ലൊസാന്നെ : ഫെഡറേഷൻ ഒഫ് ഇന്റർനാഷണൽ ഹോക്കി ലോക റാങ്കിംഗിൽ ഒരുപടവ് ഉയർന്ന് ഇന്ത്യൻ ഹോക്കി ടീം നാലാംസ്ഥാനത്തേക്ക് എത്തി. 2003 ൽ റാങ്കിംഗ് സിസ്റ്റം ഏർപ്പെടുത്തിയ ശേഷമുള്ള ഇന്ത്യയുടെ ഏറ്റവും ഉയർന്ന റാങ്കാണിത്. വേൾഡ് ഹോക്കി പ്രോലീഗിന്റെ രണ്ടാം എഡിഷനിലെ മികച്ച പ്രകടനമാണ് ഇന്ത്യയുടെ റാങ്കിംഗ് ഉയർത്തിയത്. ഇന്ത്യ നാലാമതേക്ക് ഉയർന്നപ്പോൾ ആസ്ഥാനത്തുണ്ടായിരുന്ന ഒളിമ്പിക് ചാമ്പ്യൻമാരായ അർജന്റീന അഞ്ചാമതായി. ലോക ചാമ്പ്യൻമാരായ ബെൽജിയമാണ് ഒന്നാംസ്ഥാനത്ത്. ആസ്ട്രേലിയ, ഹോളണ്ട് എന്നിവരാണ് യഥാക്രമം രണ്ടുംമൂന്നും സ്ഥാനങ്ങളിൽ .
ഡുപ്ളെസി ഇന്ത്യയിലെത്തും
കേപ്ടൗൺ : ഇൗമാസം ഇന്ത്യയ്ക്കെതിരെ നടക്കുന്ന മൂന്ന് ഏകദിനങ്ങളുടെ പര്യടന പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കൻ ടീമിലേക്ക് മുൻനായകൻ ഫാഫ് ഡുപ്ളെസിയെ തിരിച്ചുവിളിച്ചു. കഴിഞ്ഞ ഏകദിന ലോകകപ്പിനുശേഷം ആദ്യമായാണ് ഡുപ്ളെസി ഏകദിന ടീമിലെത്തുന്നത്. റാസി വാൻഡർ ഡ്യൂസനെയും തിരികെ വിളിച്ചിട്ടുണ്ട്. ഇടംകയ്യൻ സ്പിന്നർ ജോർജ്ലിൻ ഡെ ആദ്യമായി ഏകദിന ടീമിലിടം നേടിയിട്ടുണ്ട്. ഇൗമാസം 12ന് ധർമ്മശാലയിലാണ് ആദ്യ ഏകദിനം.
ധോണി പരിശീലനം തുടങ്ങി
ചെന്നൈ : മുൻ ഇന്ത്യൻ നായകൻ മഹേന്ദ്രസിംഗ് ധോണി ഐ.പി.എൽ ലക്ഷ്യമിട്ട് ചെന്നൈ സൂപ്പർ കിംഗ്സ് ടീമിനൊപ്പം പരിശീലനം തുടങ്ങി. ലോകകപ്പിന് ശേഷം ധോണി ഇന്ത്യയ്ക്കായി കളിച്ചിട്ടില്ല.
സുമിത്തിന്റെ വിലക്ക് മാറ്റി
ന്യൂഡൽഹി :ഉത്തേജക മരുന്ന് ഉപയോഗത്തിന്റെ പേരിൽ മുൻ ഏഷ്യൻ വെള്ളിമെഡൽ ജേതാവായ ബോക്സർ സുമിത് സാംഗ്വാന് ചുമത്തിയിരുന്ന ഒരുവർഷത്തെ വിലക്ക് ദേശീയ ആന്റിഡോപ്പിംഗ് ഏജൻസി റദ്ദാക്കി. മനപൂർവമായല്ല ഉത്തേജകാംശം സുമിത്തിന്റെ ശരീരത്തിലെത്തിയതെന്ന് വിശദ പരിശോധനയിൽ തെളിഞ്ഞതിനെ തുടർന്നാണ് വിലക്ക് മാറ്റിയത്.
കൊറോണ കളി തുടരുന്നു
l കൊറോണ വൈറസ് ഭീഷണിയെതുടർന്ന് മലേഷ്യയിൽ ഏപ്രിലിൽ നടക്കേണ്ടിയിരുന്ന സുൽത്താൻ അസ്ലൻഷാ കപ്പ് ഹോക്കി സെപ്തംബറിലേക്ക് മാറ്റി.
l തായ്ലൻഡിൽ ഇൗമാസം 22ന് നടക്കേണ്ടിയിരുന്ന മോട്ടോ ഗ്രാൻപ്രീ മത്സരവും മാറ്റിവച്ചു.
l ടോക്കിയോയിൽ ഇൗ മാസം നടക്കേണ്ടിയിരുന്ന ഏഷ്യൻ റേസ് വാക്കിംഗ് ചാമ്പ്യൻഷിപ്പ് റദ്ദാക്കി.
l ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ യോഗവും മാറ്റിവച്ചിരിക്കുകയാണ്.