൗന്ദര്യലഹരി പാരായണം, 6നും 7നും ഭജന. വൈകിട്ട് 5ന് ഭജന, 6നും 7നും തിരുവാതിര, രാത്രി 8ന് ശാസ്ത്രീയനൃത്തം, 9ന് നൃത്തനൃത്യങ്ങൾ, 10ന് തിരുവാതിര, 11ന് ശാസ്ത്രീയനൃത്തം.