1955 സെപ്റ്റംബർ 30നാണ് കാലിഫോണിയയ്ക്ക് സമീപമുണ്ടായ കാറപടകത്തിൽ പ്രശസ്ത ഹോളിവുഡ് നടനായ ജെയിംസ് ഡീൻ കൊല്ലപ്പെട്ടത്. കാറോട്ട മത്സരങ്ങളിൽ കമ്പമുണ്ടായിരുന്ന ജെയിംസ് അതേ പോലൊരു മത്സരത്തിൽ പങ്കെടുക്കാൻ തന്റെ സിൽവർ പോർഷെ 550 സ്‌പൈഡർ എന്ന കാറിൽ സഞ്ചരിക്കവെയായിരുന്നു അപടകടം. മരിക്കുമ്പോൾ വെറും 24 വയസായിരുന്നു ജെയിംസിന്റെ പ്രായം. ജെയിംസിന്റെ അകാലമരണം ഹോളിവുഡിനെ വല്ലാതെ ഞെട്ടിച്ചിരുന്നു. പിന്നീട് വാർത്തകളിൽ നിറഞ്ഞു നിന്നത് ആ പോർഷെ 550 കാറായിരുന്നു.ശാപം കിട്ടിയതെന്നാണ് ജെയിംസിന്റെ പോർഷെ അറിയപ്പെടുന്നത്.
അപകടത്തിൽ തകർന്നു തരിപ്പണമായത് വിലകൂടിയ പോർഷെ ആയിരുന്നതിനാൽ അങ്ങനെയൊന്നും കളയാൻ നിർമാതാക്കൾക്ക് ഉദ്ദേശമില്ലായിരുന്നു. 1956ൽ ജെയിംസിന്റെ കാർ രൂപകല്പന ചെയ്ത ജോർജ് ബാരിസ് കാറിന്റെ അവശിഷ്ടങ്ങൾ പ്രദർശനത്തിന് വച്ചു. പ്രദർശനശാല തീപിടിച്ചതോടെയാണ് പോർഷെയെ ചുറ്റിയുള്ള കഥകളുടെ തുടക്കം. തീപിടിത്തത്തിൽ പോർഷെയ്ക്ക് യാതൊരു കേടുപാടും സംഭവിച്ചില്ല. പിന്നീട് കാറിന്റെ ഓരോ ഭാഗങ്ങളും വേർപ്പെടുത്തി പുതിയ വാഹനങ്ങളിൽ കൂട്ടിച്ചേർക്കാൻ പദ്ധതിയിട്ടു. കാർ ഗാരേജിലേക്ക് മാറ്റുന്നതിനിടെ വണ്ടിയുടെ എൻജിൻ ഒരു മെക്കാനിക്കിന്റെ കാലിലേക്ക് വീണ്, അയാൾക്ക് കാൽ നഷ്ടമായി. കാറിന്റെ വാതിലുൾപ്പെടെയുള്ള ഭാഗങ്ങളുമായി പോയ ട്രക്ക് അപകടത്തിൽപ്പെട്ട് ഡ്രൈവറും മരിച്ചു.
ജെയിംസിന്റെ കാറിന്റെ ഡ്രൈവ്ട്രെയ്ൻ വില്യം എഫ്. എഷ്റിച്ച് എന്ന റേസറുടെ കാറിൽ ഘടിപ്പിച്ചു. വില്യം മുമ്പ് ജെയിംസുമായി കാറോട്ടമത്സരം നടത്തിയിട്ടുണ്ട്. ആദ്യ ഓട്ടത്തിൽ തന്നെ കാർ അപകടത്തിൽപ്പെടുകയും വില്യമിന് ഗുരുതര പരിക്കേൽക്കുകയും ചെയ്‌തു. പോർഷെയുടെ എൻജിൻ ഘടിപ്പിച്ച ട്രോയ് മക്ഹെൻറി എന്ന റേസറുടെ കാറിനും ഇതേ വിധിയായിരുന്നു. അപകടത്തിൽ മക്ഹെൻറി മരിച്ചു. 1959ൽ പോർഷെ സൂക്ഷിച്ച ഗാരേജിനും തീപിടിച്ചിരുന്നു. ഒടുവിൽ 1960 ഓടെ പോർഷെ അപ്രത്യക്ഷമായി. ജെയിംസ് ഡീനിന്റെ പോർഷെയക്ക് പിന്നീട് എന്തു സംഭവിച്ചെന്ന് ആർക്കും അറിയില്ല.