ravi-pujari

കൊച്ചി: ബ്യൂട്ടിപാർലർ വെടിവയ്പ്പ് കേസിലെ പരാതിക്കാരിയും നടിയുമായ ലീന മരിയ പോളിന്റെ ഹവാല ബന്ധങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ഒരുങ്ങി ക്രൈം ബ്രാഞ്ച്. കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ച് മേധാവി ടോമിൻ ജെ.തച്ചങ്കരിയുടെ നേതൃത്വത്തിൽ ബംഗളൂരുവിൽ എത്തിയ അന്വേഷണ സംഘം അവിടുത്തെ പൊലീസ് ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിൽ ബ്യൂട്ടിപാർലർ വെടിവയ്പ്പ് കേസുമായി ബന്ധപ്പെട്ട ലഭിച്ച നിർണായ വിവരങ്ങളെ തുടർന്നാണ് ഇപ്പോൾ ലീനയെക്കുറിച്ചും ഇവരുടെ ഹവാല ബന്ധങ്ങളെക്കുറിച്ചും അന്വേഷിക്കാൻ ക്രൈം ബ്രാഞ്ചിനെ പ്രേരിപ്പിച്ചിരിക്കുന്നത്.

ക്രൈം ബ്രാഞ്ച് ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘത്തെ ഇതിനായി നിയമിച്ചിട്ടുണ്ട്. നടി ലീന മരിയ പോളിനെതിരെ ക്വട്ടേഷൻ നൽകിയത് താനാണെന്നും പണം തട്ടുന്നതിന് വേണ്ടിയാണ് ഭീഷണിപ്പെടുത്തിയതെന്നും രവി പൂജാരിയും സമ്മതിച്ചിട്ടുണ്ട്. നടി ലീന മരിയ പോളും നിരവധി തട്ടിപ്പു കേസുകളിൽ പ്രതിയാണ്. നിലവിൽ സി.ബി.ഐ അന്വേഷിക്കുന്ന കേസുമായി ബന്ധപ്പെട്ട് അവർ ഒളിവിൽ കഴിയുകയാണ്.

ആ മൊഴി ലീനയെ കുടുക്കും ?
തട്ടിപ്പ് നടത്തുന്ന ഇത്തരം വ്യക്തികളെ കേന്ദ്രീകരിച്ചാണ് രവി പൂജാരിയുടെ ക്വട്ടേഷനും ഭീഷണികളുമെന്നാണ് ബംഗളൂരു പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. അങ്ങനെയെങ്കിൽ ലീനയുടെ ഹവാല ഇടപാടുകളെക്കുറിച്ച് വ്യക്തമായ ധാരണ പൂജാരിക്ക് ഉണ്ടായിരിക്കും. ഇത് പുജാരി വെളിപ്പെടുത്തിയാൽ ലീന കുടുങ്ങും. എന്നാൽ, രവി പൂജാരി ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വെളിപ്പെടുത്തൽ ഒന്നും നടത്തിയിട്ടില്ല. ഇയാളെ കസ്റ്റഡിയിൽ വാങ്ങി കേരളത്തിലെത്തിച്ച് ചോദ്യം ചെയ്യാനാണ് ക്രൈം ബ്രാഞ്ച് ആലോചിക്കുന്നത്. ചോദ്യം ചെയ്യലിൽ മനസ് തുറന്നാൽ ലീനയുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളിലേക്കും അന്വേഷണ സംഘത്തിന് എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കും.

സി.ബി.ഐ ഉദ്യോഗസ്ഥർ ചമഞ്ഞു ഹൈദരാബാദിലെ വ്യവസായി സാംബശിവ റാവുവിൽ നിന്നും പണം തട്ടാൻ ശ്രമിച്ച കേസിലെ മുഖ്യപ്രതിയാണ് ലീന മരിയ പോൾ. ഇവർ അന്വേഷണ സംഘത്തെ അന്വേഷണ സംഘത്തെ വെട്ടിച്ചു വിദേശത്തേക്ക് കടന്നതായാണ് വിവരം. കേസിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ടു ലീനയുടെ കൊച്ചിയിലെ ബ്യൂട്ടി സലൂണിലും ചെന്നൈയിലെ വീട്ടിലും സി.ബി.ഐ നോട്ടിസ് പതിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇവർ അപ്രത്യക്ഷമാണ്. ചോദ്യം ചെയ്യലിനു ഹാജരാകാത്തതിനെ തുടർന്നു ലീനയ്‌ക്കെതിരെ സിബിഐ തെരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്. രാജ്യത്തെ മുഴുവൻ വിമാനത്താവളങ്ങളിലും ലീനയുടെ ചിത്രങ്ങൾ സഹിതം ജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ്. സി.ബി.ഐയുടെ ഈ നീക്കത്തിനു മുൻപുതന്നെ ലീന രാജ്യംവിട്ടിരിക്കാനുള്ള സാദ്ധ്യതയും അന്വേഷണസംഘം തള്ളിക്കളയുന്നില്ല.

രവി പൂജാരി ഡി കമ്പനിയുടെ ഡബിൾ ഏജന്റ് ?

ദാവൂദ് ഇബ്രാഹിമിന്റെ രാജ്യാന്തര ക്രിമിനൽ സംഘമായ ‘ഡി കമ്പനി’യുടെ ഡബിൾ ഏജന്റാണ് രവി പൂജാരിയെന്ന നിഗമനം ശക്തമാകുന്നു. ദാവൂദ് ഇബ്രാഹിമിന്റെ വലംകയ്യായിരുന്ന ഛോട്ടാ രാജനാണ് കർണാടകക്കാരനായ രവി പൂജാരിയെ മുംബയ് അധോലോകത്തിന്റെ ഭാഗമാക്കുന്നത്.

