കൊല്ലം: ഏഴ് വയസുകാരി ദേവനന്ദയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് സ്ഥലവാസിയായ ഒരാളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം. വെള്ളത്തിൽ മുങ്ങി മരിച്ചുവെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടെങ്കിലും മരിയ്ക്കും മുമ്പുള്ള സംഭവങ്ങളിലെ അവ്യക്തത നീക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. ഇതിന്റെ ഭാഗമായി ഇന്ന് ഉച്ചയോടെ ഫോറൻസിക് സർജൻമാരടങ്ങുന്ന സംഘം ഇളവൂരിലെത്തും. പുഴയിലേക്ക് കുട്ടി വീണതിൽ അസ്വാഭാവികതയുണ്ടെന്ന നേരിയ സംശയമെങ്കിലും സംഘത്തിന് ബോദ്ധ്യപ്പെട്ടാൽ സംശയ നിഴലിലുള്ളയാളെ കസ്റ്റഡിയിലെടുക്കും. ദേവനന്ദയുടെ ബന്ധുക്കൾ ഈ വ്യക്തിയെ സംശയമുള്ളതായി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു.
വീടുമായും കുട്ടിയുമായും അടുത്തിടപഴകുന്ന ആൾക്ക് കുട്ടിയെ ബലപ്രയോഗം കൂടാതെ കൂട്ടിക്കൊണ്ടുപോകാൻ കഴിയുമെന്നാണ് നിഗമനം. അതിനാലാണ് സംശയിക്കുന്നവരുടെ പട്ടികയിൽ ഒന്നാമനായി അന്വേഷണ സംഘം സ്ഥലവാസിയായ ആളെ നിലനിർത്തിയത്. സംശയങ്ങളും നിഗമനങ്ങളും ഏറെയുണ്ടെങ്കിലും തെളിവുകളില്ലാത്തതാണ് അന്വേഷണ സംഘത്തെ വലയ്ക്കുന്നത്. ഇന്നലെ രാവും പകലും അന്വേഷണ സംഘം ഇളവൂരിൽ ഉണ്ടായിരുന്നു. നിഗമനങ്ങൾ ശരിവയ്ക്കുന്ന തരത്തിൽ ഒന്നും കണ്ടെത്താനായിട്ടില്ല.
പോസ്റ്റുമോർട്ടം നടത്തിയ മെഡിക്കൽ സംഘം ഉൾപ്പെടെ ഇന്ന് സ്ഥലത്തെത്തുമ്പോൾ കേസന്വേഷണത്തിന് സഹായകരമായ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. ബന്ധുക്കളുടെയും നാട്ടുകാരുടെയുമടക്കം നൂറുകണക്കിന് ആളുകളുടെ മൊഴി രേഖപ്പെടുത്തിയതിൽ നിന്ന് സംശയങ്ങളുടെ ഒരായിരം ചോദ്യങ്ങൾ അന്വേഷണ സംഘത്തിന് മുന്നിലുമുണ്ട്. ദേവനന്ദ പുഴയിൽ മുങ്ങിമരിച്ചതു തന്നെയെന്ന് അന്വേഷണ സംഘത്തെപ്പോലെ നാട്ടുകാർക്കും വ്യക്തമാണ്. എന്നാൽ ബാഹ്യ പ്രേരണയാൽ പുഴയിലേക്ക് ചാടിയതോ എടുത്തെറിഞ്ഞതോ ആകാം. അക്കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ട്. വിദഗ്ധ സംഘം ഇന്ന് പ്രധാനമായും പരിശോധിക്കുന്നത് അതുതന്നെയാണ്.
ദേവനന്ദയുടെ മരണത്തിന് പിന്നിൽ സംശയങ്ങളില്ലെന്ന് അന്വേഷണ സംഘം പൊതുവെ പറയുന്നുണ്ടെങ്കിലും അന്വേഷണം ഊർജ്ജിതമാണ്. മരണത്തിൽ അസ്വാഭാവികത ഉണ്ടെന്നതിനാലാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ അഭ്യർത്ഥന പ്രകാരം പോസ്റ്റുമോർട്ടം നടത്തിയ വിദഗ്ധ സംഘം സംഭവ സ്ഥലം സന്ദർശിക്കാനെത്തുന്നത്. കുട്ടിയെ ആരെങ്കിലും പുഴയിലേക്ക് എടുത്തെറിഞ്ഞാൽ സംഭവിക്കുന്നത് എന്താണെന്ന ഉത്തരം തേടുകയാണ് ഇതിന് പിന്നിലുള്ള ഉദ്ദേശം.
ഉത്തരം കിട്ടേണ്ടത്
1. ചെരിപ്പില്ലാതെ പുറത്തിറങ്ങാത്ത കുട്ടി പുഴക്കരവരെ ചെരിപ്പില്ലാതെ പോയോ?
2. കാണാതായി ഒരു മണിക്കൂറിന് ശേഷം മരണം, അതുവരെ കുട്ടി എവിടെ ആയിരുന്നു?
3. വീട്ടിലെ ഹാളിനുള്ളിൽ ഇളയ കുട്ടിയെ കളിപ്പിച്ചുകൊണ്ടിരുന്ന ദേവനന്ദ വീടിന് പുറത്തേക്ക് പോകാൻ കാരണം?
4. പൊലീസ് ട്രാക്കർ ഡോഗ് റീന ആളൊഴിഞ്ഞ വീട്ടിനടുത്തേക്ക് ഓടിയത് എന്തിന്?
5. വീടിന് പിന്നിലെ മതിൽ വഴിയാണ് പൊലീസ് നായ പോയത്, കുട്ടി ഇത് ചാടിക്കടക്കാനുള്ള സാദ്ധ്യത എത്രത്തോളം ?
6. മുൻപ് പോയിട്ടില്ലാത്ത വഴിയിലൂടെ കുട്ടി ഒറ്റയ്ക്ക് പോകുമോ ?
7. വീട്ടിൽ നിന്ന് കുട്ടിയെ എടുത്തുകൊണ്ടുപോകാൻ സ്വാതന്ത്ര്യമുള്ളയാൾക്ക് കൃത്യത്തിൽ പങ്കുണ്ടാകില്ലേ?