കടയ്ക്കാവൂർ: കടയ്ക്കാവൂരിലെ ഏറ്റവും പ്രധാനപ്പെട്ട ജംഗ്ഷനായ ചെക്കാലവിളാകം ജംഗ്ഷനിൽ ബസ് കാത്തിരിപ്പു കേന്ദ്രമില്ലാതെ യാത്രക്കാർ വലയുന്നു.
നിരവധി ബാങ്കുകളും, ഒാഫീസുകളും,വിദ്യാലയങ്ങളും, വൈദ്യുതി ഒാഫീസും ഈ ജംഗ്ഷൻ കേന്ദ്രികരിച്ചുണ്ട്. കൂടാതെ പഞ്ചായത്തിലെ തിരക്കുള്ള മാർക്കറ്റ്, ആശുപത്രികൾ, വ്യാപാരസ്ഥാപനങ്ങൾ, ഹോട്ടലുകൾ, ബേക്കറികൾ എന്നിവയും ഈ ജംഗ്ഷനിലുണ്ട്.
വെയിലും മഴയും സഹിച്ചാണ് ബസ് കാത്ത് നിൽക്കുന്നത്. അതിനാൽ കാത്തിരിപ്പു കേന്ദ്രം വേണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് മുൻ എം.പിക്കും എം.എൽ.എയ്ക്കും നിരവധി നിവേദനങ്ങൾ നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ചെക്കാലവിളാകം ജംഗ്ഷനിൽ എസ്.ബി.ഐയ്ക്കും അയ്യപ്പൻ കോവിലിനും ഇടയിൽ കാത്തിരിപ്പുകേന്ദ്രം നിർമ്മിക്കാൻ സ്ഥലമുണ്ടെന്ന് നാട്ടുകാർ ചൂണ്ടി കാണിക്കുന്നു. അവിടെയുള്ള ടി.വി ക്വിയോസകിന് തടസം വരാതെ തന്നെ കാത്തിരിപ്പു കേന്ദ്രം നിർമ്മിക്കാൻ കഴിയും. എന്നാൽ സ്ഥലസൗകര്യമില്ലെന്നാണ് അധികൃതർ പറയുന്നത്. ട്രാഫിക്ക് ഐലന്റ് ഉപയോഗപ്പെടുത്തി കാത്തിരിപ്പു കേന്ദ്രം നിർമ്മിക്കാൻ കഴിയുമോ എന്നും നോക്കേണ്ടതാണ്. ആറ്റിങ്ങൽ ഭാഗത്തേക്കും വർക്കല ഭാഗത്തേക്കും ചിറയിൻകീഴ് ഭാഗത്തേക്കും പോകേണ്ട യാത്രക്കാർ ഇൗ ജംഗ്ഷനിൽ മുന്നു സ്ഥലത്താണ് ബസ് കാത്തു നിൽക്കുന്നത്. സ്ഥലസൗകര്യമില്ലാത്ത സ്ഥലത്ത് നടപ്പാതയുടെ കുറച്ചുഭാഗം കൂടി ഉൾപ്പെടുത്തി ബസ് കാത്തിരിപ്പു കേന്ദ്രം നിർമ്മിച്ച സ്ഥലങ്ങളുമുണ്ട്. ഇൗ സൗകര്യങ്ങളും കടയ്ക്കാവൂരിൽ ഉപയോഗപ്പെടുത്താൻ ബന്ധപ്പെട്ടവർ ശ്രമിക്കുന്നില്ല. അടിയന്തരമായി ചെക്കാലവിളാകം ജംഗ്ഷനിൽ ബസ് കാത്തിരിപ്പു കേന്ദ്രം നിർമ്മിച്ച് യാത്രക്കാരുടെ ബുദ്ധിമുട്ട് ഒഴിവാക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.