ദാവൂദിന്റെ വിശ്വസ്‌തൻ ഛോട്ടാ ഷക്കീലുമായുണ്ടായ പടലപ്പിണക്കം ഛോട്ടാ രാജനെ ഡി കമ്പനിയുമായി തെറ്റിച്ചിരുന്നു. ഇതോടെയാണ് സ്വന്തം അധോലോക സംഘത്തിന് അദ്ദേഹം രൂപം നൽകിയത്. ഇതിന്റെ ഭാഗമായിട്ടാണ് രവി പൂജാരിയും കുപ്രസിദ്ധനാവുന്നത്.

ദാവൂദ് ഏർപ്പെടുത്തിയ അക്രമികൾ തായ്‌ലൻഡിലെ ബാങ്കോക്കിൽ ഛോട്ടാ രാജനെ കൊലപ്പെടുത്താൻ ശ്രമിച്ചതോടെ ദാവൂദിനെതിരെ കൊലവിളി നടത്തിയാണു രവി പൂജാരി അധോലോകത്തിൽ ശ്രദ്ധ പിടിച്ച് പറ്റുന്നത്. എന്നാൽ ഇതൊരു നാടകമായിരുന്നെന്നാണ് രഹസ്യാന്വേഷണ ഏജൻസികളുടെ ഇപ്പോഴത്തെ നിഗമനം. ഇന്തോനേഷ്യയിലെ ബാലിയിൽ നിന്നു സി.ബി.ഐ അറസ്റ്റ് ചെയ്ത ഛോട്ടാ രാജൻ ഇപ്പോൾ തിഹാർ ജയിലിലാണ്.

2000ൽ ഇന്ത്യ വിട്ട രവി പൂജാരിയെ ഇന്റർപോളിന്റെ സഹായത്തോടെ കഴിഞ്ഞ മാസം അവസാനമാണ് അറസ്റ്റ് ചെയ്‌ത് ഇന്ത്യയിൽ എത്തിച്ചത്. ഓസ്ട്രേലിയ, സെനഗൽ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലാണ് അന്തോണി ഫെർണാണ്ടസ് എന്ന വ്യാജപ്പേരിൽ രവി പൂജാരി തങ്ങിയത്. ഇതിനിടയിൽ ഡി കമ്പനിക്കെതിരായ കൊലവിളി തുടർന്ന രവി പൂജാരി ഒരിക്കൽ മാത്രമാണ് ഡി കമ്പനിയുമായി അടുപ്പമുള്ള ഒരാളെ ആക്രമിച്ചത്. ഛോട്ടാ ഷക്കീലിന്റെ അഭിഭാഷകനായ റഷീദ് മലബാറിയെ ആക്രമിച്ചതിനു ശേഷം ഒരിക്കൽപോലും ദാവൂദ് സംഘാംഗങ്ങളെ രവി പൂജാരി ആക്രമിച്ചില്ല.

മുംബയ് സ്ഫോടന പരമ്പരയ്ക്ക് ശേഷം ഇന്ത്യൻ പൊലീസ് സേനകളിലെ അടുത്തബന്ധങ്ങളിൽ പലതും മുറിഞ്ഞുപോയ ദാവൂദ് ഇബ്രാഹിമിന്റെ ഇടനിലക്കാരനായത് രവി പൂജാരിയാണെന്നും രഹസ്യ വിവരമുണ്ട്. ഛോട്ടാ രാജനുമായി അകന്നിട്ടും ഡി കമ്പനി രവി പൂജാരിയുമായി രഹസ്യബന്ധം തുടർന്നതിനുള്ള തെളിവുകൾ ഏജൻസികൾക്കു ലഭിച്ചിട്ടുണ്ട്.

പൊലീസ് സംഘം ബംഗളൂരുവിൽ

രവി പൂജാരിക്ക് കേരള പൊലീസിലെ ചില ഉദ്യോഗസ്ഥരുമായി ഇടപാടുണ്ടെന്ന വെളിപ്പെടുത്തലിനെ തുടർന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ കേരള പൊലീസ് സംഘം ബംഗളൂരുവിൽ ക്യാമ്പ് ചെയ്യുകയാണ്. ഭീകരവിരുദ്ധ സേനാ തലവൻ അനൂപ് കുരുവിള ജോൺ, കൊല്ലം അഡീഷണൽ എസ്.പി ജോസി ചെറിയാൻ എന്നിവരാണ് സംഘത്തിലുള്ളത്. രവി പൂജാരിയെ ചോദ്യം ചെയ്യുന്ന കർണാടക പൊലീസിന്റെ സഹകരണത്തോടെ കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാനാണു ശ്രമം.

രവി പൂജാരിയെ ഉടനെ കേരളത്തിലേക്ക് കൊണ്ടുവരാൻ കഴിയില്ലെന്നാണ് സൂചന. ഇയാളുടെ പേരിൽ വിവിധ സംസ്ഥാനങ്ങളിലായി 170 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കർണാടകയിൽ മാത്രം 97 കേസുണ്ട്. കേരളത്തിൽ നിലവിൽ ഒരെണ്ണം മാത്രം ഉള്ളതിനാൽ രവി പൂജാരിയെ ഉടനെ വിട്ടുകിട്ടാനിടയില്ല. രവി പൂജാരിയുടെ മൊഴി ഔദ്യോഗികമായി രേഖപ്പെടുത്തിയ ശേഷമാകും പൊലീസ് ഉദ്യോഗസ്ഥരുമായുള്ള ബന്ധത്തെക്കുറിച്ചുള്ള അന്വേഷണത്തിലെ തുടർനടപടികൾ. കേരളത്തിലെ മറ്റ് ബന്ധങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിക്കും.