ഇന്ത്യയ്ക്ക് തോൽക്കാൻ കിവീസിൽ
ഇനി കളി ബാക്കിയില്ല
. ഏകദിന പരമ്പരയ്ക്ക് പിന്നാലെ ടെസ്റ്റ് പരമ്പരയിലും
സമ്പൂർണ പരാജയം
. രണ്ടാം ടെസ്റ്റിലെ തോൽവി ഏഴ് വിക്കറ്റിന്
പര്യടനത്തിലെ ആശ്വാസം ട്വന്റി 20 യിൽ മാത്രം
ക്രൈസ്റ്റ് ചർച്ച് : ട്വന്റി 20 പരമ്പരയിലെ 5-0 ത്തിന്റെ സമ്പൂർണ വിജയത്തിൽ തുടങ്ങിയ ഇന്ത്യയുടെ ന്യൂസിലാൻഡ് പര്യടനം ഏകദിനങ്ങളിലെയും ടെസ്റ്റിലെയും സമ്പൂർണ പരാജയത്തിൽ അവസാനിച്ചു. ഇന്നലെ രണ്ടാം ടെസ്റ്റിൽ ഏഴ് വിക്കറ്റിന്റെ തോൽവിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്.
വെല്ലിംഗ്ടണിലെ ആദ്യ ടെസ്റ്റിൽ പത്ത് വിക്കറ്റിന് തോറ്റിരുന്ന ഇന്ത്യ മൂന്ന് ദിവസംകൊണ്ട് രണ്ടാം ടെസ്റ്റിലും കീഴടങ്ങുകയായിരുന്നു. ആദ്യ ഇന്നിംഗ്സിൽ ഏഴ് റൺസിന്റെ ലീഡ് നേടിയ ശേഷമാണ് ക്രൈസ്റ്റ് ചർച്ചിൽ കാലിടറി വീണത്.
242 റൺസാണ് ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ ക്രൈസ്റ്റ് ചർച്ചിൽ നേടിയിരുന്നത്. കിവീസിന്റെ ഒന്നാം ഇന്നിംഗ്സ് 235 റൺസിൽ അവസാനിപ്പിച്ചപ്പോൾ ചുരുങ്ങിയത് സമനിലയെങ്കിലും നേടാമെന്ന പ്രതീക്ഷയിലായിരുന്നു ഇന്ത്യ. എന്നാൽ രണ്ടാം ഇന്നിംഗ്സിൽ 124 റൺസിന് ചീട്ടുകൊട്ടാരമായപ്പോൾ കിവികൾ വിജയലക്ഷ്യമായ 132 റൺസ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ നേടിയെടുത്തു.
രണ്ടാംദിവസം രണ്ടാം ഇന്നിംഗ്സിൽ 90/6 എന്ന നിലയിൽ എത്തിയപ്പോഴേക്കും ഇന്ത്യയുടെ വിധി കുറിക്കപ്പെട്ടിരുന്നു. ഇന്നലെ 34 റൺസ് കൂടി നേടുന്നതിനിടെ അവശേഷിച്ച നാല് വിക്കറ്റുകളും ഇന്ത്യ വലിച്ചെറിഞ്ഞു. തുടർന്നിറങ്ങിയ കിവീസ് ഒാപ്പണർമാരായ ടോം ലതാമിന്റെയും (52), ടോം ബ്ളൻഡേലിന്റെയും (55) അർദ്ധ സെഞ്ച്വറികളോടെ വിജയമുറപ്പിച്ചു. ക്യാപ്ടൻ കേൻ വില്യംസണിനെ കൂടിയേ അവർക്ക് നഷ്ടമായുള്ളൂ.
ഇന്നലെ ഹനുമ വിഹാരിയും ഋഷഭ് പന്തും ചേർന്നാണ് രണ്ടാം ഇന്നിംഗ്സ് തുടരാനിറങ്ങിയത് ടീം സ്കോറിനൊപ്പം ഏഴ് റൺസുകൂടി ചേർത്തപ്പോൾ വിഹാരിയെ (9) സൗത്തിയുടെ പന്തിൽ കീപ്പർ വാറ്റ്‌ലിംഗ് പിടികൂടി. തൊട്ടടുത്ത ഒാവറിൽ ഇതേ സ്കോറിൽ ഋഷഭും (4) കീപ്പർ ക്യാച്ച് നൽകി മടങ്ങി. ബൗൾട്ടായിരുന്നു ബൗളർ. തുടർന്ന് രവീന്ദ്ര ജഡേജ (16 നോട്ടൗട്ട്) ഒരറ്റത്ത് പൊരുതി നിന്നെങ്കിലും ഷമി (5), ബുംറ (4) എന്നിവർ വീണതോടെ 124 റൺസിൽ ഇന്ത്യൻ ഇന്നിംഗ്സിന് കർട്ടൻ വീണു.
