vld-1-

വെള്ളറട: ലൈഫ് ഭവന പദ്ധതിയിൽ ഏറ്റവും കൂടുതൽ വീടുകൾ നിർമ്മിച്ച ബോക്ക് പഞ്ചായത്തിനുള്ള അവാർഡ് പെരുങ്കടവിള ബ്ളോക്ക് പഞ്ചായത്തിന് ലഭിച്ചു. പെരുങ്കടവിള ബ്ളോക്കിലെ അമ്പൂരി,​ വെള്ളറട,​ ആര്യങ്കോട്, കൊല്ലയിൽ, കള്ളിക്കാട് കുന്നത്തുകാൽ,​ ഒറ്റശേഖരമംഗലം,​ പെരുങ്കടവിള,​ എന്നീ എട്ട് ഗ്രാമപഞ്ചായത്തുകളിൽ അതിവേഗം പദ്ധതി നടപ്പാക്കുന്നതിനുള്ള നടപടി സ്വീകരിച്ചതിനാണ് പുരസ്‌കാരം. എഗ്രിമെന്റ് ചെയ്‌ത 2483 വീടുകളിൽ 2350 എണ്ണവും പൂർത്തീകരിച്ച് ലൈഫ് മിഷൻ പദ്ധതി പ്രകാരം താക്കോലും കൈമാറി. വീട് നിർമ്മാണത്തിനായി തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനവും ലഭ്യമാക്കിയിരുന്നു. പുത്തരിക്കണ്ടം മൈതാനത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. സുജാതകുമാരിയും ബി.ഡി.ഒ അരുവിപ്പുറം സുരേഷ് കുമാറും അവാർഡ് ഏറ്റുവാങ്ങി. കൂട്ടായ പ്രവർത്തനമാണ് ബ്ളോക്ക് പഞ്ചായത്തിന്റെ പല പദ്ധതികളും വിജയത്തിലെത്താൻ കാരണമെന്ന് ബി.ഡി.ഒ അരുവിപ്പുറം സുരേഷ് കുമാർ പറഞ്ഞു.

ഫോട്ടോ: ലൈഫ് ഭവന പദ്ധതിയിൽ ഏറ്റവും കൂടുതൽ വീടുകൾ നിർമ്മിച്ച ബ്ളോക്ക് പഞ്ചായത്തിനുള്ള പുരസ്കാരം മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും പെരുങ്കടവിള ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. സുജാതകുമാരിയും

ബി.ഡി.ഒ അരുവിപ്പുറം സുരേഷും ചേർന്ന് ഏറ്റുവാങ്ങുന്നു