പാറശാല: യുവാവിനെ കമ്പിപ്പാര കൊണ്ട് സി.പി.എം പൊറ്റയിൽക്കട ബ്രാഞ്ച് സെക്രട്ടറി സമീപവാസിയായ ആക്രമിച്ചെന്ന് പരാതി. പരിക്കേറ്റ ആറയൂർ ഈന്തിക്കാലവീട്ടിൽ ബെൻസിഗറിന്റെ മകൻ സുബിൻ (25) പാറശാല താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ 28ന് രാത്രി 8.30ന് പൊറ്റയിൽകട ജംഗ്‌ഷനിൽവച്ച് സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും ബി.എസ്.എൻ.എൽ ജീവനക്കാരനുമായ അനിൽരാജ് ആക്രമിച്ചെന്ന് യുവാവ് പാറശാല പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. ഫോണിൽ സംസാരിച്ചുകൊണ്ട് നിൽക്കുകയായിരുന്ന സുബിനെ യാതൊരു പ്രകോപനവുമില്ലാതെ കമ്പിപ്പാര കൊണ്ട് തലയിൽ അടിക്കുകയും തറയിൽ വീണ ശേഷം ഇടതുകാൽ അടിച്ചൊടിക്കയുമായിരുന്നെന്നാണ് പരാതി. തലയ്‌ക്കും ഇടത് കാലിനും പരിക്കേറ്റ സുബിനെ നാട്ടുകാർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അടിയന്തിര ചികിത്സയ്‌ക്ക് ശേഷം സുബിനെ പാറശാല താലൂക്ക് ഹെഡ്ക്വാട്ടേഴ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബി.എസ്.എൻ.എൽ ടെലഫോൺ പോസ്റ്റുകൾ മോഷ്ടിച്ച് മുറിച്ച് കടത്തുന്നത് നേരിൽ കണ്ടതിന്റെ പ്രതികാരമാണ് ആക്രമണമെന്ന് സുബിൻ പറയുന്നു. എന്നാൽ പൊറ്റയിൽകട പ്രദേശത്ത് അടുത്തിടെ ചില യുവാക്കൾ സ്ഥിരമായി ആക്രമണങ്ങൾ നടത്തുന്നതായും ബ്രാഞ്ച് സെക്രട്ടറി അനിൽരാജിന്റെ വീട് കയറി ആക്രമിച്ച യുവാവിനെ അനിൽരാജ് പിന്തുടർന്ന് വരികയായിരുന്നെന്നും സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി പറയുന്നു. സുബിനെ ആക്രമിച്ചതിന് അനിൽരാജിനെതിരെ പാറശാല പൊലീസ് കേസെടുത്തിട്ടുണ്ട്.