ന്യൂസിലാൻഡിന് വേണ്ടി പേസർ ബൗൾട്ട് നാലുവിക്കറ്റും സൗത്തീ മൂന്ന് വിക്കറ്റും വീഴ്ത്തി. ഗ്രാൻഡ് ഹോമിനും നീൽ വാഗ്‌നർക്കും ഒാരോ വിക്കറ്റ് ലഭിച്ചു. ആദ്യ ഇന്നിംഗ്സിൽ അഞ്ച് ഇന്ത്യൻ വിക്കറ്റുകൾ പിഴുതിരുന്ന കൈൽ ജാമീസണിന് രണ്ടാം ഇന്നിംഗ്സിൽ വിക്കറ്റ് നേടാനായില്ല. സൗത്തിയും ബൗൾട്ടും ആദ്യ ഇന്നിംഗ്സിൽ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തിയിരുന്നു.
രണ്ടാം ഇന്നിംഗ്സിൽ വീണ മൂന്ന് കിവീസ് വിക്കറ്റുകളിൽ രണ്ടെണ്ണം ബുംറയ്ക്ക് ലഭിച്ചു. ഉമേഷ് യാദവിന് ഒരു വിക്കറ്റ് നേടാനായി.
ബൗളിംഗിനൊപ്പം ബാറ്റിംഗിലും (ആദ്യ ഇന്നിംഗ്സിൽ 49 റൺസ്) മികവ് കാട്ടിയ പുതുമുഖ ബൗളർ കൈൽ ജാമീസണാണ് മാൻ ഒഫ് ദ മാച്ച്. പരമ്പരയിലാകെ 14 വിക്കറ്റുകൾ വീഴ്ത്തിയ സൗത്തിയാണ് മാൻ ഒഫ് ദ സിരീസ്.
സ്കോർ കാർഡ്
ഇന്ത്യ ഒന്നാം ഇന്നിംഗ്സ് 242
പൃഥ്വി ഷാ 54, പുജാര 54, ഹനുമവിഹാരി 55, ഷമി 16
ജാമീസൺ 5/45, സൗത്തി 2/38, ബൗൾട്ട് 2/89
കിവീസ് ഒന്നാം ഇന്നിംഗ്സ് 235
ലതാം 52, ബ്ളൻഡേൽ 30, ജാമീസൺ 49
ഷമി 4/81, ബുംറ 3/62, ജഡേജ 2/22
ഇന്ത്യ രണ്ടാം ഇന്നിംഗ്സ് 124
പുജാര 24, ജഡേജ 16, ഷാ 14, കൊഹ്‌ലി 14
ബൗൾട്ട് 4/28, സൗത്തീ 3/36
കിവീസ് രണ്ടാം ഇന്നിംഗ്സ് 132/3
ലതാം 52, ബ്ളൻഡേൽ 55
ബുംറ 2/39
2011-12
നുശേഷം ഇന്ത്യ രണ്ടോ അതിലധികമോ മത്സരങ്ങളുള്ള ഒരു ടെസ്റ്റിൽ സമ്പൂർണ പരാജയം ഏറ്റുവാങ്ങുന്നത് ആദ്യം. 2011-12 സീസണിൽ ഇന്ത്യ ഇംഗ്ളണ്ടിനോടും ആസ്ട്രേലിയയോടും 0-4ന് പരമ്പര തോറ്റിരുന്നു. അതിനുമുമ്പ് ടെസ്റ്റിൽ സമ്പൂർണ തോൽവി നേരിട്ടത് 2002-03 സീസണിൽ കിവീസിനോടാണ്.
ഇതാദ്യമാണ് കൊഹ്ലിയുടെ ക്യാപ്ടൻസിക്ക് കീഴിൽ ഇന്ത്യ ടെസ്റ്റിൽ സമ്പൂർണ പരമ്പര പരാജയം ഏറ്റുവാങ്ങുന്നത്.
242
റൺസാണ് ഇൗ പരമ്പരയിലെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന ഇന്നിംഗ്സ് സ്കോർ. 2002-03 ലെ കിവീസ് പര്യടനത്തിൽ 161 റൺസായിരുന്നു ഉയർന്ന സ്കോർ. അതിനുശേഷമുള്ള ഏറ്റവും കുറഞ്ഞ ഇന്നിംഗ്സ് സ്കോർ ഇതാണ്.
