മാഡ്രിഡ് : കഴിഞ്ഞ കുറച്ചുനാളായി എൽ ക്ളാസിക്കോയിൽ ജയിക്കാൻ കഴിയാതിരുന്നതിന്റെ കേടുതീർത്ത് സ്വന്തം തട്ടകമായ സാന്റിയാഗോ ബെർണബ്യൂവിൽ റയൽ മാഡ്രിഡിന്റെ തേരോട്ടം. കഴിഞ്ഞരാത്രി നടന്ന സ്പാനിഷ് ലാലിഗ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് റയൽ മാഡ്രിഡ് ചിരവൈരികളായ ബാഴ്സയെ കീഴടക്കിയത്.
ഗോൾ രഹിതമായ ആദ്യപകുതിക്ക് ശേഷം 71-ാം മിനിട്ടിൽ ബ്രസീലിയൻ കൗമാര താരം വിനീഷ്യസ് ജൂനിയറും അവസാനമിനിട്ടിൽ മരിയാനോ ഡയസും നേടിയ ഗോളുകൾക്കാണ് റയൽ വിജയം കണ്ടത്. ഇൗ വിജയത്തോടെ ബാഴ്സയെ മറികടന്ന് റയൽ ലാലിഗയിലെ ഒന്നാംസ്ഥാനം തിരിച്ചുപിടിക്കുകയും ചെയ്തു.
സൂപ്പർ താരങ്ങളായ ലയണൽ മെസി, അന്റോയിൻ ഗ്രീസ്‌മാൻ, അർടുറോ വിദാൽ തുടങ്ങിയവരെ കൂട്ടിയിറങ്ങിയ ബാഴ്സലോണ ആദ്യ പകുതിയിൽ ആധിപത്യം പുലർത്തിയെങ്കിലും റയലിന്റെ കടുത്ത പ്രതിരോധപൂട്ട് പൊളിച്ച് ഗോളടിക്കാനായില്ല. മൂന്നുതവണ ഷോട്ടുതീർക്കാൻ ശ്രമിച്ച മെസിയെ റയൽ ഗോളി കുർട്ടോയ്സ് നിരാശനാക്കി. തുടക്കത്തിൽ തന്നെ ഗോൾ നേടുകയെന്ന തന്ത്രം പിഴച്ചതോടെ രണ്ടാംപകുതിയിൽ പതറിയ ബാഴ്സയെ മാനസികമായി കീഴടക്കാൻ റയലിന് കഴിഞ്ഞു.
71-ാം മിനിട്ടിൽ ടോണി ക്രൂസിൽ നിന്ന് ലഭിച്ച പാസുമായി ഒാടി ബോക്സിലേക്ക് കയറിയ വിനീഷ്യസ് തൊടുത്ത ഷോട്ട് പിക്വെയുടെ പ്രതിരോധവും തകർത്ത് വലയിലേക്ക് പതിക്കുകയായിരുന്നു.സ്കോർ 1-0.
ഇൻജുറി ടൈമിൽ ബെൻസേമയ്ക്ക് പകരക്കാരനായിറങ്ങിയ മരിയാനോ ഡയസ് നിമിഷങ്ങൾക്കകമാണ് സ്കോർ ചെയ്തത്. വന്ന വരവിലെ ആദ്യടച്ചിൽ തന്നെ ഉമിറ്റിറ്റിയെ കബളിപ്പിച്ച മരിയാനോ ബോക്സിലേക്ക് കടന്നുകയറി ഗോളടിക്കുകയായിരുന്നു.സ്കോർ 2-0.
7
എൽക്ളാസിക്കോകളിൽ വിജയിക്കാൻ കഴിയാതിരുന്ന ശേഷമാണ് റയൽ മാഡ്രിഡ് ഇന്നലെ വിജയം കണ്ടത്.
19
വർഷവും 233 ദിവസവും പ്രായമുള്ള ബ്രസീലിയൻ സ്ട്രൈക്കർ വിനീഷ്യസ് ജൂനിയർ പുതിയ നൂറ്റാണ്ടിൽ എൽ ക്ളാസിക്കോയിൽ ഗോൾ നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമെന്ന മെസിയുടെ റെക്കാഡ് മറികടന്നു. 2007 ൽ 19 വർഷവും 259 ദിവസം പ്രായമുള്ളപ്പോഴാണ് മെസി എൽക്ളാസിക്കോയിലെ ആദ്യഗോൾ നേടിയത്.
56
ഇൗ വിജയത്തോടെ റയൽ മാഡ്രിഡിന് 26 മത്സരങ്ങളിൽനിന്ന് 56 പോയിന്റായി. 55 പോയിന്റുള്ള ബാഴ്സലോണയെ മറികടന്ന് ലാലിഗ പോയിന്റ് പട്ടികയിൽ ഒന്നാംസ്ഥാനത്തേക്ക് തിരിച്ചെത്തുകയും ചെയ്തു.