നെയ്യാറ്റിൻകര: ദീർഘനാളത്തെ ഇടവേളക്ക് ശേഷം നഗരത്തിൽ തെരുവ് നായ ശല്യം വർദ്ധിക്കുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ നിരവധിപേരാണ് നായകടിയേറ്റ് നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയത്. നെയ്യാറ്റിൻകര ടൗൺ മാർക്കറ്റ്, അക്ഷയ കോംപ്ലക്‌സ് പരിസരം, ജനറൽ ആശുപത്രി, കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ എന്നിവിടങ്ങളാണ് നായ്ക്കളുടെ പ്രധാന താവളങ്ങൾ. സ്കൂൾ പരിസരങ്ങളിലും തെരുവ് നായശല്യം വർദ്ധിച്ചതായി അദ്ധ്യാപകർ പറയുന്നു. മാലിന്യം റോഡരികിൽ വലിച്ചെറിയുന്നതിന് നിയന്ത്രണം വന്നതോടെ ജംഗ്ഷനുകൾ കേന്ദ്രീകരിച്ച് മാലിന്യം കത്തിക്കുന്നത് പതിവാണ്. ഇതോടെയാണ് നായ്‌ക്കൾ നഗരങ്ങളിലേക്ക് കടന്നത്. നേരത്തെ നെയ്യാറ്റിൻകര ട്രാൻസ്പോർട്ട് ബസ് സ്റ്റേഷന് പിൻവശത്തെ കോൺവെന്റ് റോഡിലാണ് ഏറ്റവുമധികം തെരുവുനായ്ക്കളുള്ളത്. ഇവിടെ രാത്രിയുടെ മറവിൽ മാലിന്യം കുന്നുകൂടുന്നതാണ് കാരണം. സഹികെട്ട നാട്ടുകാർ റോഡരുകിൽ പൂച്ചെട്ടി വച്ചതിനെ തുടർന്ന് സമീപത്തെ മറ്റൊരു സ്ഥലത്താണ് ഇപ്പോൾ മാലിന്യ നിക്ഷേപം. പുലർച്ചെ ട്യൂഷന് പോകുന്ന വിദ്യാർത്ഥികൾ ഉൾപ്പടെ ഏറെ ഭയന്നാണ് നിരത്തിലിറങ്ങുന്നത്.തെരുവ് നായ്ക്കൾ വളർത്തു മൃഗങ്ങളെ അക്രമിക്കുന്ന സംഭവങ്ങളും വർദ്ധിച്ചു. കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ ആക്രമണത്തിന് വിധേയരാകുന്നുണ്ട്. നായകൾ റോഡിന് കുറുകെ ചാടുന്നതിനാൽ അപകടങ്ങളും പതിവാണ്. നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിൽ മതിയായ ചികിത്സാസൗകര്യമില്ലെന്ന് പരാതിയുണ്ട്.
വന്ധ്യംകരണം പാളി
അപകടകാരികളായ നായ്‌ക്കളെ പിടികൂടി കൊല്ലാമെന്ന് സർക്കാർ നിർദ്ദേശമുണ്ടെങ്കിലും നഗരസഭ മെനക്കെടുന്നില്ലെന്നാണ് പരാതി. ആറ് മാസം മുൻപ് നിരവധി തെരുവ് നായ്‌ക്കളെ പിടികൂടിയതിനാൽ ഇവയുടെ ശല്യം കുറഞ്ഞിരുന്നു. എ.ബി.സി പദ്ധതിയുടെ ഭാഗമായി വന്ധ്യംകരണത്തിന് നായയെ എത്തിക്കുന്നതിന് 800 രൂപയാണ് അനുവദിച്ചിട്ടുള്ളത്.നായയെ പിടികൂടി ആശുപത്രിയിലെത്തിക്കാനും നാല് ദിവസത്തോളം മൃഗാശുപത്രിയിൽ പാർപ്പിക്കാനും സംവിധാനമുണ്ട്. എന്നാൽ വന്ധ്യംകരണം കൃത്യമായി നടക്കുന്നില്ല.
കടിയേറ്റാൽ