cbse

തിരുവനന്തപുരം: വിദ്യാർത്ഥികളെ വെള്ളം കുടിപ്പിച്ച് സി.ബി.എസ്.ഇ 12ാം ക്ലാസ് ഫിസിക്സ് പരീക്ഷ. കേരളത്തിലെ മൊത്തം സി.ബി.എസ്.ഇ വിദ്യാർത്ഥികൾ ഉൾപ്പെടുന്ന എറണാകുളം റീജിയനു കീഴിൽ ഇന്നലെ നടന്ന പരീക്ഷയാണ് 12ാം ക്ലാസ് വിദ്യാർത്ഥികളുടെ പഠനനിലവാരത്തിനു മുകളിലുള്ള ചോദ്യങ്ങളുമായി വലച്ചത്. കേരളത്തിലെ മുഴുവൻ സി.ബി.എസ്.ഇ വിദ്യാർത്ഥികളും എഴുതുന്ന പരീക്ഷയിലെ പല ചോദ്യങ്ങളും ഐ.ഐ.ടി നിലവാരത്തിലുള്ളവ ആയിരുന്നുവെന്ന് ചോദ്യപേപ്പർ വിലയിരുത്തിയ അദ്ധ്യാപകർ ചൂണ്ടിക്കാട്ടി. നേരത്തെ പൊതുപരീക്ഷയ്ക്ക് മുമ്പായി സി.ബി.എസ്.ഇ തയ്യാറാക്കിയ സാംപിൾ ചോദ്യപേപ്പർ താരതമ്യേന എളുപ്പമായിരുന്നു. ഇതനുസരിച്ചാണ് വിദ്യാലയങ്ങളിൽ മോഡൽ പരീക്ഷ നടത്തിയത്. എന്നാൽ തീരെ പ്രതീക്ഷിക്കാതെയാണ് പൊതുപരീക്ഷ ഇത്രയും കഠിനമായത്.

ഉയർന്ന നിലവാരം പുലർത്തുന്ന വിദ്യാർത്ഥികൾക്കു പോലും ഉത്തരമെഴുതാൻ പ്രയാസമായിരുന്നു. ശരാശരിക്കു താഴെയുള്ളവർ പരീക്ഷയിൽ പരാജയപ്പെട്ടേക്കുമെന്ന ഭീതിയിലാണ്. 70 മാർക്കിന്റെ എഴുത്തുപരീക്ഷയും 30 മാർക്കിന്റെ പ്രാക്ടിക്കലുമടങ്ങുന്നതാണ് പരീക്ഷ. 33 ശതമാനം (28 മാർക്ക്) ആണ് ജയിക്കാൻ വേണ്ടത്

ചെന്നൈയിൽ എളുപ്പം

ഇന്നലെ നടന്ന ചെന്നൈ റീജിയൻ ഫിസിക്സ് പരീക്ഷയിലെ ചോദ്യങ്ങൾ എല്ലാത്തരം വിദ്യാർത്ഥികളെയും പരിഗണിക്കുന്നതായിയിരുന്നെന്ന് അദ്ധ്യാപകർ പറഞ്ഞു. നേരത്തെ എൻ.സി.ഇ.ആർ.ടി എല്ലാ റീജിയനിലും ഒറ്റ നിലവാരത്തിലുള്ള ചോദ്യങ്ങൾ തയ്യാറാക്കാനായിരുന്നു നിർദ്ദേശിച്ചിരുന്നത്. ഇപ്പോൾ ഓരോ റീജിയനും പല നിലവാരത്തിലുള്ള ചോദ്യങ്ങളാണ് തയ്യാറാക്കുന്നത്. 27 ന് നടന്ന ഇംഗ്ലീഷ് പരീക്ഷയെപ്പറ്റി ആക്ഷേപമില്ലായിരുന്നു.

 പരീക്ഷയിൽ ഒരു നിശ്ചിത ശതമാനം ചോദ്യങ്ങൾ ലളിതമായവ ചോദിക്കുകയെന്നതാണ് അനുവർത്തിച്ചു വരുന്ന രീതി. അത് ഫിസിക്സ് പരീക്ഷയിൽ പാലിക്കപ്പെട്ടില്ല. സ്കൂൾ ഓഫ് ടൈമിൽ ചോദ്യങ്ങൾ വായിച്ചപ്പോൾ തന്നെ വിദ്യാർത്ഥികളുടെ ആത്മവിശ്വാസം നഷ്ടപ്പെട്ടിരുന്നു.

-അദ്ധ്യാപിക