സംസ്ഥാനത്തെ എല്ലാ ഹയർ സെക്കൻഡറി സ്കൂളുകളിലെയും കെമിസ്ട്രി ലാബുകളിൽ കുടിവെള്ളം പരിശോധിച്ച് ഗുണമേന്മ ഉറപ്പുവരുത്താനുള്ള ഹരിതകേരളം മിഷന്റെ പുതിയ പദ്ധതി ഏറെ ശ്ളാഘനീയമാണ്. പ്രധാനമായും കിണർ വെള്ളത്തിന്റെ ശുദ്ധിയാണ് പരിശോധനയിലൂടെ ഉറപ്പാക്കുന്നത്. സംസ്ഥാനത്ത് അറുപതു ലക്ഷത്തോളം കിണറുകൾ ഉണ്ടെന്നാണ് ഏകദേശ കണക്ക്. വളരെ കുറച്ചുപേരെ വെള്ളം പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കി ഉപയോഗിക്കാറുള്ളൂ. ഭൂരിപക്ഷവും പൂർണവിശ്വാസത്തിൽ അതു ഉപയോഗിക്കുന്നുവെന്നു മാത്രം. പരിശോധനാ സൗകര്യങ്ങളുടെ അഭാവമാണ് പ്രധാന കാരണം. കുടിനീരിന്റെ ശുദ്ധതയും ഗുണവും മേലേക്കിടയിലായിരിക്കണമെന്നു നിർബന്ധമുള്ളവർ പോലും ലാബുകൾ കൈയെത്തും ദൂരത്തിലില്ലാത്തതിനാൽ പലപ്പോഴും പരിശോധന വേണ്ടെന്നു വയ്ക്കുകയാണു ചെയ്യുന്നത്. ഹയർ സെക്കൻഡറി സ്കൂൾ ലാബുകൾ പരിശോധനാകേന്ദ്രങ്ങളായി മാറുമ്പോൾ എല്ലാവർക്കും അത് വലിയ സൗകര്യമാണ് പ്രദാനം ചെയ്യുക. ഗ്രാമവാസികൾക്കാകും അതുകൊണ്ട് ഏറെ പ്രയോജനം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിലാകും സ്കൂളുകളിലെ ജലപരിശോധനാ ലാബുകൾ. വിദ്യാഭ്യാസ വകുപ്പിന്റെ സഹായ സഹകരണവും ഉണ്ടാകും. അതതു ഹയർ സെക്കൻഡറി സ്കൂളുകളിലെ ശാസ്ത്രാദ്ധ്യാപകർക്കു ജലപരിശോധനയ്ക്ക് ആവശ്യമായ പരിശീലനം നൽകും. ലാബുകളിൽ ജലപരിശോധനയ്ക്കു വേണ്ട ഉപകരണങ്ങൾ സ്ഥാപിക്കാൻ എം.എൽ.എമാരുടെ ആസ്തിവികസന ഫണ്ടിൽ നിന്നുള്ള പണമാകും ഉപയോഗിക്കുക. കിണർ വെള്ളം മാത്രമല്ല മറ്റു ജലസ്രോതസുകളിൽ നിന്നുള്ള വെള്ളവും സ്കൂൾ ലാബുകളിൽ പരിശോധിക്കും.
തിരുവനന്തപുരം, പാലക്കാട്, കണ്ണൂർ എന്നീ ജില്ലകളിലാകും പദ്ധതി ആദ്യം നടപ്പാക്കുക. ഈ ജില്ലകളിലെ കുറച്ചു ഗ്രാമപഞ്ചായത്തുകളെ ഇതിനായി തിരഞ്ഞെടുത്തിട്ടുണ്ട്. മറ്റു ജില്ലകൾ രണ്ടാം ഘട്ടത്തിലാണ് ഉൾപ്പെടുത്തിയി രിക്കുന്നത്.
