കോവളം: സംസ്ഥാനത്ത് ആദ്യമായി ഹോട്ടലുകളിൽ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കണമെന്ന ആശയം മന്നോട്ടുവച്ച് സ്വയം മാതൃക കാട്ടിയ ആ അന്നദാതാവിനെ മറക്കാത്ത ഒരാളും തലസ്ഥാനത്തുണ്ടാകില്ല. സെക്രട്ടേറിയറ്റിന് വെറും മുന്നൂറ് മീറ്റർ മാറി പുത്തൻ റോഡിൽ 40 വർഷം പ്രവർത്തിച്ച പി.പി റസ്റ്റോറന്റ് ഉടമ പൂന്തോപ്പിൽ പുരുഷോത്തമന് ഇന്ന് പ്രായം 86.
തന്റെ 24-ാമത്തെ വയസിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്റ്റേറ്റ് സെക്രട്ടേറിയറ്റ് ജോയിന്റ് .സെക്രട്ടറിയായിരുന്ന എസ്..കുമാരന്റെ സഹായത്താലാണ് ആദ്യമായി 1957 ൽ ഒരു ജോലിക്കു വേണ്ടി പി.പി തലസ്ഥാനത്തെത്തുന്നത്. പാർട്ടിയുടെ ഓഫീസ് രക്ഷാധികാരിയായിരുന്ന സി.എം. കുഞ്ഞുരാമൻ നായർക്ക് പി.പിയെ നന്നേ ബോധിച്ചു. തുടർന്ന് ഓഫീസ് സഹായിയായി തുടക്കം. ഒരു വർഷത്തിന് ശേഷം നിയമസഭാ ഓഫീസ് സെക്രട്ടറിയായും ലൈബ്രറി ചാർജ് മാനായും പണിയെടുത്തു. കുടുംബത്തിലെ പട്ടിണി മാറ്റാൻ പാർട്ടി ഓഫീസിലെ ജീവിതം അവസാനിപ്പിച്ച് സ്വന്തമായി എന്തെങ്കിലും തുടങ്ങണമെന്ന ആഗ്രഹം മനസിലുദിച്ചു. അക്കാലത്ത് തലസ്ഥാനഞ്ഞ് എത്തുന്നവർ നല്ല ഭക്ഷണം കഴിക്കുന്നതിന് നെടുമങ്ങാടുവരെ യാത്ര ചെയ്യണം. എന്നാൽ പിന്നെ ഒരു കട തന്നെയാകട്ടെയെന്ന് തീരുമാനിച്ചു. അങ്ങനെയാണ് 1971ൽ പി.പി തലസ്ഥാനത്ത് ഒരു ഹോട്ടലിന് തുടക്കം കുറിക്കുന്നത്.
മന്ത്രിമാർ, എം.പി മാർ, എം.എൽ.എമാർ തുടങ്ങി തലസ്ഥാനത്തെത്തുന്നവർ ഒരുവട്ടമെങ്കിലും ഇവിടെ എത്താതിരിക്കില്ല. ശാരീരിക ബുദ്ധിമുട്ടുകൾ കാരണം 2010 ഓടെ പി.പി തലസ്ഥാനത്തു നിന്നു കരിക്കകം പൂന്തോപ്പിലേക്ക് താമസം മാറ്റി. 40 വർഷത്തെ ഹോട്ടൽ ജീവിതത്തിന് അവിടെ അടിവരയിട്ടു.
ഭാര്യ രാജമ്മയും കൃഷി വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടറായ മകൻ അജിത്തും മകൾ അനിതയും കുടുംബത്തോടൊപ്പം പി.പിക്കൊപ്പമുണ്ട്.