തിരുവനന്തപുരം: 'അമ്മേ നാരായണ ദേവീ നാരായണ ' മന്ത്രങ്ങൾ ഉരുവിട്ടും ആയിരത്തെട്ട് നമസ്കാരം പൂർത്തിയാക്കിയും ദേവിയുടെ പുറത്തെഴുന്നള്ളത്തിന് അകമ്പടി സേവിക്കാനായി കുത്തിയോട്ട ബാലൻമാർ ഇന്നലെ വൃതമെടുത്തുതുടങ്ങി. കുത്തിയോട്ട വ്രതാരംഭത്തിന് ഇത്തവണ 830 ബാലൻമാരാണുള്ളത്. കുത്തിയോട്ട ബാലന്മാരുടെ പ്രാർത്ഥനകളാൽ ആറ്റുകാലും പരിസരവും ഇന്നലെ ഭക്തിനിർഭരമായി. ക്ഷേത്രക്കുളത്തിൽ കുളിച്ച് ഈറനോടെയെത്തിയ ബാലന്മാർ ആദ്യം ആറ്റുകാലമ്മയെ വണങ്ങി. കാപ്പുകെട്ടി പള്ളിപ്പലകയിൽ ഏഴ് നാണയങ്ങൾ ദേവിക്ക് കാഴ്ചവച്ച് മേൽശാന്തിയിൽ നിന്ന് പ്രസാദം വാങ്ങിയതോടെയാണ് വ്രതം ആരംഭിച്ചത്. പുലർച്ചെ 4.30ന് നിർമ്മാല്യത്തിൽ തുടങ്ങി ഭക്തരുടെ തിരക്കിൽ ക്ഷേത്ര പരിസരം നിറഞ്ഞു. 7.30ന് പന്തീരടി പൂജ നടന്നു. ഉച്ചയ്‌ക്കുള്ള ദീപാരാധന തൊഴാൻ ആയിരങ്ങളാണ് ക്ഷേത്രസന്നിധിയിലെത്തിയത്. രാത്രി 7.15ന് ഭഗവതി സേവയും 9.30ന് അത്താഴശ്രീബലിയും നടന്നു. പുലർച്ചെ 12 ന് ദീപാരാധനയും കഴിഞ്ഞ് 1 നാണ് നട അടച്ചത്.
കുത്തിയോട്ടം
പുലർച്ചെ കുളിച്ച് ഈറനോടെ ദേവീ നാമജപവുമായി പ്രദക്ഷിണം ചെയ്ത് 1008 നമസ്‌കാരം നടത്തി ക്ഷേത്രസന്നിധിയിൽ ഏഴ് ദിവസം ഭജനമിരിക്കും കുത്തിയോട്ട ബാലൻമാർ. ഒൻപതാം ദിവസം പൊങ്കാല നിവേദ്യത്തിന് ശേഷമാണ് കുത്തിയോട്ടം തുടങ്ങുന്നത്. കുട്ടികളുടെ വാരിയെല്ലിന് താഴെയായി ചൂരൽ കുത്തുന്നതോടെയാണ് ചടങ്ങിന് തുടക്കമാകുന്നത്. വെള്ളിയിൽ നിർമ്മിച്ച നൂലാണ് ചൂരലായി സങ്കല്പിച്ച് കുത്തുന്നത്. തുടർന്ന് അണിഞ്ഞൊരുങ്ങിയ കുട്ടികൾ പുറത്തെഴുന്നള്ളിപ്പ് ഘോഷയാത്രയിൽ അകമ്പടി സേവിക്കും. മണക്കാട് ശാസ്താക്ഷേത്രത്തിലെത്തിയശേഷം തിരികെ ആറ്റുകാലിലെത്തുമ്പോൾ വെള്ളിനൂൽ ഊരിയെടുത്ത് ദേവിക്ക് സമർപ്പിക്കും. ഇതോടെ കുത്തിയോട്ട നേർച്ച അവസാനിക്കും.
.
തോറ്റംപാട്ട്
കോവലനെ ദേവി കല്യാണം കഴിക്കുന്നതിന്റെ വർണനകളാണ് ഇന്നലെ തോറ്റംപാട്ടിൽ അവതരിപ്പിച്ചത്. ഈ ഭാഗം മാലപ്പുറം പാട്ട് എന്നാണറിയപ്പെടുന്നത്. കൊഞ്ചിറ സ്വദേശി മധുവാശാന്റെ നേതൃത്വത്തിലാണ് തോറ്റംപാട്ട് അരങ്ങേറുന്നത്. ദരിദ്രനായ കോവലൻ ദേവിയുടെ നിർബന്ധത്തിന് വഴങ്ങി നിത്യവൃത്തിക്കായി ചിലമ്പ് വിൽക്കാൻ പോകുന്ന ഭാഗമാണ് ഇന്ന് അവതരിപ്പിക്കുക. രാവിലെ ഏഴിന് തുടങ്ങി ഉച്ചയ്ക്ക് ഒരു മണിവരെയാണ് പാട്ട്. പഴയ തലമുറയിൽപ്പെട്ടവരാണ് കഥ കേൾക്കാനെത്തിയവരിൽ ഏറെയും. ദിവസവും പന്തലിലെത്തി കഥാഭാഗം ആസ്വദിക്കുന്നവരുമുണ്ട് ഭക്തരിൽ. ഇവർക്ക് പാട്ടും കഥാഭാഗങ്ങളും കാണാപാഠം.
വേദിയിൽ ഇന്ന്
അംബ -മെയിൻ സ്റ്റേജ്
വൈകിട്ട് 5 ന് മാനസജപലഹരി , രാത്രി 7 ന് ശാസ്ത്രീയ നൃത്തം , 9.30 ന് ഫ്യൂഷൻ
അംബിക -മിനിസ്റ്റേജ്
രാവിലെ 5 മണിമുതൽ 11 വരെ ഭജന, സംഗീതക്കച്ചേരി, ദേവി മാഹാത്മ്യ പാരായണം
അംബാലിക - മിനിസ്റ്റേജ്
രാവിലെ 5 മണിമുതൽ 11 വരെ
ലളിതാ സഹസ്രനാമം, ഭക്തിഗാനസുധ, ദേവി മാഹാത്മ്യപാരായണം, ദേവീസ്തുതികൾ,
വൈകിട്ട് 5 മുതൽ 11 വരെ ഭജന, ഭരതനാട്യം, ശാസ്ത്രീയനൃത്തം.
നടപ്പാതകളിൽ പൊങ്കാല പാടില്ല
തിരുവനന്തപുരം റോഡ് വികസന പദ്ധതിയുടെ ഭാഗമായി നവീകരിച്ചിട്ടുള്ള റോഡുകളുടെ നടപ്പാതകളിലെ വിലകൂടിയ ടൈലുകൾക്ക് മുകളിൽ അടുപ്പ് കൂട്ടരുതെന്ന് പൊങ്കാല മഹോത്സവ പബ്ലിസിറ്റി കമ്മിറ്റി കൺവീനർ അറിയിച്ചു. കഠിനമായ ചൂടേറ്റാൽ ടൈലുകൾ പൊട്ടിപ്പോകുമെന്നതിനാലാണ് ഈ നിർദ്ദേശമെന്നും കൺവീനർ പറഞ്ഞു.