രൂക്ഷമായ മലിനീകരണ ഭീഷണി നേരിടുന്നവയാണ് സംസ്ഥാനത്തെ എല്ലാ ജലസ്രോതസുകളും. ശുദ്ധജല വാഹിനികളായിരുന്ന സകല പുഴകളും ഗുരുതരമായ നിലയിൽ മലിനമാക്കപ്പെട്ടുകഴിഞ്ഞു. അറവുമാലിന്യമുൾപ്പെടെയുള്ള മാലിന്യങ്ങൾ നദികളിലും പുഴകളിലും നീർച്ചാലുകളിലുമൊക്കെയാണ് ഇന്ന് എത്തുന്നത്. അനിയന്ത്രിതമായ മണൽവാരൽ കാരണം നദികളിലെ ജലനിരപ്പ് അടിക്കടി താഴ്ന്നുകൊണ്ടിരിക്കുകയാണ്. അതിനനുസരിച്ച് കിണറുകളിലെ ജലനിരപ്പും കുറയുന്നുണ്ട്. വേനൽക്കാലമായാൽ ഒട്ടുമിക്ക കിണറുകളും വറ്റിവരളാറുമുണ്ട്. ഗ്രാമങ്ങളിൽ ഭൂമി കുടുംബാംഗങ്ങൾക്കിടയിൽ പങ്കുവയ്ക്കുന്നതിനാൽ വീടുകളും കൂടിക്കൂടിവരികയാണ്. ഏറ്റവും കുറഞ്ഞ സ്ഥലത്ത് വീടുവച്ചു കഴിയുന്ന കുടുംബത്തിനും കിണർ കൂടിയേ കഴിയൂ. മലിനജലം എത്താത്ത അകലത്തിലാകണം കിണർ എന്ന മാനദണ്ഡം പാലിക്കാൻ പലപ്പോഴും കഴിയാറില്ല. ശുദ്ധമായ കുടിനീർ നൽകേണ്ടത് ഭരണകൂടത്തിന്റെ ചുമതലയാണെങ്കിലും എല്ലാ ഗ്രാമങ്ങളിലും പൈപ്പ് വഴി എത്തുന്ന ശുദ്ധജലത്തിനായി വർഷങ്ങൾ കാത്തിരിക്കേണ്ടിവരും. പൈപ്പ് വെള്ളത്തിന്റെ ശുദ്ധിയെക്കുറിച്ചുപോലും ഗുരുതരമായ സംശയങ്ങൾ ഉയരുന്ന കാലമാണിത്.
ഹരിതമിഷൻ തുടക്കം കുറിക്കുന്ന ജലപരിശോധനാ ലാബുകൾ പൂർണമായും പ്രയോജനപ്പെടുത്താൻ ജനങ്ങൾ മുന്നോട്ടുവരണം. ശുദ്ധമായ കുടിനീർ ഉറപ്പാക്കാനായാൽ ഒട്ടേറെ രോഗങ്ങൾ തടയാനാവും. ജലം വഴി പകരുന്ന സാംക്രമിക രോഗങ്ങൾ അധികവും ബാധിക്കാറുള്ളത് സമൂഹത്തിലെ താഴെ തട്ടിലുള്ളവരെയാണ്. ഉപയോഗിക്കുന്ന വെള്ളം മലിനമാകുന്നതാണ് അതിനു കാരണം. ലാബുകൾ നല്ല നിലയിൽ പ്രവർത്തിക്കുകയും ജനങ്ങൾ സഹകരിക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ജലപരിശോധനയുടെ ആവശ്യത്തെക്കുറിച്ച് ജനങ്ങൾക്കിടയിൽ ബോധവത്കരണവും ആവശ്യമാണ്. തദ്ദേശ സ്ഥാപനങ്ങളും സ്കൂൾ അധികൃതരും ജനപ്രതിനിധികളും കൂട്ടായി പ്രവർത്തിച്ചാലേ ഈ സംരംഭം വിജയകരമായി മുന്നോട്ടു കൊണ്ടുപോകാനാവൂ. ജനങ്ങളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട വിഷയമായതിനാൽ ജലപരിശോധനാ ലാബുകൾ സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും പ്രവർത്തിച്ചുതുടങ്ങാൻ ഏറെ സമയം എടുക്കരുത്. കടലാസ് പദ്ധതിയായി മാറുകയുമരുത്.