ആറ്റിങ്ങൽ: കെ.എസ്.ആർ.ടി.സി ബസ്സിൽ യാത്രക്കാരുടെ ബാഗിൽ നിന്ന് പണം അപഹരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഒരു നാടോടി സ്ത്രീയെക്കൂടി ആറ്റിങ്ങൽ പൊലീസ് പിടികൂടി . തെങ്കാശി പുറമ്പോക്ക് കോളനിയിൽ മണിയമ്മ ( 65)​ ആണ് കഴിഞ്ഞ ദിവസം പിടിയിലായത്. ഈ കേസിൽ കഴിഞ്ഞ മാസം 26 ന് രണ്ടു സ്ത്രീകൾ പിടിയിലായിരുന്നു. സേലം മീനാക്ഷിപുരം വിനായക തെരുവിൽ ഗായത്രി (38)​,​ വിനായക തെരുവിൽ സുബ്ബു (43)​ എന്നിവരാണ് മുൻപ് പിടിയിലായത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് മണിയമ്മയെക്കുറിച്ച് വിവരം ലഭിച്ചത്. ആറ്റിങ്ങൽ വിളയിൽ മൂല പൊയ്കയിൽ വീട്ടിൽ ഗ്രേസി പാപ്പച്ചൻ നൽകിയ പരാതിയെ തുടർന്നായിരുന്നു കേസെടുത്ത് അന്വേഷണം നടത്തിയത്. സമാന കേസുകൾ ഈ ദിവസം പലയിടങ്ങളിൽ കെ.എസ്.ആർ.ടി.സി ബസ്സിൽ നടന്നതായി പിന്നീട് പരാതി ലഭിച്ചിരുന്നു.