58
മായാങ്കിന്റേതാണ് ഇൗ പരമ്പരയിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ.
പരമ്പരയിൽ ഒരു ഇന്ത്യൻ ബാറ്റ്സ്മാൻ പോലും സെഞ്ച്വറി നേടിയില്ല. 2002-03 ലെ കിവീസ് പര്യടനത്തിന് ശേഷം ആദ്യമാണ് ഇന്ത്യൻ ബാറ്റ്സ്മാൻമാർക്ക് സെഞ്ച്വറി നേടാൻ കഴിയാത്ത പരമ്പര .
ഇന്ത്യയുടെ തോൽവിക്ക്
5 കാരണങ്ങൾ
വിരാട് കൊഹ്‌ലി നേതൃത്വം നൽകുന്ന ബാറ്റിംഗ് നിരയുടെ സമ്പൂർണ പരാജയം. നാല് ഇന്നിംഗ്സുകളിൽനിന്ന് 9.50 ശരാശരിയിൽ കൊഹ്‌ലി നേടിയത് വെറും 38 റൺസ്. 2,19,3, 14 എന്നിങ്ങനെയായിരുന്നു ഇന്ത്യൻ നായകന്റെ സ്കോറിംഗ്.
ടെസ്റ്റ് സ്പെഷ്യലിസ്റ്റുകളായ അജിങ്ക്യ രഹാനെയും ചേതേശ്വർ പുജാരയും ടീമിന് വേണ്ട രീതിയിൽ പ്രയോജനപ്പെട്ടില്ല. ഇവരുടെ പരിചയ സമ്പത്ത് ഇന്ത്യയ്ക്ക് ഏറ്റവുമധികം പ്രയോജനപ്പെടേണ്ട പരമ്പരയായിരുന്നു ഇത്.
വൃദ്ധിമാൻ സാഹയ്ക്ക് പകരം അവസരം ലഭിച്ച ഋഷഭ് പന്തിന് നാല് ഇന്നിംഗ്സുകളിലും നിരാശയോടെ മടങ്ങേണ്ടിവന്നു.
ഒാപ്പണിംഗിൽ പൃഥ്വി ഷാ-മായാങ്ക് സഖ്യത്തിന് പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരാൻ കഴിഞ്ഞില്ല. രോഹിതിന്റെ പരിക്കും മികച്ച ഫോമിലായിരുന്ന രാഹുലിനെ പരിഗണിക്കാതിരുന്നതും വിനയായി.
പരിക്ക് കഴിഞ്ഞ് എത്തിയ ബുംറയ്ക്ക് പഴയ നിലവാരം കാത്തുസൂക്ഷിക്കാനായില്ല. ഷമിയും ഒറ്റപ്പെട്ട മികവിലൊതുങ്ങി. ഇശാന്തിന് ആദ്യടെസ്റ്റിനിടെ പരിക്കേറ്റത് മറ്റൊരു തിരിച്ചടിയായി.
കുപിതനായി കൊഹ്‌ലി
മത്സരത്തിന് ശേഷം നടന്ന പത്രസമ്മേളനത്തിൽ കളിക്കളത്തിലെ തന്റെ ദേഷ്യത്തെ കുറിച്ച് ഉയർന്ന ചോദ്യത്തിന് മുന്നിൽ രോഷാകുലനായി ഇന്ത്യൻ നായകൻ വിരാട് കൊഹ്‌ലി. ആദ്യ ഇന്നിംഗ്സിൽ കിവീസ് നായകൻ വില്യംസൺ പുറത്തായപ്പോൾ ക്യാമറയ്ക്കും ഗാലറിക്കും നേരെ കൊഹ്‌ലി ആക്രോശം നടത്തിയിരുന്നു. ഇതിനെക്കുറിച്ച് ചോദിച്ച റിപ്പോർട്ടറോട് കാര്യമറിയാതെ വിവാദമുണ്ടാക്കാൻ നോക്കരുതെന്നും താൻ മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്നും മാച്ച് റഫറിക്കില്ലാത്ത പരാതി നിങ്ങൾക്കെന്തിനാണെന്നുമായിരുന്നു വിരാടിന്റെ ദേഷ്യത്തോടെയുള്ള ചോദ്യം. അതേസമയം അത് കളിയെ ഏറെ വൈകാരികമായി സമീപിക്കുന്ന വിരാടിന്റെ ശൈലിയാണെന്ന് പറഞ്ഞ് നിസാര വൽക്കരിക്കുകയാണ് വില്യംസൺ ചെയ്തത്.