youth-festival-
കാര്യവട്ടം കോളേജിൽ ആരംഭിച്ച കേരള സർവകലാശാല യുവജനോത്സവത്തിന്റെ ഉദ്‌ഘാടനം മന്ത്രി കെ. ടി. ജലീൽ നിർവഹിക്കുന്നു .സിൻഡിക്കേറ്റ് മെമ്പർമാരായ പി.പി. മുരളി, ലളിത, വിജയൻപിള്ള, പ്രൊവൈസ്ചാൻസലർ അജയകുമാർ, സർവകലാശാല യൂണിയൻ ചെയർമാൻ റിയാസ്, സർവകലാശാല യൂണിയൻ ജനറൽ സെക്രട്ടറി അഞ്ചു കൃഷ്ണ, മൊഹമ്മദ്‌ യാസീൻ തുടങ്ങിയവർ സമീപം

തിരുവനന്തപുരം: തീഷ്ണ യൗവ്വനത്തിന്റെ കലാവാസനകൾ പൂക്കുംകാലത്തിന് കാര്യവട്ടത്ത് തുടക്കമായി. 250 കലാലയങ്ങൾ മാറ്റുരയ്ക്കുന്ന കേരള സർവകലാശാല കലോത്സവത്തിന് കാര്യവട്ടം ഗവൺമെന്റ് കോളേജിലെ പ്രധാന വേദിയിൽ മന്ത്രി കെ.ടി.ജലീൽ തിരിതെളിച്ചു.

ആറുനാൾ നീണ്ടുനിൽക്കുന്ന കലോൽസവത്തിന് ചെമ്പഴന്തി എസ്.എൻ. കോളേജ് ആഡിറ്റോറിയം, എസ്.എൻ. കോളജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ്, യൂണിവേഴ്‌സിറ്റി ബി.എഡ്. കോളജ് എന്നിവിടങ്ങളാണ് മറ്റ് മൽസര വേദികൾ. 102 മത്സര ഇനങ്ങളിൽ അയ്യായിരത്തിലധികം വിദ്യാർത്ഥികളാണ് മാറ്റുരയ്ക്കുന്നത്. ഇന്നലെ രാത്രി മോഹിനിയാട്ടം, കഥകളി മത്സരങ്ങൾ നടന്നു.

'പലായനം' എന്ന പേരിൽ 'അതിജീവനത്തിന്റെ പ്രതിരോധം കലയിലൂടെ' എന്ന സന്ദേശവുമായാണ് ഇക്കുറി സർവകലാശാല യൂണിയൻ യുവജനോത്സവം സംഘടിപ്പിക്കുന്നത്.

ട്രാൻസ്ജൻഡർ വിഭാഗത്തിലെ വിദ്യാർത്ഥികൾക്കും പങ്കെടുക്കാൻ അവസരം നൽകുന്ന സംസ്ഥാനത്തെ ആദ്യ സർവ്വകലാശാല യുവജനോൽസവമാണ് ഇതെന്ന് സംഘാടകർ പറയുന്നു. ട്രാൻസ്ജൻഡർ വിഭാഗത്തിന് സ്‌പോട്ട് രജിസ്‌ട്രേഷൻ നടത്തി മൽസരങ്ങളിൽ പങ്കെടുക്കാം. വനിതാ കോളേജുകളിൽനിന്നുള്ള മൽസരാർത്ഥികൾക്ക് ഇക്കുറി പ്രത്യേക പരിഗണനയുണ്ട്. ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന വനിതാ കോളേജിന് പ്രത്യേക ഓവറോൾ കിരീടവും നൽകും.

ഉദ്ഘാടന ചടങ്ങിൽ സർവകലാശാല യൂണിയൻ ചെയർമാൻ എ.ആർ.റിയാസ് അദ്ധ്യക്ഷനായിരുന്നു. പ്രോവൈസ് ചാൻസലർ ഡോ. അജയകുമാർ, സംഘാടക സമിതി ജനറൽ കൺവീനർ റിയാസ് വഹാബ്, ബി.ടി.മുരളി ഡോ. നസീബ്, ഡോ.ലളിത, മുഹമ്മദ് യാസീൻ, ഡോ. സിദ്ദിക്ക്, യൂണിയൻ ജനറൽ സെക്രട്ടറി അഞ്ജു കൃഷ്ണ ജി.ടി തുടങ്ങിയവർ സംസാരിച്ചു.

 രാഷ്ട്രീയം പറയും വേദികൾ

മത്സരങ്ങളിൽ രാഷ്ട്രീയമില്ലെങ്കിലും യുവജനോൽസവ വേദികളുടെ പേരുകൾ സമകാലിക രാഷ്ട്രീയ പ്രശ്‌നങ്ങൾ ഓർമ്മിപ്പിക്കും. ഭരണഘടനയുടെ ആർട്ടിക്കിൾ 14, പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരകേന്ദ്രം ഷഹീൻബാഗ്, അഭയാർത്ഥികളുടെ പ്രതീകമായ അലൻ കുർദി, രോഹിങ്യൻ, രക്തസാക്ഷികളായ ഗൗരീ ലങ്കേഷ്, അഭിമന്യു, അജയ്, ഫാത്തിമ ലത്തീഫ് എന്നിങ്ങനെയാണ് വേദികളുടെ പേര്. വേദികളുടെ പേരിൽ പോലും ഇടതുപക്ഷ നിലപാടുകൾ തിരുകി കയറ്റുന്നു എന്ന ആക്ഷേപവും

ഉയർന്നിട്ടുണ്ട്.