pj-joseph

തിരുവനന്തപുരം: കുട്ടനാട് സീറ്റ് തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് യു.ഡി.എഫ് നേതൃത്വത്തിന് മുമ്പാകെ ആവർത്തിച്ച് കേരള കോൺഗ്രസിലെ പി.ജെ. ജോസഫ് വിഭാഗം. ഇന്നലെ വൈകിട്ട് മൂന്ന് മണിക്കൂറിലേറെ നീണ്ട ചർച്ചയിൽ തങ്ങളുടെ വാദഗതികൾ അവർ അവതരിപ്പിച്ചു. മുസ്ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ സാന്നിദ്ധ്യത്തിൽ വീണ്ടും നാളെ വീണ്ടും ചർച്ച നടത്തും. .

. കുട്ടനാട്ട് യു.ഡി.എഫിന് ജയിച്ചേ മതിയാവൂ എന്നും ,പാലായെപ്പോലെ തർക്കിച്ച് നഷ്ടപ്പെടുത്തരുതെന്നും കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി. എന്നാൽ, കഴിഞ്ഞതവണ ആലപ്പുഴ ജില്ലയിൽ ഏറ്റവും കുറഞ്ഞ വോട്ടിനാണ് തങ്ങൾ പരാജയപ്പെട്ടതെന്നും കെ.എം. മാണി ജീവിച്ചിരുന്നപ്പോഴും തങ്ങളുടെ പ്രതിനിധിയാണ് മത്സരിച്ചതെന്നും ജോസഫ് വിഭാഗം ചൂണ്ടിക്കാട്ടി. 4000 വോട്ടിനാണ് കഴിഞ്ഞതവണ പരാജയപ്പെട്ടത്.സീറ്റിനായി ജോസ് വിഭാഗം നടത്തുന്ന അവകാശവാദത്തിന് അടിസ്ഥാനമില്ലെന്നും അവർ വ്യക്തമാക്കി. സീറ്റ് കേരള കോൺഗ്രസിന് അവകാശപ്പെട്ടതാണെങ്കിലും ഇരുപക്ഷവും തർക്കിച്ച് നിൽക്കുന്ന സ്ഥിതിക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടാണ് കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടിയത്.

രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, ഡോ.എം.കെ. മുനീർ എന്നിവരാണ് കേരള കോൺഗ്രസ് നേതാക്കളായ പി.ജെ. ജോസഫ്, ജോയി എബ്രഹാം, മോൻസ് ജോസഫ് എന്നിവരുമായി ചർച്ച നടത്തിയത്. ജോസ് കെ.മാണി വിഭാഗവുമായി ആറിന് ചർച്ച നടത്തും.