കാട്ടാക്കട: ടയറുകടയിൽ പട്ടാപ്പകൽ ഗുണ്ടാ ആക്രമണം നടത്തിയ സംഭവത്തിലെ പ്രതികളെ കാട്ടാക്കട പൊലീസ് അറസ്റ്റുചെയ്‌തു. കട്ടയ്ക്കോട് മുഴവൻകോട് ഷൈജു മന്ദിരത്തിൽ ഷൈജു (38),​ തൂങ്ങാംപാറ കാട്ടുവിള വിജയഭവനിൽ നന്ദു എന്ന അജിൻ കുമാർ (27),​ സഹോദരൻ വിജീഷ് (31) എന്നിവരാണ് പിടിയിലായത്. തിങ്കളാഴ്ച വൈകിട്ട് നാലോടെ കാട്ടാക്കട മാർക്കറ്റ് ജംഗ്ഷനിൽ ഗുരുമന്ദിരത്തിന് സമീപം എസ്.എസ് ടയേഴ്സിൽ ഉടമയും എസ്.എൻ.ഡി.പി യോഗം കാട്ടാക്കട ശാഖയുടെ രക്ഷാധികാരിയുമായ കാട്ടാക്കട പുന്നവിളാകത്തുവീട്ടിൽ സുശീലൻ പണിക്കർ (65), കുറ്റിച്ചൽ കാര്യോട് നാറാണത്ത് കിഴക്കുംകര പുത്തൻ വീട്ടിൽ അജിത് (35) എന്നിവരെയാണ് ഇവർ ക്രൂരമായി ആക്രമിച്ചത്. സംഭവ ശേഷം നാട്ടുകാരെ ഭീഷണിപ്പെടുത്തിയശേഷം സ്ഥലംവിട്ട സംഘം രാത്രിയിൽ പലയിടങ്ങളിൽ ഒളിവിൽ കഴിയുമ്പോഴാണ് പൊലീസിന്റെ പിടിയിലായത്. ബൈക്കിൽ രക്ഷപ്പെട്ട വിജീഷിനെ മാവുവിള വാട്ടർ ടാങ്കിന് സമീപത്തുനിന്നാണ് അറസ്റ്റുചെയ്‌തത്. സംഭവത്തിന് ശേഷം ഷൈജുവും അജിൻകുമാറും വിളപ്പിൽശാല ചെറുകോടുള്ള കടുമ്പൂപ്പാറയിൽ ഒളിവിൽ കഴിയുന്നതിനിടെ ഇന്നലെ വെളുപ്പിനെ പൊലീസ് പിടികൂടുകയായിരുന്നു. വിജീഷിന്റെ കൈയിൽ നിന്നും കഞ്ചാവ് കണ്ടെത്തി. പ്രതികൾ ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. അക്രമണത്തിന്റെ ദൃശ്യങ്ങൾ സമീപത്തെ കടകളിലെ സി.സി ടി.വി കാമറകളിൽ നിന്നും പൊലീസ് ശേഖരിച്ചു. തുടർന്ന് കാട്ടാക്കട പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയതോടെയാണ് കേസിലെ മൂന്ന് പ്രതികളും അറസ്റ്റിലായത്. കാട്ടാക്കട സി.ഐ ഡി. ബിജുകുമാർ, എസ്.ഐമാരായ ഗംഗാപ്രസാദ്, ശ്രീജിത് ജനാർദ്ദനൻ, ഹെൻഡേഴ്സൻ, എ.എസ്.ഐ സുരേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റുചെയ്‌തത്. പ്രതികളെ റിമാൻഡ് ചെയ്‌തു.

ആക്രമണത്തിന് പിന്നിൽ മുൻവൈരാഗ്യം

--------------------------------------------------------------------

ടയറുകടയിലെ ജീവനക്കാരനായ അജിത്തിനോടുള്ള മുൻ വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചത്. രണ്ട് വർഷം മുമ്പ് സൈജുവിന്റെ അനുജൻ ഇതേ കടയിലെത്തി ടയർ നന്നാക്കിയപ്പോഴുണ്ടായ വാക്കുതർക്കം കൈയാങ്കളിയിൽ കലാശിച്ചിരുന്നു. ഈ സംഭവത്തിൽ കോടതിയിൽ കേസ് നടക്കുകയാണ്. ഈ കേസ് പിൻവലിക്കാൻ സൈജു പലതവണ അജിത്തുമായി ബന്ധപ്പെട്ടെങ്കിലും അജിത്ത് വഴങ്ങാൻ തയ്യാറായില്ല. തുടർന്നുള്ള വൈരാഗ്യത്തിലാണ് മദ്യലഹരിയിലായ സംഘം ടയർ കടയിലെത്തി അജിത്തിനെ ആക്രമിച്ചതെന്ന് കാട്ടാക്കട പൊലീസ് അറിയിച്ചു. അക്രമികൾ അജിത്തിനെ ചുറ്റികകൊണ്ട് അടിക്കുന്നത് തടയാനെത്തിയ കടയുടമയേയും ഇവർ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.